ഇന്ത്യയില്‍ നിപക്ക് കാരണമായേക്കാവുന്ന നാലിനം വവ്വാലുകള്‍; രണ്ടിനം കേരളത്തിലെന്ന് പഠന റിപ്പോര്‍ട്ട്

Posted on: July 1, 2019 10:39 am | Last updated: July 1, 2019 at 12:17 pm

ന്യുഡല്‍ഹി: നിപ വൈറസിന് കാരണമായേക്കാവുന്ന ആറിനം വൈറസുകളെ തിരിച്ചറിഞ്ഞു. ഇതില്‍ നാലിനം വൈറസുകള്‍ ഇന്ത്യയില്‍ ഉള്ളതായി തങ്ങള്‍ നടത്തിയ പഠനത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞതായി പി എല്‍ ഒ എസ് റിസര്‍ച്ച് ജേര്‍ണല്‍ അറിയിച്ചു. ആരോഗ്യ ചികിത്സാ രംഗത്തെ ടെക്‌നോളജികളെക്കുറിച്ചുള്ള പ്രസിദ്ധീകരണമാണ് പി എല്‍ ഒ എസ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് തങ്ങള്‍ പഠനം നടത്തിയത്. കൂടുതല്‍ വവ്വാലുകളില്‍ രാജ്യത്ത് നിപ വൈറസ് സാന്നിധ്യമുണ്ടാകാം. എന്നാല്‍ തങ്ങള്‍ നടത്തിയ പഠനത്തില്‍ നാലിനം വവ്വാലുകളില്‍ ഇത് ബോധ്യപ്പെട്ടു. ഇതില്‍ രണ്ടിനം വവ്വാലുകള്‍ കേരളത്തില്‍ കാണപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ നിപ വൈറസ് ബാധക്ക് പിന്നാലെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി തങ്ങള്‍ പഠനം നടത്തിയതെന്നും പി എല്‍ ഒ എസ് റിസര്‍ച്ച ജേര്‍ണല്‍ പറയുന്നു.

എട്ട് സ്വഭാവ സവിശേഷങ്ങളോടുകൂടിയ 523 വവ്വാല്‍ വര്‍ഗങ്ങളിലായിരുന്നു പഠനം. ഇന്ത്യയിലെ കണക്കനുസരിച്ച് 113 വവ്വാലിനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 31 ഇനങ്ങളെ മാത്രമാണ് വൈറസ് സാന്നിധ്യമറിയാന്‍ പരിശോധിച്ചത്. പരിശോധിച്ചവയില്‍ 11 എണ്ണത്തില്‍ രോഗപ്രതിരോധത്തിനുള്ള ‘ആന്റിബോഡി’യുടെ സാന്നിധ്യം ഉണ്ടെന്നും പി എല്‍ ഒ എസ് അറിയിച്ചു.