Connect with us

Education

വരുന്നു; എൻജിനീയറിംഗ് മേഖലയിലും സ്‌പെഷ്യലൈസേഷൻ

Published

|

Last Updated

കൊച്ചി: മെഡിക്കൽ രംഗത്തെന്ന പോലെ എൻജിനീയറിംഗ് മേഖലയിലും സ്‌പെഷ്യലൈസേഷൻ കൊണ്ടുവരാൻ സർക്കാർ നീക്കം. മെഡിക്കൽ മേഖലയിൽ എല്ലാ ചികിത്സകൾക്കും സ്‌പെഷ്യലൈസ്ഡ് ആയ ആളുകളാണുള്ളതെന്നും അത്തരത്തിൽ എൻജിനീയറിംഗ് മേഖലയിലും കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു. കൊച്ചിയിൽ അസാപിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മെഡിക്കൽ രംഗത്ത് ഓരോ അവയവങ്ങൾക്കും സ്‌പെഷ്യലൈസേഷൻ വരുന്ന കാലം അകലെയല്ല. കാലത്തിനനുസൃതമായ മാറ്റം എല്ലാ മേഖലയിലും വരണം. അതിനാൽ എല്ലാ എൻജിനീയർമാർക്കും തങ്ങളുടെ കഴിവ് പ്രാക്ടിക്കൽ ആയി തെളിയിക്കാൻ കഴിയണം. ഈ കാലഘട്ടത്തിൽ സർട്ടിഫിക്കറ്റിന് ഹാൾ ടിക്കറ്റിന്റെ മാത്രം വിലയാണുള്ളത്. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടണമെങ്കിൽ കഴിവ് തെളിയിക്കപ്പെടണം. ഇതിനായി എൻജിനീയറിംഗ് വിദ്യാർഥികൾക്കും ഇന്റേൺഷിപ്പ് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.

ആധുനിക യന്ത്രങ്ങളോ വ്യവസായ മേഖലയിലെ മാറ്റങ്ങളോ പരിചയമില്ലാതെയാണ് വിദ്യാർഥികൾ പുറത്തിറങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് കോളജിൽ വാങ്ങി വെച്ച സംവിധാനങ്ങളിലാണ് ഇവർ പഠനം പൂർത്തിയാക്കുന്നത്. അതുകൊണ്ടു തന്നെ മേഖലയിലെ ഏറ്റവും മികച്ച സംവിധാനങ്ങളുമായി ഇടപഴകാൻ കുട്ടികൾക്ക് സാധിക്കാറില്ല. മികച്ച വിദ്യാർഥികളെ ഇവിടെ കാണാൻ കഴിയുന്നില്ല. വേണ്ടത്ര പരിശീലനം ലഭിക്കാത്തതാണ് പ്രധാന കാരണം. അത് ലഭിച്ചു കഴിഞ്ഞാൽ ഈ ന്യൂനതക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റേൺഷിപ്പിന് പ്രാധാന്യം നൽകി സാങ്കേതിക വിദ്യാഭ്യാസ മേഖല വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്തെ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു.