Connect with us

National

ആദ്യം തലക്കുപിറകില്‍ വെടിവെച്ചു, പിന്നീട് വലതു കണ്ണിന് മുകളിലും; ദാബോല്‍ക്കര്‍ വധക്കേസില്‍ പ്രതിയുടെ കുറ്റസമ്മതം

Published

|

Last Updated

ദാബോൽക്കർ

ന്യൂഡല്‍ഹി: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന നരേന്ദ്ര ദാബോല്‍ക്കറിനെ രണ്ട് തവണ വെടിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ശരത് കലാസ്‌കറിന്റെ കുറ്റസമ്മത മൊഴി. “ആദ്യം തലക്കു പിറകില്‍ വെടിവെച്ചു. താഴെ വീണപ്പോള്‍ വലത്തേകണ്ണിന് മുകളില്‍ രണ്ടാമതും നിറയൊഴിച്ചു” – 14 പേജുള്ള കുറ്റസമ്മതമൊഴിയില്‍ പറയുന്നു. ദേശീയ ചാനലായ എന്‍ഡിടിവിയാണ് മൊഴി പുറത്തുവിട്ടത്.

2013 ആഗസ്റ്റിലാണ് മഹാരാഷ്ട്രയിലെ പൂനെയില്‍വെച്ച് ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ നിര്‍മിത തോക്ക് ഉപയോഗിച്ചാണ് ദാബോല്‍ക്കറിനെ വെടിവെച്ചതെന്ന് പ്രതി കുറ്റസമ്മത മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യം തലക്കുപിറകില്‍ വെടിവെച്ചപ്പോള്‍ ദാബോല്‍ക്കര്‍ നിലത്തുവീണു. തുടര്‍ന്ന് രണ്ടാമത് വെടിയുതിര്‍ക്കാന്‍ നോക്കിയപ്പോള്‍ പിസ്റ്റള്‍ പ്രവര്‍ത്തിച്ചില്ല. പിന്നീട് പിസ്റ്റള്‍ മാറ്റി വലതു കണ്ണിന് മുകളിലായി വീണ്ടും വെടിവെച്ചു. പിന്നീട് കൂട്ടുപ്രതി സച്ചിന്‍ ആന്‍ഡ്യൂറേയും തന്നോടൊപ്പം ചേര്‍ന്നുവെന്നും അയാളും വെടിവെച്ചുവെന്നും മൊഴിയില്‍ പറയുന്നു.

കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം 2018ലാണ് ശരത്തിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. നല്ലാസ്‌പോരയിലെ വെടിയുണ്ട നിര്‍മാണ യൂണിറ്റില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഗൂഢാലോചനക്കുറ്റവും കൊലപാതകക്കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ദാബോല്‍ക്കറിന് പിന്നാലെ സാമൂഹിക പ്രവര്‍ത്തകരായ എംഎം കല്‍ബുര്‍ഗിയും, ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കുന്നതിനായി ചേര്‍ന്ന ഗൂഢാലോചന യോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ദാബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Latest