വെള്ളച്ചാൽ ഇരുമ്പ് പാലം കാന്തപുരം നാടിന് സമർപ്പിച്ചു

Posted on: June 23, 2019 1:09 pm | Last updated: June 25, 2019 at 11:12 am
അണ്ടോണ വെള്ളച്ചാൽ പാലം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിക്കുന്നു

താമരശ്ശേരി: ഓമശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാൽ പ്രദേശവാസികളുടെ ദുരിതയാത്രക്കുള്ള പരിഹാരമായി. ഇരുതുള്ളി പുഴക്ക് കുറുകെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നിർമിച്ച ഇരുമ്പ് പാലം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ‌്ലിയാർ നാടിന് സമർപ്പിച്ചു.

പ്രദേശത്തെ നൂറുകണക്കായ കുടുംബങ്ങൾ പുഴയുടെ മറുകരയിലുള്ള കൊടുവള്ളി നഗരസഭയിലെ അണ്ടോണ തെക്കേതൊടുക ഭാഗത്തെത്താൻ വർഷങ്ങളായി ആശ്രയിച്ചിരുന്ന മരപ്പാലം കഴിഞ്ഞ വർഷം രണ്ട് തവണ നാട്ടുകാർ നിർമിച്ചെങ്കിലും പ്രളയത്തിൽ ഒലിച്ചുപോകുകയായിരുന്നു. ഇതോടെ താമരശ്ശേരി താലൂക്കാശുപത്രിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താൻ രണ്ട് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു.
പ്രദേശവാസികളുടെ ദുരിതം മനസ്സിലാക്കിയ എസ് വൈ എസ് സാന്ത്വനം വിഭാഗം നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇരുമ്പ് പാലം നിർമിച്ചുനൽകിയത്.
ഉദ്ഘാടന ചടങ്ങിൽ എസ് എം എ സംസ്ഥാന പ്രസിഡന്റ്കെ കെ അഹ‌്മദ് കുട്ടി മുസ‌്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു.

പി ടി എ റഹീം എം എൽ എ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ജനറൽ സെക്രട്ടറി മജീദ് കക്കാട്, ജില്ലാ പ്രസിഡന്റ‌് വള്ള്യാട് മുഹമ്മദലി സഖാഫി, നാസർ ചെറുവാടി, കെ കെ രാധാകൃഷ്ണൻ, ടി ടി മനോജ്, ടി ടി മമ്മുണ്ണി മാസ്റ്റർ പ്രസംഗിച്ചു.