Connect with us

Gulf

ബുര്‍ജ് ഖലീഫയില്‍ പരസ്യം നല്‍കാം; മൂന്ന് മിനിറ്റിന് മൂന്നര ലക്ഷം ദിര്‍ഹം!

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിതിയായ ബുര്‍ജ് ഖലീഫയില്‍ ഉത്പന്നങ്ങളുടെയോ മറ്റോ പരസ്യം നല്‍കാം. ഇതിനുള്ള നിരക്ക് അധികൃതര്‍ വെളിപ്പെടുത്തി. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിന് മൂന്നര ലക്ഷം ദിര്‍ഹമാണ് നിരക്ക്. വാരാന്ത്യ അവധി ദിനങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും ഉള്ള പരസ്യ നിരക്കാണ് ഇത്. വാരാന്ത്യ അവധി ദിനങ്ങളില്‍ ബുര്‍ജ് ഖലീഫ ഉള്‍പെടുന്ന ദുബൈ മാള്‍, ഡൗണ്‍ ടൗണ്‍ പ്രദേശത്ത് ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശകരായി എത്താറുണ്ട്. സാധാരണ ദിവസങ്ങളില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് രണ്ടര ലക്ഷം ദിര്‍ഹമാണ് നിരക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

അവധി ദിനങ്ങളില്‍ വൈകുന്നേരം എട്ടിനും 10നും ഇടയിലുള്ള സമയത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ വര്‍ണ വെളിച്ചത്തോടെ പരസ്യം പ്രദര്‍ശിപ്പിക്കപ്പെടുക. മൂന്ന് മിനിറ്റ് നീളുന്ന രണ്ട് തവണകളായുള്ള പരസ്യത്തിന് വാരാന്ത്യ അവധി ദിനങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും അഞ്ച് ലക്ഷം ദിര്‍ഹമാണ് നിരക്ക്. അഞ്ച് പ്രാവശ്യം മൂന്ന് മിനിറ്റ് വീതം പരസ്യം പ്രദര്‍ശിപ്പിക്കാന്‍ 10 ലക്ഷം ദിര്‍ഹം ഈടാക്കും. പരസ്യം നല്‍കാനുള്ള അപേക്ഷ പരസ്യ ഏജന്‍സി മുഖേന സമര്‍പിക്കണം. പരസ്യ വിഷയങ്ങളും ആര്‍ട് വര്‍ക്കും സമര്‍പിക്കപ്പെട്ട ശേഷം അന്തിമമായി തീരുമാനമെടുക്കുക ഇമാര്‍ പ്രോപ്പര്‍ട്ടീസാണ്. അനുമതി ലഭിച്ച ശേഷം പരസ്യവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ പരസ്യം പ്രദര്‍ശിപ്പിക്കേണ്ട ദിവസത്തിന്റെ നാലാഴ്ച മുമ്പ് നല്‍കിയിരിക്കണം. പ്രദര്‍ശിപ്പിക്കേണ്ട വീഡിയോ പരസ്യ ഏജന്‍സി മുഖേന ഇമാര്‍ പ്രോപ്പര്‍ട്ടീസിന് പ്രദര്‍ശനത്തിന്റെ ഏഴ് ദിവസം മുമ്പെങ്കിലും നല്‍കിയിരിക്കണം.