ജമ്മു കശ്മീരിലെ ബസപകടം: മരിച്ചവരുടെ എണ്ണം 35 ആയി

Posted on: July 1, 2019 11:58 am | Last updated: July 1, 2019 at 4:24 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 35 ആയി. 17 പേര്‍ക്ക് പരുക്കേറ്റു. അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഇന്ന് രാവിലെ ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കിഷ്ത്വാര്‍ ജില്ലയിലെ കെഷ്വാന്‍ മേഖലയിലുള്ള സിര്‍ഗ്വാരിക്കു സമീപത്തായാണ് അപകടമുണ്ടായത്. യാത്രക്കാരെ കുത്തിനിറച്ച മിനി ബസ് അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. ജെ കെ 17/6787 രജിസ്ട്രേഷന്‍ നമ്പറിലുള്ള ബസാണ് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയില്‍ പതിച്ചത്.

ബസില്‍ അമിതമായി യാത്രക്കാരെ കയറ്റിയിരുന്നുവെന്നും അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചു വരികയാണെന്നും കിഷ്ത്വാര്‍ ഡെപ്യൂട്ടി കലക്ടര്‍ അംഗ്രേസ് സിംഗ് റാണ അറിയിച്ചു.