വിയ്യൂർ ജയിലിൽ കഞ്ചാവും മദ്യവും ഇനി നായ പിടിക്കും

    Posted on: June 30, 2019 4:57 pm | Last updated: June 30, 2019 at 4:57 pm


    തൃശൂർ: അടുത്തിടെ കഞ്ചാവും മൊബൈൽ ഫോണുകളും മാരകായുധങ്ങളും വരെ പിടികൂടിയ വിയ്യൂർ സെൻട്രൽ ജയിലിൽ ഇനി ഡോഗ് സ്‌ക്വാഡും. ജയിലിൽ എത്തുന്ന കഞ്ചാവും മദ്യവും മണത്ത് പിടിക്കാനാണ് കഴിഞ്ഞ ദിവസം മുതൽ ജയിലിൽ ഡോഗ് സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയത്.

    പ്രത്യേക പരിശീലനം ലഭിച്ച ആറ് നായകളെയാണ് വിയ്യൂർ ജയിൽ വളപ്പിൽ പരിശോധനക്കായി നിയോഗിച്ചിട്ടുള്ളത്. ജയിൽ വളപ്പിൽ കൃത്യമായ ഇടവേളകളിൽ നായകളെ ഉപയോഗിച്ച് പരിശോധന നടത്തും.

    സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് നടത്തിയ റെയ്ഡിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയിൽ നിന്നുൾപ്പെടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ജയിലിനുള്ളിൽ മൊബൈൽ ഫോണുകൾ കണ്ടെത്താൻ ദിവസവും പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ആറ് ഫോണും അഞ്ച് ബാറ്ററിയും പിടിച്ചെടുത്തിരുന്നു.
    ഇതിന് പിന്നാലെയാണ് ജയിൽ ഡി ജി പി ഋഷിരാജ്‌സംഗിന്റെ നിർദേശ പ്രകാരം ഡോഗ് സ്‌ക്വാഡും ജയിലിലെത്തിയത്.