തിരൂരങ്ങാടിയിലെ പ്രകാശഗോപുരം

അനുസ്മരണം
Posted on: June 30, 2019 4:43 pm | Last updated: June 30, 2019 at 4:43 pm

പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകരുടെ നിർദ്ദേശ പ്രകാരം അനുചരന്മാർ നേരിട്ട് വന്ന് പ്രബോധനം നടത്തിയ നാടാണ് മലബാർ. മലബാറിന്റെ ഇസ്‌ലാമിക ചരിത്രത്തിൽ ഒഴിച്ചു നിർത്താനാവാത്ത പ്രദേശമാണ് തിരൂരങ്ങാടി. ആത്മീയ വൈജ്ഞാനിക സേവന രംഗത്ത് ആവേശകരമായ വിപ്ലവങ്ങൾക്ക് സാക്ഷിയായ തിരൂരങ്ങാടിയെ ചരിത്രം മലബാറിന്റെ മദീന എന്ന് വിശേഷിപ്പിക്കുന്നു. തിരുനബി (സ) യുടെ ഹുബ്ബു കൊണ്ട് വിശുദ്ധി വരിച്ച മഹാനായ മാദിഹുർറസൂൽ ബാപ്പു ഉസ്താദിന്റെ ജീവിതം കൂടി ചേർത്ത് വായിക്കുമ്പോഴാണ് ആ വിശേഷണത്തിന് മാറ്റ് കുടുന്നത്.

മലബാറിന്റെ മദീനയിൽ ബിദ്അത്തിന്റെ വൈറസുകൾ പരത്താൻ ചില പണ്ഡിത വേഷധാരികൾ രംഗപ്രവേശനം ചെയ്തപ്പോൾ അവിടെ അഹ്‌ലുസ്സുന്നയുടെ അടിത്തറക്ക് ഉഹ്ദ് പർവ്വതത്തെക്കാൾ കരുത്ത് പകർന്ന് പണ്ഡിത ദൗത്യനിർവഹണത്തിന് ‘ഹിദായത്തുസ്വിബ്‌യാൻ’ എന്ന വൈജ്ഞാനിക വിപ്ലവ പ്രസ്ഥാനത്തിന് ശിലപാകിയ ഹാജി മുസക്കുട്ടി മുസ്‌ലിയാരെ തിരൂരങ്ങാടിക്ക് മറക്കാനാകില്ല. ഹിജ്‌റ 1382 സ്വഫർ 17 തിങ്കളാഴ്ച തിരൂരങ്ങാടി മേലകത്ത് തറവാട്ടിൽ നിന്ന് ആ വ്യക്തി പ്രഭ വിടചൊല്ലുമ്പോൾ പ്രാണവായു പോലെ തങ്ങൾ കാത്തു സുക്ഷിച്ച മലബാറിന്റെ മദീനക്ക് ഇരുൾ വഴികളിൽ പ്രകാശം പരത്താൻ ഒരു വിളക്കുമാടത്തെ കൂടി സമ്മാനിച്ചിരിന്നു. ആ വിളക്കായിരുന്നു ബാപ്പു ഉസ്താദ്. പണ്ഡിത പാമരഭേദമന്യേ അതൊരു അഭയ കേന്ദ്രമായി മാറിയത് യാദൃച്ഛികമായിരുന്നില്ല.

പ്രമുഖ പണ്ഡിതവര്യരായിരുന്ന അബ്ദുർറഹ്മാൻ മുസ്‌ലിയാരാണ് ബാപ്പു ഉസ്താദിന്റെ പിതാവ്.

അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ പുത്രി ഫാത്വിമ ബീവിയാണ് മാതാവ്.
ചെറുപ്പത്തിൽ തന്നെ പിതൃവിയോഗത്തിന്റെ കയ്പു നീരനുഭവിക്കേണ്ടി വന്ന മുഹമ്മദ് എന്ന സമർഥനും ബുദ്ധിശാലിയുമായ സഹോദരി പുത്രനെ പിതൃതുല്യമായ വാത്സല്യവും ശരിയായ തർബിയത്തും നൽകി മലബാറിന്റെ മദീനയിലെ വിളക്കുമാടമായി ഉയർത്തിക്കൊണ്ടുവന്നത് മൂസാൻ കുട്ടി മുസ്‌ലിയാർ അടക്കമുള്ള അമ്മാവന്മാരായിരുന്നു. ചെറുപ്പത്തിൽ തന്റെ ഒരു ഉസ്താദ് അമിതമായി അവധിയെടുക്കുന്നത് പഠനത്തിന് ബുദ്ധിമുട്ടായ സന്ദർഭത്തിൽ അതുണർത്തിക്കൊണ്ട് ബാപ്പു ഉസ്താദ് രണ്ടു വരി കവിതയുണ്ടാക്കി ചുവരിൽ കുറിച്ചിട്ടത്രെ. ഇതറിഞ്ഞ മുസാൻ കുട്ടി മുസ്‌ലിയാർ ശകാരിച്ച് അദബ് പഠിപ്പിച്ചു കൊടുത്ത സംഭവം ബാപ്പു ഉസ്താദ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്.

ഉസ്താദിനെ ഉസ്താദാക്കി തീർക്കുന്ന നിമിഷ നേരം കൊണ്ട് കവിതകൾ നിർമിക്കാനുള്ള അവിടുത്തെ സിദ്ധിയും പാരമ്പര്യമാണ്. അബ്ദൂർറഹ്മാൻ ശൈഖിന്റെ പുത്രൻ കുഞ്ഞുട്ടി മുസ്‌ലിയാരും മറ്റൊരു പുത്രനായ മുഹമ്മദ് മുസ്‌ലിയാരുടെ മകൻ അഹമ്മദ് കുട്ടി എന്ന ആറ്റ മുസ്‌ലിയാരുമൊക്കെ നിമിഷ കവികളായിരുന്നു. ആ ചന്ദനച്ചുവടുകളിൽ ചന്ദനമെല്ലാത്ത മറ്റെന്തിനാണ് കുരുക്കാൻ സാധിക്കുക. അനേകം മുഖമ്മസുകൾ, മദ്ഹുകൾ, മർസിയത്തുകൾ, സ്വാഗത ഗാനങ്ങൾ, മുദ്രാവാക്യങ്ങൾ ഉസ്താദ് രചിച്ചിട്ടുണ്ട്. താൻ രചിക്കുന്ന കവിതകൾ തന്റെ പേരിൽ പ്രശസ്തി നേടുക എന്ന ഉദ്ദേശം ഉസ്താദിനില്ലായിരുന്നു. അതിനുള്ള തെളിവുകളാണ് അബുസുഹ്‌റാ ഖാദിമു ത്വലബ, അബുൽ ഫള്ൽ തുടങ്ങിയ ഉസ്താദിന്റെ തൂലികാ നാമങ്ങൾ. എത്രയോ അനുമോദനങ്ങൾ തേടിവന്നിട്ടും അവയെ മുഴുവനും സ്‌നേഹ പൂർവം അവഗണിച്ച ചരിത്രമേ ഉസ്താദിനുള്ളൂ. പിന്നെ ഏറ്റുവാങ്ങിയതൊക്കെയും ബഹുമാനപ്പെട്ട താജുൽ ഉലമയും ഖമറുൽ ഉലമയുമൊക്കെ കൊടുക്കുന്നു എന്നതു കൊണ്ട് അവരോടുള്ള ബഹുമാനം കൊണ്ട് മാത്രമായിരുന്നു. കാരണം ആ കവിതകളൊന്നും ഒരു അറബി ഭാഷാ പണ്ഡിതന്റെ കേവലം കഴിവ് തെളിയിക്കലുകളായിരുന്നില്ല. മറിച്ച് സിരകളിലൂടെ ഒഴുകുന്ന സൂഫീ പാരമ്പര്യമുള്ള രക്തവും താൻ നേടിയെടുത്ത ഇൽമും വളർന്നു വന്ന ആത്മീയാന്തരീക്ഷവും എല്ലാറ്റിനുമുപരി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ടും ഉസ്താദിൽ നിറഞ്ഞുനിന്ന മുത്തുനബിയോടുള്ള അടങ്ങാത്ത മഹബ്ബത്തിന്റെ പൊട്ടിപ്പുറപ്പെടലുകളായിരുന്നു.

ഇതെല്ലാം തിരുനബിക്ക് സമർപ്പിച്ച് മുത്തുനബിയുടെ കൈപിടിച്ച് രക്ഷപ്പെടുക എന്നതിലപ്പുറം ബാപ്പു ഉസ്താദിന്റെ ഹൃദയത്തെ മറ്റൊന്നും കീഴടക്കിയിരുന്നില്ല എന്നതിന്റെ തെളിവുകളാണ് ഇന്നും നൂറുകണക്കിനാളുകൾ ചൊല്ലുന്ന ബദ്‌രിയ്യത്ത്, അഷ്‌റഖ ശംസുഹുദൻ യാമൽജഉ അടക്കമുള്ള മദ്ഹുബൈത്തുകൾ.
ശൈഖുനാ കുണ്ടൂർ ഉസ്താദുമായി ബാപ്പു ഉസ്താദിനുള്ള ബന്ധം പറയാതെ ഉസ്താദിന്റെ ചരിത്രം പൂർണമാകില്ല. ബാപ്പു ഉസ്താദിന്റെ പല രചനകളും കുണ്ടൂർ ഉസ്താദിന്റെ ആവശ്യപ്രകാരവും പ്രേരണ കൊണ്ടുമാണ്. രണ്ട് പേരും മുത്തുനബിയുടെ മുഹിബ്ബുകളാണ്. കുണ്ടൂർ ഉസ്താദിന്റെയും ബാപ്പു ഉസ്താദിന്റെയും സ്‌നേഹവും സൗഹാർദവും അവർ അവരുടെ മക്കളിലേക്ക് കൂടി പകർന്ന് കൊടുത്തിട്ടാണ് വിട ചൊല്ലിയത്. ഉപ്പമാരുടെ മാതൃക പിൻപറ്റി മക്കൾ ഇന്നും ആ സൗഹൃദം നിലനിർത്തിപ്പോരുന്നു. 2014 ആഗസ്റ്റ് 21 (ശവ്വാൽ 24)ന് അവിടുന്ന് കോർത്തുവെച്ച മഹബ്ബത്തുകളുമായി മുത്തുനബിയിലേക്ക് ചെന്നുചേരാൻ നമ്മോട് യാത്ര ചോദിച്ചു. സ്വഗൃഹത്തിന്റെ ചാരത്ത് ശാദുലി മസ്ജദിനോട് ചേർന്നാണ് അവിടുത്തെ മഖ്ബറ. അല്ലാഹു ദറജ ഏറ്റിക്കൊടുക്കുമാറാകട്ടെ.