പുരാന്റെ സെഞ്ച്വറി പാഴായി; വിന്‍ഡീസിനെതിരെ ശ്രീലങ്കക്ക് 23 റണ്‍സ് ജയം

Posted on: July 1, 2019 11:35 pm | Last updated: July 2, 2019 at 2:01 pm

ഡേറം: ലോകകപ്പില്‍  ഇന്നും ആവേശകരമായൊരു മത്സരം. ശ്രീലങ്ക ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ വെസ്റ്റിന്‍ഡീസ് പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 315 റണ്‍സിന് വിന്‍ഡീസ് ബാറ്റിംഗ് അവസാനിക്കുകയായിരുന്നു.

നിക്കോളാസ് പുരാന്റെ സെഞ്ചുറി മികവിലാണ് വെസ്റ്റിന്‍ഡീസ്
വിജയലക്ഷ്യത്തിന്റെ തൊട്ടടുത്തെത്തിയത്. 4 സിക്‌സും 11 ഫോറുകളുമായി 103 പന്തില്‍ 118 റണ്‍സാണ് പുരാന്‍ നേടിയത്. 32 പന്തില്‍ 51 റണ്‍സുമായി അര്‍ധസെഞ്ചുറി നേടിയ നിക്കോളാഫാബിയന്‍ അലനും പുരാനും ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനം വിന്‍ഡീസ് നിരക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും ലക്ഷ്യം മറികടക്കാനായില്ല.

ലസിത് മലിങ്കയുടെ ബോളിംഗ് പ്രകടനം വിന്‍ഡീസിന് വെല്ലുവിളിയായി. വിന്‍ഡീസ് നിരയില്‍ 6 പേര്‍ക്ക് രണ്ടക്കം കടക്കാന്‍ പോലുമായില്ല. 55 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ മലിങ്ക വീഴ്ത്തി.

സുനില്‍ അംബ്രിസ് (ആറ് പന്തില്‍ അഞ്ച്), ഷായ് ഹോപ് (11 പന്തില്‍ അഞ്ച്), ക്രിസ് ഗെയില്‍ (48 പന്തില്‍ 35), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (38 പന്തില്‍ 29), ജെയ്‌സന്‍ ഹോള്‍ഡര്‍ (26 പന്തില്‍ 26), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (എട്ട്), ഓഷാന്‍ തോമസ് (6 പന്തില്‍ 1) എന്നിങ്ങനെയാണു പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങളുടെ സ്‌കോറുകള്‍. കോട്രെല്‍ (10 പന്തില്‍ 7*), ഗബ്രിയേല്‍ (7 പന്തില്‍ 3) പുറത്താകാതെ നിന്നു.

രണ്ട് സെഞ്ച്വറികള്‍ പിറന്ന മത്സരത്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ നേടിയ സെഞ്ച്വുറിയാണ് ഫലം കണ്ടത്. കളിയിലെ താരമായതും ഫെര്‍ണാണ്ടോ തന്നെയാണ്. ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ മൂന്നാം ജയമാണിത്.

അടിച്ച് തകര്‍ത്ത് ശ്രീലങ്ക

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ലഭിച്ച ശ്രീലങ്ക നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് വിന്‍ഡീസിന് മുന്നില്‍വച്ചത്.

വണ്‍ഡൗണില്‍ ഇറങ്ങിയ അവിഷ്‌ക ഫെര്‍ണാണ്ടോ നേടിയ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 103 പന്തില്‍ 104 റണ്‍സെടുത്ത പെരേരയെ കോട്രെല്ലാണ് പുറത്താക്കിയത്. 2 സിക്‌സും 9 ഫോറും അടങ്ങുന്നതാണ് ഫെര്‍ണാണ്ടോയുടെ ഇന്നിംഗ്‌സ്. ലോകകപ്പില്‍ ശ്രീലങ്കക്കായി ആദ്യ സെഞ്ച്വറി നേടി ദേശീയ ടീമിന്റെ പ്രതീക്ഷയായിരിക്കുകയാണ് ഫെര്‍ണാണ്ടസ്.

നായകന്‍ കരുണ രത്‌നെയും കുസാല്‍ പെരേരയും മികച്ച തുടക്കമാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സിന് നല്‍കിയത്. 93 റണ്‍സിന്റെ കൂട്ടുകട്ടില്‍ കരുണരത്‌നെ 32 ഉം പെരേര 64 ഉം റണ്‍സെടുത്തു. 41 പന്തില്‍ 39 റണ്‍സെടുത്ത് മെന്‍ഡിസും 33 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിരിമന്നെയുമാണ് ലങ്കന്‍ കുതിപ്പിന് വേഗം കൂട്ടിയത്.

വിന്‍ഡീസിനു വേണ്ടി ഹോള്‍ഡര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. കോട്രല്‍, ഓഷാനെ തോമസ്, ഫാബിയന്‍ അലന്‍ എന്നീവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.