Connect with us

Ongoing News

പ്രിയപ്പെട്ട രാഹുല്‍, ഇത് പിന്മടക്കത്തിന്റെ നേരമല്ല

Published

|

Last Updated

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി എം പിമാരുടെ യോഗത്തിലും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരിക്കുന്നു. തീര്‍ച്ചയായും ആ തീരുമാനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈയക്തികമായ തിരഞ്ഞെടുപ്പാണ്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതിരിക്കാനും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. എങ്കിലും പറയട്ടെ; രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനത്തിലാണ് രാഹുല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരുപക്ഷേ, തിരുത്താന്‍ ഒരവസരം ലഭിക്കാനിടയില്ലാത്ത അത്രയും അബദ്ധജഡിലമായ തീരുമാനമാണ് ഇതെന്ന് നിസ്സംശയം പറയാന്‍ കഴിയും. എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്നതിനു മുമ്പ് അല്‍പം കോണ്‍ഗ്രസ് ചരിത്രമാകാം.

ഗാന്ധിയന്‍ കാലം

അലന്‍ ഒക്ടോവിയോ ഹ്യൂം എന്ന ഇംഗ്ലീഷുകാരനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നത്. ഒരു സാമൂഹിക, സാംസ്‌കാരിക സംഘടനയായാണ് കോണ്‍ഗ്രസിനെ ഹ്യൂം വിഭാവന ചെയ്തത്. അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയാകണമെന്ന് നിര്‍ദേശിക്കുന്നത് അന്നത്തെ ഇന്ത്യന്‍ വൈസ്രോയി ആയിരുന്ന ഡഫറിന്‍ പ്രഭുവാണ്. ഒരു വരേണ്യ പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് ജനകീയ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറുന്നത് ഗാന്ധിജിയുടെ വരവോടെയാണ്.

ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രമേയങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഉള്ളടക്കമാക്കി മാറ്റാന്‍ ഗാന്ധിജിക്ക് സാധിച്ചു. ഉപ്പും ഉടുപ്പും ഗാന്ധിജി കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ആയുധമാക്കി. അഹിംസയും സത്യഗ്രഹവും സമരമുഖത്തെ വേറിട്ട വഴികളായി. ഭരണകൂടത്തിന് മുകളില്‍ അദ്ദേഹം ജനത്തെ പ്രതിഷ്ഠിച്ചു. താന്‍ ഈ രാജ്യത്തെ ഗവര്‍ണര്‍ ജനറലാണെന്ന് ഓര്‍മിപ്പിച്ച മൗണ്ട് ബാറ്റനോട് രാജ്യം ജനങ്ങളുടെതാണെന്ന് തിരിച്ചടിക്കാന്‍ അരനിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല മഹാത്മാവിന്. അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടി ചെയ്ത ത്യാഗങ്ങളുടെയെല്ലാം ഗുണം ലഭിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. നഗരകേന്ദ്രിതമായൊരു ചെറു കൂട്ടായ്മക്ക് ഇന്ത്യ മുഴുവന്‍ വേരും ആളുമുണ്ടാകുന്നു ഗാന്ധിജിയുടെ കാലത്ത്. അതോടെ അതൊരു ബഹുജന പ്രസ്ഥാനമായി മാറുന്നു. ഗാന്ധി ചെല്ലുന്നിടത്തെല്ലാം ആള്‍ക്കൂട്ടം അദ്ദേഹത്തെ പൊതിയുന്നു. ഗാന്ധിജിയുടെ പ്രാര്‍ഥനാ സദസ്സിലേക്ക് വിവിധ മതവിശ്വാസികള്‍ ഒരുമിച്ചെത്തുന്നു. വര്‍ഗീയ കലാപങ്ങള്‍ ശമിപ്പിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങി. വൈരത്തിന്റെ മുറിവുകളില്‍ അദ്ദേഹം സ്‌നേഹത്തിന്റെ ലേപനം പുരട്ടി. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരെക്കുറിച്ച് അദ്ദേഹം ആലോചിച്ചു. അവസാനത്തെ മനുഷ്യനും നീതി ലഭിക്കണമെന്ന് ആഗ്രഹിച്ചു.

ജാതിയെ ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചു കൊണ്ട് തന്നെ ജാതി വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. നവോത്ഥാന പ്രസ്ഥാനങ്ങളുമായി അദ്ദേഹം സംവദിച്ചു. തന്നെ രൂക്ഷമായി വിമര്‍ശിച്ചവരെ പോലും ഉള്‍ക്കൊള്ളുന്ന വിശാലമായ ജനാധിപത്യ ബോധം അദ്ദേഹം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്റെയും തന്റെയും വിമര്‍ശകനായിരുന്ന അംബേദ്കര്‍ പ്രഥമ സര്‍ക്കാറില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിച്ചത് മഹാത്മാ ഗാന്ധി തന്നെ. നമ്മള്‍ രൂപവത്കരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാറല്ല, ജനങ്ങളുടെ സര്‍ക്കാറാണെന്ന് അതിനു ന്യായമായി നെഹ്‌റുവിനെയും പട്ടേലിനെയും ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട് ഗാന്ധി. സ്‌നേഹത്തിന്റെ, കീഴാളാഭിമുഖ്യത്തിന്റെ, മനുഷ്യപ്പറ്റിന്റെ, ജനാധിപത്യത്തിന്റെ ഈ മൂല്യങ്ങളെല്ലാം ചേര്‍ന്നതാണ് ഗാന്ധിക്കാലത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. അധികാരമില്ലാത്ത കോണ്‍ഗ്രസിന്റെ ശോഭനമായ കാലം എന്ന് വിശേഷിപ്പിക്കാവുന്ന ഘട്ടമാണിത്.

നെഹ്റുവിയന്‍ രാഷ്ട്രം

ഗാന്ധിജിയുടെ ആത്മീയ, രാഷ്ട്രീയ മൂല്യങ്ങളോട് ഒട്ടിനിന്നയാളല്ല നെഹ്റു. ഗാന്ധിജിയുടെ മതബോധത്തിലോ ദൈവ വിചാരത്തിലോ അദ്ദേഹം പങ്കുപറ്റിയില്ല. മഹാത്മാവിന്റെ സ്വദേശിവാദത്തിലും ലാളിത്യത്തിലും നെഹ്റു തത്പരനായിരുന്നില്ല. എങ്കിലും രാഷ്ട്രത്തെ കുറിച്ചും രാഷ്ട്ര മൂല്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് ഉറച്ച ബോധ്യങ്ങളുണ്ടായിരുന്നു. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കവുമായിരുന്നില്ല. ബഹുമത സമൂഹങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന, ഒരു മതേതര രാജ്യത്ത് ഭരണവും ഭരണകൂടവും എങ്ങനെ ആയിരിക്കണമെന്നതില്‍ ഒരു ഘട്ടത്തിലും അദ്ദേഹം സന്ദേഹി ആയിരുന്നില്ല. പ്രധാനമന്ത്രി പദവിയിലിരുന്നു കൊണ്ട് തന്നെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അധ്യക്ഷനാകാന്‍ മാത്രം ധിഷണാശാലി ആയിരുന്നു ജവഹര്‍ലാല്‍ നെഹ്റു. മറ്റൊരാളായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ സുശക്തമായ ഒരു രാഷ്ട്രമായി മാറാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നോ എന്നത് സംശയമാണ്. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ആത്മാവ് ചോര്‍ന്നു പോകാത്ത ഒരിന്ത്യയെ സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന്റെ ഭരണ നേതൃത്വത്തിനു സാധിച്ചു.

പില്‍ക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റം ദുഷ്‌പേരുണ്ടാക്കിയത് അഴിമതിയാണ്. കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ഒന്നാം മോദി സര്‍ക്കാറിന് വഴിയൊരുക്കിയത് പോലും മന്‍മോഹന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ നടത്തിയ അഴിമതി ആയിരുന്നല്ലോ. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ നെഹ്റുവിനായി. പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന പ്രതാപ്സിംഗ് കൈറോണിനെതിരെ അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ സുപ്രീം കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ടന്വേഷിപ്പിച്ചു. സാധാരണ സാഹചര്യത്തില്‍ വിട്ടുകളയാമായിരുന്ന, വലിയ ഗൗരവമില്ലാത്ത ചില ആരോപണങ്ങള്‍ അന്വേഷണക്കമ്മീഷന്‍ ശരിവെച്ചതോടെ കൈറോണിനെ കൊണ്ട് രാജിവെപ്പിച്ചു നെഹ്റു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പഞ്ചാബില്‍ ക്ഷീണമുണ്ടാക്കുമെന്നറിഞ്ഞുകൊണ്ട് തന്നെയാണ് നെഹ്റു ആ തീരുമാനമെടുത്തത്. പ്രതാപ് സിംഗ് കൈറോണ്‍ മികച്ച ജനസ്വാധീനമുള്ള നേതാവായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അതൊന്നും അഴിമതിക്കെതിരെ നിലപാടെടുക്കുന്നതില്‍ നിന്ന്, കൈറോണിനെ രാജിവെപ്പിക്കുന്നതില്‍ നിന്ന് നെഹ്റുവിനെ പിന്തിരിപ്പിച്ചില്ല.

അധികാരകക്ഷി എന്ന നിലക്ക് കോണ്‍ഗ്രസിന്റെ സുവര്‍ണ കാലം നെഹ്റുവില്‍ തുടങ്ങി നെഹ്റുവില്‍ തന്നെ അവസാനിച്ചതാണ് ചരിത്രം. ആ സുവര്‍ണ കാലത്തെ നിര്‍ണയിച്ചതാകട്ടെ, ഭരണാധികാരി എന്ന നിലക്കും കോണ്‍ഗ്രസിലെ സുപ്രീം പവര്‍ എന്ന നിലക്കും നെഹ്റു കാട്ടിയ ഇച്ഛാശക്തിയാണ്. അഴിമതിക്കാര്യത്തില്‍ പരിമിതപ്പെടുന്നതല്ല ആ ഇച്ഛാശക്തി. വര്‍ഗീയതക്കെതിരായ നിലപാടിലും അത് പ്രകടമാകുന്നുണ്ട്. അതുകൊണ്ടാണ് ആര്‍ എസ് എസിനെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചത്. ബാബരി മസ്ജിദില്‍ സ്വയം ഭൂവായി എന്ന് സംഘ്പരിവാരം പ്രചരിപ്പിച്ച വിഗ്രഹം സരയുവിലൊഴുക്കൂ എന്ന് പറയുന്നതിലും വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം കാണാം. അമിത്ഷാക്കും സംഘ്പരിവാരത്തിനും നെഹ്റു വെറുക്കപ്പെട്ടവനാകുന്നത്, വെറുതെയല്ല. ആര്‍ എസ് എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ ഇത്രയും ധൈഷണിക ധീരത കാട്ടിയ മറ്റൊരു ഭരണാധികാരിയില്ല. അതുകൊണ്ട് നെഹ്റുവിനെ അനവസരത്തില്‍ പോലും അവര്‍ കൊട്ടിക്കൊണ്ടിരിക്കും.!

ഇന്ദിരാ രാജ്

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ആഭ്യന്തരമായി ക്ഷയിച്ചു തുടങ്ങുന്നു. ഇന്ദിര നെഹ്റുവിന്റെ മകളായിരുന്നു; രാഷ്ട്രീയത്തിലോ ഭരണത്തിലോ ആ പക്വത കാണിക്കാന്‍ പക്ഷേ ഇന്ദിരക്ക് സാധിച്ചില്ല. പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നുമുള്ള വിമര്‍ശങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ പിളര്‍പ്പിലേക്ക് ചെന്നെത്തിയ ആഭ്യന്തര അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു. പാര്‍ട്ടിയിലും ഭരണത്തിലും ഏകഛത്രാധിപത്യം സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചു. ഒരു പരിധിവരേക്കും അതിലവര്‍ വിജയം കണ്ടു. ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് സ്തുതിപാഠകര്‍ കൊട്ടിപ്പാടി. അധികാരത്തോടുള്ള ആര്‍ത്തി അവരെ മറ്റൊരാളാക്കിത്തീര്‍ത്തു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത പാടായി മാറിയ അടിയന്തരാവസ്ഥ അതിന്റെ തെളിവായിരുന്നു. നെഹ്റുവിന്റെ മകള്‍ എന്ന രാഷ്ട്രീയ മേല്‍വിലാസത്തില്‍ നിന്ന് അവര്‍ ബഹുദൂരം അകലെയായിപ്പോയ നാളുകള്‍. അടിയന്തരാവസ്ഥക്ക് പിറകെ നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ജനം അവരെ പാഠം പഠിപ്പിച്ചു. എങ്കിലും 1980ല്‍ അവര്‍ ജനപിന്തുണ തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിനോട് അതില്‍ കൂടുതല്‍ കാലം അകന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല ജനത്തിന്.

മൂല്യരാഷ്ട്രീയത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പിന്‍മടക്കത്തിന് തുടക്കം കുറിച്ചത് ഇന്ദിരാ ഗാന്ധി ആയിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനം എന്ന പെരുമയില്‍ നിന്ന് അധികാരത്തിന് ഏതറ്റം വരെയും പോകുന്ന പാര്‍ട്ടി എന്ന പതനത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തുന്നതും ഇക്കാലത്താണ്. നെഹ്‌റുവിന്റെ കാലത്തും നേതാക്കള്‍ക്ക് അധികാരക്കൊതി ഉണ്ടായിരിക്കാം. എങ്കിലും അതൊരു മഹാവ്യാധിയായി കോണ്‍ഗ്രസിനെ ബാധിക്കുന്നത് നെഹ്റുപുത്രിയുടെ ഭരണകാലത്താണ്. നേതാക്കളുടെ അധികാരക്കൊതി തന്നെയാണ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കും പ്രാദേശിക കക്ഷികളുടെ ഉദയത്തിനും കാരണമായത്. ആദര്‍ശപരമായ കാരണങ്ങളാല്‍ കോണ്‍ഗ്രസിനോട് കലഹിച്ച് പാര്‍ട്ടി വിട്ടവര്‍ ഏറെപ്പേരില്ല; അപ്പേരില്‍ പിറന്ന പ്രാദേശിക പാര്‍ട്ടികളും എണ്ണത്തില്‍ നന്നേ ചുരുങ്ങും.

ജനങ്ങളില്‍ നിന്നകലേക്ക്

രാജീവ്, റാവു, സോണിയ കാലമാണ് കോണ്‍ഗ്രസ് ചരിത്രത്തിലെ അടുത്ത ഘട്ടം. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാന്‍ രാജീവ് ഗാന്ധി കാട്ടിയ അത്യുത്സാഹമാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയ വളര്‍ച്ച ത്വരിതപ്പെടുത്തിയത്. അധികാരം നിലനിര്‍ത്താന്‍ അടിയന്തരാവസ്ഥ എന്ന ഭീമാബദ്ധം രാജീവ് അവര്‍ത്തിച്ചില്ല. പക്ഷേ, അധികാരം കൈപ്പിടിയിലൊതുക്കാന്‍ ആരെ പ്രീണിപ്പിക്കാനും അദ്ദേഹം ഒരുക്കമായിരുന്നു. നരസിംഹ റാവുവിന്റെ പ്രതാപകാലം കോണ്‍ഗ്രസിന്റെ കഷ്ടകാലമായി ഭവിച്ചു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്തതിലൂടെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മനസില്‍ നിന്ന് കോണ്‍ഗ്രസിനെ കുടിയിറക്കിവിടാന്‍ അദ്ദേഹത്തിന് സാധിച്ചു. കോണ്‍ഗ്രസ് കുലം മുടിഞ്ഞുപോകുമോ എന്ന ആപത് സന്ധിയിലാണ് സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയാകുന്നത്. “വിദേശി” എന്ന പഴിയും പരിഹാസവും അവര്‍ ഏറെ കേട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ അവരുടെ സഹപ്രവര്‍ത്തകരായിരുന്നവര്‍ തന്നെ അക്കാരണത്താല്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസിനെ രണ്ട് തവണ അധികാരത്തിലേറ്റാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നത് ചെറിയ നേട്ടമല്ല.

ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ അധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു പേര് ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസിലെ പഴയ പടക്കുതിരകള്‍ക്ക് പോലും സാധിക്കുമായിരുന്നില്ല. നെഹ്റുവിന് ശേഷം ഇത്ര സുസമ്മതനായി ആ പദവിയില്‍ രാഹുലല്ലാതെ മറ്റൊരാളും വാഴിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ രാജ്യത്തെ ഒരു ഘടകത്തിന് പോലും രാഹുലിനെ അധ്യക്ഷനാക്കണമെന്ന കാര്യത്തില്‍ മറുത്തൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. അധ്യക്ഷ പദവിയില്‍ കഠിനാധ്വാനം ചെയ്തിട്ടും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തോറ്റമ്പി. ജയിക്കാനുള്ള സാധ്യതകളെ പാര്‍ട്ടിയിലെ സഹ നേതാക്കള്‍ തന്നെ ഇല്ലാതാക്കി. സ്വന്തം പദവി, സ്വന്തം കുടുംബം, സ്വന്തം ശാഠ്യങ്ങള്‍.. അതിനപ്പുറത്തേക്ക് പാര്‍ട്ടിയുടെ ജയം അവരുടെ അജന്‍ഡയില്‍ ഇല്ലായിരുന്നു. തോല്‍വിയില്‍ അവര്‍ അവരുടേതായ പങ്കുവഹിച്ചു.

അതിനര്‍ഥം കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് അവര്‍ മാത്രമാണ് എന്നല്ല. കോണ്‍ഗ്രസ് ജനങ്ങളിലേക്കിറങ്ങാന്‍ മടിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വര്‍ഷങ്ങളില്‍ എന്നത് പോലെ ഉപരി വര്‍ഗത്തിനും മധ്യ വര്‍ഗത്തിനും വേണ്ടി മാത്രമുള്ള ഒരിടപാടായി കോണ്‍ഗ്രസ് മാറിയതാണ് ഈ തകര്‍ച്ചയുടെ മുഖ്യകാരണം. നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന് ഇനിയെന്തെങ്കിലുമൊരു സാധ്യത ബാക്കി നില്‍ക്കുന്നുവെങ്കില്‍ അത് രാഹുല്‍ ഗാന്ധി മാത്രമാണ്.

രാഹുല്‍ മാറിനില്‍ക്കുന്ന അധ്യക്ഷ പദവിയിലേക്ക് കയറിയിരിക്കാന്‍ ധാരാളം നേതാക്കള്‍ തയ്യാറായേക്കാം. പക്ഷേ, അവരിലൊരാള്‍ക്ക് പോലും കോണ്‍ഗ്രസിനെ കരകയറ്റാനാകില്ല. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിന്റെ ശാപം. ആ നിരയിലേക്ക് ഒരാളെ കൂടി സംഭാവന ചെയ്യാനേ രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ശാഠ്യം കാരണമാകുകയുള്ളൂ. ഗാന്ധിയുടെയോ നെഹ്റുവിന്റെയോ കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ രാഹുലിന് കഴിയില്ലായിരിക്കാം. എങ്കിലും എക്കാലത്തേക്കുമായി കോണ്‍ഗ്രസ് നാമാവശേഷമാകാതെ നോക്കാന്‍ മോദിയുടെ ഇന്ത്യയില്‍ രാഹുലിനേ സാധിക്കൂ.

പ്രിയപ്പെട്ട രാഹുല്‍, ഇത് പിന്‍മടക്കത്തിന്റെ നേരമല്ല. തോല്‍വികളില്‍ പതറിപ്പോകാതെ പുതിയ ജയങ്ങളിലേക്ക് നേരം നോക്കിയിരുന്ന ഇന്ദിരാ ഗാന്ധിയുണ്ട് ചരിത്രത്തില്‍. അവര്‍ തെറ്റായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തിരിക്കാം. എങ്കിലും ഒരു തോല്‍വിക്കും വഴങ്ങിക്കൊടുക്കാത്ത ആ മനസ്സ് താങ്കള്‍ക്ക് അനന്തരമെടുക്കാവുന്നതാണ്. റാവു ഇല്ലാതാക്കിയ പാര്‍ട്ടിയുടെ ന്യൂനപക്ഷാഭിമുഖ്യത്തെ ശക്തമായി തന്നെ തിരിച്ചുപിടിക്കാന്‍ താങ്കള്‍ക്ക് ഒരളവോളം സാധിച്ചിട്ടുണ്ട്. അത് കൈമോശം വരാതെ സൂക്ഷിക്കുകയെന്നതും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. താങ്കളോട് വിയോജിക്കുന്നവര്‍ പോലും ആഗ്രഹിക്കുന്നത്, ചരിത്രം താങ്കളെ ഭീരുവെന്ന് വിശേഷിപ്പിക്കാതിരിക്കട്ടെ എന്നാണ്. ഒന്ന് ചാഞ്ഞുകൊടുത്താല്‍ പാഞ്ഞുകയറാന്‍ ചുറ്റിലും ധാരാളം പേരുണ്ട് എന്നത് താങ്കള്‍ മറക്കാതിരിക്കുക.

---- facebook comment plugin here -----

Latest