റാവല്‍പിണ്ടി ആശുപത്രിയിലെ സ്‌ഫോടനം: ജയ്ഷ്വ തലവന്‍ മസ്ഹൂദ് അസ്ഹറിന് പരുക്കേറ്റതായി സൂചന

Posted on: June 25, 2019 11:45 am | Last updated: June 25, 2019 at 7:29 pm

ന്യൂഡല്‍ഹി: റാവല്‍പിണ്ടിയിലെ സൈനികാശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിടാതെ പാക് സേന. വൃക്ക സംബന്ധമായ ചികിത്സക്കായി ആശുപത്രിയില്‍ കഴിയുന്ന ജയ്ഷ്വ മുഹമ്മദ് ഭീകര ഗ്രൂപ്പിന്റെ തലവന്‍ മസ്ഹൂദ് അസ്ഹറിന് സ്‌ഫോടനത്തില്‍ പരുക്കേറ്റതായി അഭ്യൂഹമുണ്ടെങ്കിലും ഇതുസംബന്ധിച്ച് എന്തെങ്കിലും പറയാന്‍ സൈന്യം തയാറായിട്ടില്ല. ഇന്ത്യന്‍ ഇന്റലിജന്‍സ് വിവരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരുക്കേറ്റ പത്തു പേരിലൊരാള്‍ മസ്ഹൂദാണെന്ന് ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍
പാക്കിസ്ഥാനിലെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്തിരുന്നു. പത്തു പേര്‍ക്ക് പരുക്കേറ്റതായി ഇതുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും ഉറപ്പിച്ചു പറയുന്നുണ്ട്. ‘വന്‍ സ്‌ഫോടനമാണ് റാവല്‍പിണ്ടിയിലെ സൈനികാശുപത്രിയിലുണ്ടായത്. പരുക്കേറ്റ പത്തുപേര്‍ അത്യാഹിത വിഭാഗത്തിലാണ്. ജയ്ഷ്വ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ ഈ ആശുപത്രിയിലാണുള്ളത്. വാര്‍ത്ത നല്‍കരുതെന്ന് സൈന്യം മാധ്യമങ്ങളോട് കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.’ മനുഷ്യാവകാശ സംഘടനയായ പഷ്തൂണ്‍ തഹഫുസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട് പോസ്റ്റ് ചെയ്ത സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കു താഴെ അഹ്‌സാനുല്ല മിയാഖൈല്‍ എന്നയാള്‍ രേഖപ്പെടുത്തി.

ജയ്ഷ്വ മുഹമ്മദ് പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഫെബ്രുവരി 26ന് ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടിലുള്ള ജയ്ഷ്വ താവളത്തില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാലാണ് വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അന്നു തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബലാക്കോട്ട് ആക്രമണ ശേഷം മസ്ഹൂദിനെ പാക് സേന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും വാര്‍ത്ത പ്രചരിച്ചു.