Connect with us

Gulf

യു എ ഇയുടെ സഹകരണത്തോടെ ന്യൂസിലാന്‍ഡില്‍ സഹിഷ്ണുതാ കേന്ദ്രം

Published

|

Last Updated

അബുദാബി: ഇതര മതവിശ്വാസികളുമായുള്ള ഇടപെടലുകളിലും പെരുമാറ്റങ്ങളിലും തികഞ്ഞ സഹിഷ്ണുതയും മാനവികതയും പ്രകടമാകണമെന്ന വലിയ സന്ദേശം അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനില്‍ നിന്ന് ലഭിച്ചതായി, ന്യൂസിലാന്‍ഡില്‍ തീവ്രവാദി ആക്രമണത്തിനിരയായ മസ്ജിദുന്നൂര്‍ ഇമാം ശൈഖ് ജമാല്‍ ഫൗദ വ്യക്തമാക്കി.

ലോകമനസാക്ഷി അപലപിച്ച മസ്ജിദിലെ ഭീകരാക്രമണ ശേഷം ഹൃസ്വസന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ സമയത്താണ് യു എ ഇയേയും ഇവിടത്തെ ഭരണാധികാരികളെയും അടുത്തറിയാന്‍ സാധിച്ചത്. മാനവികതക്ക് നിരക്കാത്തതൊന്നും ഒരാളില്‍ നിന്നും വിശിഷ്യാ ഇസ്‌ലാമിക പ്രബോധകരില്‍ നിന്നും ഉണ്ടാകരുതെന്ന് തന്നെ ശൈഖ് മുഹമ്മദ് സ്‌നേഹപൂര്‍വം ഉപദേശിച്ചതായി ജമാല്‍ ഫൗദ വിശദീകരിച്ചു.
ന്യൂസിലാന്‍ഡ് ജനങ്ങള്‍ക്ക് ഇസ്‌ലാമിന്റെ സഹിഷ്ണുതയും മാനവികതയും കൂടുതല്‍ ബോധ്യപ്പെടുത്താനുതകുന്ന രീതിയില്‍ വിപുലമായ സഹിഷ്ണുതാകേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരണാക്രമണം നടന്ന മസ്ജിദുന്നൂര്‍ നിലനില്‍ക്കുന്ന ക്രൈസ്റ്റ് ചര്‍ച്ചിലാണ് കേന്ദം പണിയുക. യു എ ഇയുടെ സാമ്പത്തിക സഹായത്തോടെയായിരിക്കും നിര്‍മാണം. ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ന്യൂസിലാന്‍ഡിലെ യു എ ഇ എംബസിയുടെ മേല്‍നോട്ടത്തിലുമായിരിക്കും സെന്ററിന്റെ നിര്‍മാണം.
സെന്ററിന്റെ സേവനം ന്യൂസിലാന്‍ഡില്‍ മാത്രമല്ല, ആസ്‌ത്രേലിയ തുടങ്ങിയ പരിസര രാജ്യങ്ങളിലേക്കുകൂടി ഇതിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ജമാല്‍ ഫൗദ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലാണ് മസ്ജിദുന്നൂറില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ ഭീകരവാദികള്‍ നിറയൊഴിച്ചത്. നിരവധി പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Latest