ചന്ദ്രബാബു നായിഡു നിര്‍മിച്ച പ്രജാവേദികയെന്ന കെട്ടിടം പൊളിക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ഉത്തരവ്

Posted on: June 24, 2019 4:40 pm | Last updated: June 24, 2019 at 6:15 pm

ന്യൂഡല്‍ഹി: തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതു ജനസമ്പര്‍ക്കത്തിനും വാര്‍ത്താ സമ്മേളനത്തിനും മറ്റുമുള്ള കേന്ദ്രമായി ഉപയോഗിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ഉത്തരവ്. നായിഡുവിന്റെ വസതിയോടു ചേര്‍ന്ന് 2017ല്‍ അഞ്ചുകോടി രൂപ ചെലവിട്ടു നിര്‍മിച്ച പ്രജാവേദിക എന്ന കെട്ടിടമാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയാണ് നടപടി.

പ്രതിപക്ഷ നേതാവിന്റെ വസതി എന്ന നിലയില്‍ കെട്ടിടം നിലനിര്‍ത്താന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ നാലിന് നായിഡു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ വൈ എസ് ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാരുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച നടത്തിയത് പ്രജാവേദികയിലായിരുന്നു. അനധികൃത കെട്ടിടം ബുധനാഴ്ച പൊളിച്ചുമാറ്റുമെന്ന് ആ യോഗത്തില്‍ ജഗന്‍ വ്യക്തമാക്കിയിരുന്നു.