‘അമ്മ’യുടെ നിയമാവലി ഭേദഗതി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം;രാജിവെച്ചവര്‍ക്ക് തിരിച്ച് വരാം: മോഹന്‍ലാല്‍

Posted on: June 30, 2019 6:54 pm | Last updated: June 30, 2019 at 10:03 pm

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണഘടനയുടെ നിയമാവലി ഭേദഗതി ചെയ്യുന്നത് തല്‍ക്കാലം മാറ്റിവച്ചു. ഭേദഗതികളില്‍ മാറ്റം വരുത്തുന്നത് എല്ലാ അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. കൊച്ചിയില്‍ ഇന്നുചേര്‍ന്ന ജനറല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാനായില്ല. കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ട്. ആരും എതിര്‍പ്പുകള്‍ പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ പറഞ്ഞിട്ടുണ്ട്

പാര്‍വതി തിരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ അവര്‍ക്കും തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.ആക്രമിക്കപ്പെട്ട നടി സ്വമേധയാ സംഘടന വിട്ടതാണ്. സിനിമകളിലേക്ക് വിളിച്ചിട്ട് അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞത്. അവര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നും മോഹന്‍ലാന്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. താരസംഘടനയായ ‘അമ്മ’ ഭരണഘടനാ ഭേദഗതിയില്‍ അടക്കം ഡബ്ല്യുസിസി നിര്‍ദേശങ്ങള്‍ ജനറല്‍ ബോഡിയില്‍ അറിയിച്ചിരുന്നു. എതിര്‍പ്പുളള വിഷയങ്ങളില്‍ ഡബ്ല്യുസിസിയുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കി. രേവതിയും പാര്‍വതി തിരുവോത്തുമാണ് ഡബ്ല്യുസിസിയില്‍ നിന്ന് പങ്കെടുത്തത്.