പശുക്കടത്ത് ആരോപിച്ച് സംഘ്പരിവാറുകാര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാനെതിരെ കുറ്റപത്രം

Posted on: June 29, 2019 12:34 pm | Last updated: June 29, 2019 at 3:10 pm

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് രണ്ടു വര്‍ഷം മുമ്പ് സംഘ്പരിവാറുകാര്‍ തല്ലിക്കൊന്ന ക്ഷീര കര്‍ഷകന്‍ പെഹ്‌ലു ഖാനെതിരെ പോലീസ് കുറ്റപത്രം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് കൊല്ലപ്പെട്ടയാള്‍ക്കെതിരെ ഗോമോഷണത്തിന് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. പെഹ്‌ലു ഖാന്റെ രണ്ടു മക്കള്‍ക്കും പശുക്കടത്തിന് ഉപയോഗിച്ചുവെന്ന് പറയുന്ന പിക്കപ്പ് ട്രക്കിന്റെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2017 ഏപ്രില്‍ ഒന്നിനാണ് ബെഹ്‌റോറില്‍ വച്ച് പെഹ്‌ലു ഖാനെ തല്ലിക്കൊന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് കുറ്റപത്രം തയാറാക്കിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇത്. മെയ് 29ന് ബെഹ്‌റോറിലെ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.