Connect with us

Travelogue

മഴനൂൽ കാഴ്ചകൾ തേടി...

Published

|

Last Updated

സുഹൃത്തിന്റെ വാക്ക് കേട്ടാണ് കോഴിക്കോട്ടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ വയലട, കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചത്. വയലട കാഴ്ചകൾ കാണാൻ പുലർച്ചെ അഞ്ച് മണിക്ക് പോകണമെന്ന തീരുമാനത്തിലാണ് തലേന്ന് ഉറങ്ങിയത്. എഴുന്നേറ്റതാകട്ടെ ആറ് മണിക്കും. പ്രാഥമികകാര്യങ്ങളും പ്രാർഥനയും വേഗത്തിൽ പൂർത്തിയാക്കി ഞങ്ങൾ നാൽവർ സംഘം പുറപ്പെട്ടു.

കാഴ്ചകളുടെ മടിത്തട്ട്

വയലടയാണ് ആദ്യ ലക്ഷ്യസ്ഥാനം. ബാലുശ്ശേരി നിന്ന് തലയാട് റൂട്ടിലൂടെ മനോഹര കാഴ്ചകൾ കണ്ടുള്ള യാത്ര. എട്ടരയോടെ വയലട വ്യൂ പോയിന്റിലെത്തി. അധികമാരുമില്ല. വേനൽക്കാലമാണെങ്കിലും കാഴ്ചകൾക്ക് അധികം മങ്ങലേറ്റിട്ടില്ല. ശൈത്യ കാലത്ത് മുഴുവൻ മഞ്ഞിൽ പുതച്ചു കിടക്കുന്ന സ്ഥലമാണിത്. ജൂൺ മുതൽ നവംബർ വരെ വയലടയുടെ ദൃശ്യഭംഗി നന്നായി ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകൾ സമ്മാനിക്കുന്ന ഈ നിത്യഹരിത വനപ്രദേശം. വയലടയിലേക്ക് ഒരു കെ എസ് ആർ ടി സി ബസ് മാത്രമാണ് നിലവിലുള്ളത് (നാല് ട്രിപ്പ്). സ്വന്തം വാഹനത്തിൽ പോകുന്നതാണ് ഉചിതം.

അതിശയിപ്പിക്കും വ്യൂ പോയിന്റ് കാണണമെങ്കിൽ മുള്ളൻപാറയുടെ മുകളിലേക്ക് കയറണമെന്ന് സുഹൃത്ത് പറഞ്ഞതുകൊണ്ട് ബൈക്ക് അങ്ങോട്ട് തിരിച്ചു. അത്യാവശ്യം നടന്ന് കയറാനുള്ളതുകൊണ്ടുതന്നെ ക്ഷീണിച്ചാണേലും മുള്ളൻപാറയുടെ മുകളിലെത്തി. പേരു സൂചിപ്പിക്കുന്നത് പോലെ മുള്ളുകൾ നിറഞ്ഞ പാറയാണ് ഇവിടം. അവിസ്മരണീയ കാഴ്ചകളിൽ ക്ഷീണമൊക്കെ കുന്നിറങ്ങി. ചൂടുകാലത്ത് ഇത്രേം ഭംഗിയുണ്ടേൽ മഴക്കാലത്തെ കാര്യം പറയണോ! കുറേ നേരം കാഴ്ചകൾ കണ്ടങ്ങനെ ഇരുന്നു. കുളിർക്കാറ്റേറ്റ് ദൃശ്യവിരുന്ന് ആസ്വദിച്ചുള്ള ആ ഇരുത്തം വല്ലാത്തൊരു സുഖം നൽകും. വയലട പോകുന്നവർ നിർബന്ധമായും ഈ പാറ കയറണം. മുള്ളൻപാറയിൽ നിന്ന് നോക്കിയാൽ കക്കയം ഡാം കാണാം. തലയാട്- വയലട പാത നിർമാണം പൂർത്തിയായതോടെ യാത്ര എളുപ്പമായി. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകൾ. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും കാണാം.

ഒരു മണിയോടെയാണ് ഞങ്ങൾ കരിയാത്തുംപാറയിലെത്തിയത്. കുടുംബവുമായി പോകുന്നവർക്ക് ഏറെ ആസ്വാദ്യകരമാകുമെന്ന് ഉറപ്പ്. മഴ പെയ്ത സമയത്താണേൽ സംഗതി ജോറാകും. ശരീരം തണുപ്പിക്കാൻ കണ്ണാടി വെള്ളവും. തേക്കടി ജലാശയം പോലെ കരിയാത്തുംപാറയിലും ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പകുതി പുറത്തുമൊക്കെയായുണ്ട്. അതിമനോഹര പുൽമേടുകൾ. ഒറ്റ നോട്ടത്തിൽ ഒരുപാട് ഇഷ്ടം തോന്നിയ സ്ഥലം. സമയം ഉച്ചയായെങ്കിലും തണുത്ത കാറ്റ് വീശുന്നു. പുൽമേടുകളിലേക്ക് നോക്കിയിരുന്നാൽ സമയം പോകുന്നതറിയില്ല.

വെള്ളത്തിനടിയിലെ ഉരുളൻ കല്ലുകൾക്ക് മുകളിലൂടെയുള്ള നടത്തമാണ് പ്രയാസം തോന്നിയത്. ആൽബം, സീരിയൽ, സിനിമാ ചിത്രീകരണങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണിവിടം. ഇവിടേക്ക് പ്രവേശന പാസോ മറ്റോ ഇല്ലെന്നതാണ് പ്രത്യേകത. കല്ലിന്റെ മുകളിലൂടെ ഒരു വിധം നടന്ന് പച്ചപ്പുൽമേടുകളുടെ മുകളിലെത്തി. കാഴ്ചക്ക് നിറംകൂട്ടുന്ന തരം മരങ്ങൾ വിദഗ്ധനായ ശിൽപ്പി ക്രമീകരിച്ചതു പോലെ തോന്നി. വൈകുന്നേര സമയങ്ങളിലാണിവിടെ കാഴ്ചക്ക് നിറം കൂടുക.

കാഴ്ചകളുടെ കാണാ കയം

കാട്ടിലൂടെയുള്ള കക്കയം യാത്ര ഹൃദ്യാനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്. പോകുന്ന വഴിയിൽ ഭക്ഷണശാലയില്ലാത്തതിനാൽ ഭക്ഷണവും വെള്ളവും കരുതണം. വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പുവരുത്തണം. പോകുന്ന വഴിയിലൂടെയെല്ലാം ചെറു ചോലകളും മനോഹര വ്യൂ പോയിന്റുകളുമുണ്ട്. ചെറിയ റോഡായതിനാൽ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാൻ. എതിരെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് കാണാൻ സാധിക്കില്ല. ആഴത്തിലുള്ള കൊക്കയാണിവിടെ.

ഡാം സൈറ്റിലേക്ക് പോകുന്ന വഴിയരികിലൊക്കെയും അതിമനോഹര കാഴ്ചകളാണ്. സൂയിസൈഡ് പോയിന്റിനെ ഓർമിപ്പിക്കുന്ന താഴ്‌വാരകളിൽ തെളിഞ്ഞ പുഴയുടെ വെള്ളിത്തിളക്കങ്ങൾ. ഡാം സൈറ്റിലെ ഹൃദയഹാരിയായ പ്രകൃതി, ഇരുണ്ടവനം, തണുത്തുറഞ്ഞ കാട്ടാറിലെ തെളിനീർ തുടങ്ങി മനോഹര കാഴ്ചകളും. കക്കയത്തെ പഴയ പൊലീസ് ക്യാമ്പിനെയും ഭീകരാവസ്ഥയെയും കുറിച്ച് ഒട്ടേറെ കഥകൾ കേട്ടതാണ്. അതെല്ലാം ഓർത്തെടുക്കുമ്പോൾ ഭയം ഇരട്ടിക്കും. അടിയന്തരാവസ്ഥാ കാലവും നക്‌സൽ വേട്ടയും രാജന്റെ തിരോധാനവും കക്കയം ക്യാമ്പും എല്ലാം ഇന്നലെ വായിച്ചതുപോലെ തോന്നി. പഴയ പോലീസ് ക്യാമ്പ് ഇപ്പോൾ ഫോറസ്റ്റ് ക്യാമ്പാണ്. മുകളിലെത്തിയാൽ ഡാം സംഭരണിയുടെ ഒരു ഭാഗം മനോഹര തടാകമായി മുന്നിൽ കാണാം. തളിർ കാറ്റേറ്റ് മര ബെഞ്ചുകളിൽ ഇരിക്കാൻ രസമാണ്. അഞ്ച് പേർക്ക് 900 രൂപ നിരക്കിൽ ബോട്ട് സർവീസുമുണ്ടിവിടെ.

ദ്വീപിലൂടെ യാത്ര ചെയ്യുന്നത് തോന്നിപ്പിക്കുന്ന ബോട്ട് യാത്ര. രാവിലെ 10.30ന് തുടങ്ങി വൈകിട്ട് നാലര വരെയാണ് ബോട്ട് സർവീസ്. 15 മിനുട്ടേയുള്ളതെങ്കിലും മറക്കാൻ കഴിയാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്. കോഴിക്കോട്- ബാലുശ്ശേരി- വയലട റൂട്ട് 36 കിലോമീറ്ററാണ്. വയലടയിൽ നിന്ന് 14 കി മീ സഞ്ചരിച്ചാൽ കരിയാത്തുംപാറയെത്തും. ഇവിടെ നിന്ന് 13 കി മീ സഞ്ചരിച്ചാൽ കക്കയം ഡാമിലെത്താം.

ഫാറൂഖ് എടത്തറ • umerul9farooque@gmail.com