മുസ്‌ലിംകളെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ബുദ്ധ സന്യാസി

Posted on: June 24, 2019 6:05 am | Last updated: June 24, 2019 at 5:08 pm
വാറകഗോഡ ശ്രീ ജ്ഞാനരത്‌ന തെറോ

കൊളംബോ: മുസ്‌ലിംകളെ കല്ലെറിഞ്ഞു കൊല്ലണമെന്ന തീവ്രവാദിയായ ബുദ്ധസന്യാസിയുടെ ആഹ്വാനം ശ്രീലങ്കയിൽ കലാപ ഭീതി പടർത്തുന്നു. മുസ്‌ലിം ഡോക്ടർ ആയിരക്കണക്കിന് ബുദ്ധ സ്ത്രീകളെ വന്ധ്യംകരണം നടത്തിയെന്ന കെട്ടിച്ചമച്ച വാർത്ത പ്രചരിപ്പിച്ചാണ് ബുദ്ധസന്യാസിയുടെ ആക്രമണ ആഹ്വാനം. എന്നാൽ, ഈസ്റ്റർ ആക്രമണത്തിന് ശേഷം കലുഷിതമായ ശ്രീലങ്കൻ സാമൂഹിക സാഹചര്യത്തിൽ വ്യാപകമായ ഭീതിയാണ് മുസ്‌ലിംകൾക്കിടയിൽ ഇതുണ്ടാക്കിയിരിക്കുന്നത്.

കടുത്ത മുസ്‌ലിം വിരോധിയും കലാപകാരിയുമായ സന്യാസി വാറകഗോഡ ശ്രീ ജ്ഞാനരത്‌ന തെറോയാണ് ആക്രമണത്തിന് പ്രചോദനം നൽകുന്ന രീതിയിൽ പ്രസംഗിച്ചത്. ദേശീയ ടിവി സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് ഈ ആക്രമണാഹ്വാനം എന്നതും ശ്രദ്ധേയമാണ്. ബുദ്ധ സന്യാസിമാരുടെ ആഹ്വാനത്തെ തുടർന്ന് രാജ്യത്ത് അടുത്തിടെ വ്യാപകമായ ആക്രമണ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

സംഘർഷത്തിന്റെയും കലാപത്തിന്റെയും പിടിയിൽ നിന്ന് ശ്രീലങ്ക പതുക്കെ കരയറുന്നതിനിടയിലാണ് കുരുനെഗാലയിൽ മുസ്‌ലിം ഡോക്ടർ 4000ഓളം ബുദ്ധ സ്ത്രീകളെ വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന തെളിവില്ലാത്ത ആരോപണവുമായി ജ്ഞാനരത്‌ന രംഗത്തെത്തിയത്. ‘ഈ ഡോക്ടറെ പോലുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ചില സ്ത്രീ ഭക്തകൾ പറയുന്നത്. ഞാനത് പറയുന്നില്ല. എന്നാൽ, അതാണ് ശരിക്കും ചെയ്യേണ്ടത്’ പ്രസംഗത്തിൽ ജ്ഞാന രത്‌ന പറഞ്ഞു. ശ്രീലങ്കയിലെ ഏറ്റവും വലിയ ബുദ്ധമത വിഭാഗമായ അസ്ഗിരിയ ചാപ്റ്ററിന്റെ മേധാവിയാണ് ഈ സന്യാസി.

മുസ്‌ലിം ഉടമസ്ഥതയിലുള്ള റസ്‌റ്റൊറന്റുകൾ ബഹിഷ്‌കരിക്കണമെന്ന് ജ്ഞാനരത്‌ന ആഹ്വാനം ചെയ്തു. മുസ്‌ലിം റെസ്‌റ്റൊറന്റുകൾ ബുദ്ധന്മാർക്ക് നൽകുന്ന ഭക്ഷണത്തിൽ വന്ധ്യംകരണ ഗുളികകൾ ചേർക്കുന്നുവെന്ന അടിസ്ഥാന രഹിത ആരോപണത്തെ പിന്തുണക്കുന്നതാണ് സന്യാസിയുടെ പ്രസ്താവന. ഇത്തരം കടകളിൽ ഭക്ഷണം കഴിച്ചവർക്ക് ഭാവിയിൽ കുട്ടികളുണ്ടാകില്ലെന്നും കാൻഡിയിൽ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ജ്ഞാന രത്‌ന പറഞ്ഞു.