Connect with us

Ongoing News

ബ്രസീല്‍ ഗോള്‍ മഴ; വെള്ളം കുടിച്ച് പെറു

Published

|

Last Updated

സാവോപോളോ: മഞ്ഞപ്പടയുടെ പന്തടക്കത്തിനും ഡ്രിബ്‌ളിംഗിനും വേഗതക്കും മുമ്പില്‍ പെറു കാണികള്‍ മാത്രമായി. കോപ്പയിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ പെറുവിന്റെ പോസ്റ്റില്‍ ബ്രസീല്‍ അടിച്ചുകൂട്ടിയത് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍, കൂടെ ക്വാര്‍ട്ടര്‍ ബെര്‍ത്തും സ്വന്തമാക്കി. വെനസ്വേലക്കെതിരെ
നിറംമങ്ങി സമനിലയില്‍ കുരുങ്ങിയ ബ്രസീലിനെയല്ല പെറുവിനെതിരായ മത്സരത്തില്‍ കണ്ടത്. കളത്തില്‍ പൂര്‍ണാര്‍ഥത്തിലല്ലെങ്കിലും പഴയ ബ്രസീലിനെ കാണാനും ആരാധകര്‍ക്ക് അവസരം ലഭിച്ചു.

മത്സരത്തില്‍ പെറു ചിത്രത്തിലേ ഉണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. ആക്രമണമാണ് യഥാര്‍ഥ പ്രതിരോധമെന്ന സൂത്രവാക്യം ഹൃദയത്തിലുറപ്പിച്ച പോലെയായിരുന്നു ബ്രസീലിന്റെ മുന്നേറ്റങ്ങള്‍. പെറു താരങ്ങളുടെ കാലില്‍ പന്തെത്തിയാല്‍ ഉടന്‍ തിരിച്ചെടുക്കാന്‍ കാനറികള്‍ക്കും സാധിച്ചു. അതുകൊണ്ടു തന്നെ ബോള്‍ പൊസഷനിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കളിയിലുടനീളം പെറു നിഷ്പ്രഭമായി. പലപ്പോഴും അവര്‍ പരുക്കന്‍ കളി പുറത്തെടുക്കുന്നതും കണ്ടു.

ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ മൂന്നു ഗോളിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. പന്ത്രണ്ടാം മിനുട്ടില്‍ കാസ്മിറോ, റോബര്‍ട്ടോ ഫിര്‍മിനോ (19), എവര്‍ട്ടണ്‍ സോറസ് (32) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. രണ്ടാം പകുതിയുടെ 53ാം മിനുട്ടില്‍ ഡാനി ആല്‍വസും വില്ലെയ്‌നും ഗോളുകള്‍ നേടി. കളി മിനുട്ടുകള്‍ മാത്രം അവശേഷിക്കെ ലഭിച്ച പെനാല്‍ട്ട് ഗബ്രിയേല്‍ ജീസസ് തുലച്ചു കളഞ്ഞില്ലായിരുന്നുവെങ്കില്‍ പെറു വലയില്‍ അര ഡസന്‍ ഗോള്‍ നിറയുമായിരുന്നു.

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയത്തിലൂടെയും ഒരു സമനിലയിലൂടെയും നേടിയ ഏഴ് പോയിന്റുമായി ഗ്രൂപ്പ് എയില്‍ അപരാജിതരായി തുടരുകയാണ് ബ്രസീല്‍. വെനസ്വേലയാണ് രണ്ടാം സ്ഥാനത്ത് (അഞ്ച്). ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചതോടെയാണ് വെനസ്വേലക്ക് അഞ്ച് പോയിന്റായത്.

Latest