പ്രവാസി വ്യവസായിയുടേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: June 29, 2019 9:04 pm | Last updated: June 30, 2019 at 9:21 am

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തില്‍ ദുരൂഹതയുള്ളതായി ഒന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ 18ന് ആത്മഹത്യ ചെയ്ത സാജന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നാണ് പോലീസിന് ലഭിച്ചത്. അതിനിടെ അന്വേഷണ സംഘം ഇന്ന് സാജന്റെ മക്കളുടെ മൊഴിയെടുത്തു. കുടുംബ പ്രശ്‌നങ്ങള്‍ ആത്മഹത്യക്ക് കാരണാമായോ എന്നറിയുന്നതിന് വേണ്ടിയാണിത്. കൂടുതല്‍ പേരുടെ മൊഴി വരും ദിവസങ്ങളിലെടുക്കും.

ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) കഴിഞ്ഞ 18നാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.