ബിനോയ് കോടിയേരി കേസ്: കോടിയേരി ബാലകൃഷ്ണന് നേരത്തെ അറിയാമായിരുന്നെന്ന് അഭിഭാഷകന്‍

Posted on: June 24, 2019 9:59 am | Last updated: June 24, 2019 at 12:38 pm

മുംബൈ: വിവാഹ വാഗ്ദാനം ചെയ്ത് ബീഹാറി സ്വദേശനിയെ ബിനോയ് പീഡിപ്പിച്ച സംഭവം പിതാവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് നേരത്തെ അറിയാമായിരുന്നെന്ന് അഭിഭാഷകന്‍. കേസില്‍ നേരത്തെമധ്യസ്ഥക്ക് ശ്രമിച്ച അഭിഭാഷകനായ കെ പി ശ്രീജിത്താണ് ഇക്കാര്യം സ്വകാര്യ ചാനലുമായി പങ്കുവെച്ചത്.

ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണ്. മധ്യസ്ഥ ചര്‍ച്ചക്ക് ശേഷം താന്‍ കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇത് തെറ്റാണെന്ന് അഭിപ്രായപ്പെട്ട് അഭിഭാഷകന്‍ രംഗത്തെത്തിയത് ശ്രദ്ധേയമാണ്.

ഏപ്രില്‍ 18ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചക്ക് വന്നത്. ചര്‍ച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താന്‍ ഫോണില്‍ സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞു. എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റെതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.