കോലിക്ക് പുതിയ റെക്കോര്‍ഡ്; പിന്നിലാക്കിയത് സച്ചിനെയും ലാറയെയും

Posted on: June 27, 2019 4:40 pm | Last updated: June 27, 2019 at 6:16 pm
വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ്

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസങ്ങളെ മറികടന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടമാണ് കോലി നേടിയത്. വെസ്റ്റിന്‍ഡീസിനെതിരെ ഇരുപത്തിയഞ്ചാം ഓവറില്‍ 37 റണ്‍സ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നതോടെയാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെയും വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയും ഇന്ത്യന്‍ നായകന്‍ മറികടന്നത്.

417 ഇന്നിംഗ്‌സുകളിലാണ് കോലി ഈ റെക്കോര്‍ഡിനുടമയാകുന്നത്. 453 ഇന്നിംഗ്‌സില്‍ നിന്നാണ് സച്ചിനും ലാറയും 20,000 റണ്‍സെടുത്തത്. 131 ടെസ്റ്റുകളും 223 ഏകദിനങ്ങളും 62 ട്വന്റി ട്വന്റിയും.

എല്ലാ ഫോര്‍മാറ്റിലുമായി 19,963 റണ്‍സുള്ള കോലി ഇതോടെ 20,000 റണ്‍സ് ക്ലബ്ബിലെത്തുന്ന പന്ത്രണ്ടാമത്തെ ബാറ്റ്സ്മാനായി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും. 34,357 റണ്‍സുള്ള സച്ചിന്‍ തെണ്ടുല്‍ക്കറും 24,208 റണ്‍ലുള്ള രാഹുല്‍ ദ്രാവിഡുമാണ് ഈ പട്ടികയില്‍ നേരത്തേ ഇടം പിടിച്ചവര്‍.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സെടുത്ത താരമെന്ന റെക്കോഡ് ഈ ലോകകപ്പിലാണ് കോലി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 11,087, ടെസ്റ്റില്‍ 6,613, ടി20യില്‍ 2,263 എന്നിങ്ങനെയാണ് കോലിയുടെ സമ്പാദ്യം. ഈ ലോകകപ്പില്‍ ഇതുവരെ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും കോലി നേടിയിട്ടുണ്ട്.