Connect with us

Education

ഫലം പ്രഖ്യാപിച്ചിട്ട് ഒന്നര മാസം; എസ് എസ് എൽ സി ബുക്ക് ഇതുവരെ വിതരണം ചെയ്തില്ല

Published

|

Last Updated

അരീക്കോട്: ഫലം വന്ന് ഒന്നര മാസം പിന്നിട്ടിട്ടും എസ് എസ് എൽ സി ബുക്ക് വിതരണം ചെയ്തില്ല. മുൻകാലങ്ങളിൽ ഫലം വന്ന് 15 ദിവസത്തിനകം വിതരണം ചെയ്യാറുണ്ട്.

യഥാസമയം വിതരണം ചെയ്യാൻ സാധിക്കാത്തതിനാൽ ഓൺലൈനായി ലഭിക്കുന്ന മാർക്ക് ലിസ്റ്റിന്റെ പകർപ്പുകൾ ഉപരിപഠനത്തിനായി ഹാജരാക്കിയാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കിയിരിക്കുകയാണ്.
പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പുകളാണ് ഹാജരാക്കിയത്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ ഈ പകർപ്പുകൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്.

കഴിഞ്ഞ വർഷം എസ് എസ് എൽ സി ബുക്ക് വിതരണം ചെയ്തതിൽ ധാരാളം പാകപ്പിഴവുകൾ ഉണ്ടായിരുന്നു. പലരുടെയും സർട്ടിഫിക്കറ്റുകൾ മാഞ്ഞ് പോകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അവ വിദ്യാഭ്യാസ വകുപ്പ് തിരികെ വാങ്ങുകയായിരുന്നു.

തിരികെ വാങ്ങിയ സർട്ടിഫിക്കറ്റുകൾ പൂർണമായും വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ല. ലേസർ മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്തതാണ് കഴിഞ്ഞ വർഷം സർട്ടിഫിക്കറ്റുകൾ മാഞ്ഞുപോകാൻ ഇടയാക്കിയത്. ഇത്തവണ മെച്ചപ്പെട്ട രീതിയിലുള്ള പേപ്പറും മഷിയുമാണ് ഉപയോഗിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.

സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഉപരി പഠനത്തിനായി വിവിധ രേഖകൾ ശരിപ്പെടുത്താൻ വിദ്യാർഥികൾ വിഷമിക്കുകയാണ്. വില്ലേജിൽ നിന്ന് നാറ്റിവിറ്റി, ജാതി, ക്രീമിലിയർ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ എസ് എസ് എൽ സി ബുക്ക് അനിവാര്യമാണ്. മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ ശരിപ്പെടുത്താവുന്നതാണെങ്കിലും വിദ്യാർഥികളുടെ പൂർണ വിവരം ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റുകൾ നൽകാൻ വില്ലേജ് ഓഫീസർമാർ വിസമ്മതിക്കുകയാണ്.

സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാനും വിദ്യാർഥികൾക്ക് സാധിക്കുന്നില്ല.
സർട്ടിഫിക്കറ്റ് എന്ന് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കാൻ വിദ്യാഭ്യാസ വകുപ്പും തയ്യാറാകുന്നില്ല. എന്നാൽ എസ് എസ് എൽ സി ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം ഫല പ്രഖ്യാപനം നടത്തിയ പ്ലസ് ടു, വി എച്ച് എസ് സി സർട്ടിഫിക്കറ്റുകൾ യഥാസമയം വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Latest