Connect with us

Travelogue

പെരിയാർ തീരത്തെ ബ്രിട്ടീഷ് ഗ്രാമം

Published

|

Last Updated

പെരിയാറിന്റെ മനോഹാരിതയും ബ്രിട്ടീഷ് അധിനിവേശ കാലത്തെ ചരിത്ര സ്മാരകങ്ങളും പേറി ഒറു ഗ്രാമം. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ കോതമംഗലത്ത് നിന്ന് ഒമ്പത് കിലോമിറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാലമറ്റമെന്ന ഈ കൊച്ചു ഗ്രാമത്തിൽ പ്രകൃതി ഒരുക്കിയ നിരവധി ദൃശ്യവിസ്മയങ്ങളാണുള്ളത്. പെരിയാറിന്റെ മനോഹാരിത ശരിക്കും ആസ്വാദിക്കാവുന്ന പാലമറ്റത്തിന്റെ സാധ്യതകൾ ആദ്യം കണ്ടറിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഏഷ്യയിൽ ആദ്യമായി റബ്ബർ പ്ലാന്റ് ചെയ്തത് ഇവിടെയാണ്. 1872ൽ അയർലൻഡിൽ ജനിച്ച ജോൺ ജോസഫ് മർഫി എന്നയാൾ റബ്ബർ കൃഷിയിലെ വിജ്ഞാനവുമായി 1900ൽ കടൽ കടന്ന് കൊച്ചിയിൽ എത്തുന്നതോടെയാണ് ഇന്ത്യയിൽ റബ്ബർ കൃഷിക്ക് തുടക്കമാകുന്നത്. ഇദ്ദേഹമാണ് പാലമറ്റത്ത് പെരിയാറിന്റെ തീരത്ത് റബ്ബർ കൃഷി തുടങ്ങുന്നത്. പിന്നീട് ഈ റബ്ബർ തോട്ടം ബ്രിട്ടീഷുകാർക്ക് കൈമാറുകയും മുണ്ടക്കയത്തിന് സമീപം ഏന്തയാറിലേക്ക് മാറുകയുമായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടുന്നതുവരെ കൊച്ചിക്കും മൂന്നാറിനും ഇടയിലുള്ള ബ്രിട്ടീഷുകാരുടെ ഇടത്താവളമായിരുന്നു ഇവിടം.

പാലമറ്റത്തെ റബ്ബർ തോട്ടത്തിന് സമീപം ബ്രിട്ടീഷുകാർ നിർമിച്ച ബംഗ്ലാവ് ഇന്നുമുണ്ട്. ബംഗ്ലാവും റബ്ബർ തോട്ടവും പല മലയാള സിനിമകളിലും ഇടം നേടി. ബംഗ്ലാവിന് സമീപം കൊച്ചിക്കും മൂന്നാറിനും ഇടയിലുള്ള പ്രധാന പോസ്റ്റ് ഓഫീസും അക്കാലത്ത് പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ രാജാവിന്റെ നിർദേശാനുസരണം ഡോ. സലിം അലി 1934ൽ പക്ഷി നിരീക്ഷണത്തിനായി പെരിയാർ തീരമായ തട്ടേക്കാട് എത്തിയിരുന്ന കാലത്ത് ഈ പോസ്റ്റ് ഓഫീസ് വഴിയാണ് കത്തിടപാടുകൾ നടത്തിയതെന്നും പറയപ്പെടുന്നുണ്ട്. ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചതോടെ റബ്ബർ തോട്ടവും ബംഗ്ലാവും വാങ്ങിയ കോട്ടയം സ്വദേശി വളരെ കാലം ബ്രിട്ടീഷ് നിർമിതികൾ സംരക്ഷിച്ചിരുന്നു. എന്നാൽ തോട്ടം അദ്ദേഹത്തിന്റെ പല അവകാശികൾക്കായി വീതം വെച്ചതോടെ ബംഗ്ലാവിന്റെ ഭാഗം ലഭിച്ചയാൾ അത് ആധുനിക രൂപത്തിലാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ഇവയെല്ലാം ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമണെങ്കിൽ ഈ ഗ്രാമത്തിന്റെ കാർഷിക നന്മയുടെ ചരിത്രം വിളിച്ചോതുന്നതാണ് കാളക്കടവ്. ഈ എക്കോ പോയിന്റ് എന്ന മനോഹരമായ പെരിയാറിന്റെ തീരം ഇനിയും സഞ്ചാരികൾ അറിഞ്ഞിട്ടില്ല. ശബ്ദം രണ്ടും മൂന്നും തവണ പ്രതിധ്വനിച്ച് കേൾക്കാവുന്ന ഇവിടം സന്ദർശകർക്ക് പ്രിയപ്പെട്ടതാകും. ഇവിടെ വന്നാൽ ആരുമൊന്ന് കൂകിപ്പോകുമെന്നതാണ് പ്രത്യേകത. ഒരു കാലത്ത് കന്നുകാലികളെ പെരിയാറിന്റെ മറുകരയിലെ കാട്ടിലേക്ക് മേയ്ക്കാൻ വിട്ടിരുന്ന കടവാണ് പിൽക്കാലത്ത് കാളക്കടവായി മാറിയതെന്നാണ് പറയപ്പെടുന്നത്. ഈ ഭാഗത്ത് പെരിയാറിന് അക്കരെയാണ് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും ലോക പ്രശസ്തനായ ഡോ. സലിം അലിയുടെ നാമധേയത്തിലുള്ളതുമായ തട്ടേക്കാട് പക്ഷിസങ്കേതം. കാളക്കടവിൽ നിന്ന് തോണിയിൽ അക്കരെ വനമേഖയിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. തോണിയിൽ ചെന്നിറങ്ങുന്നത് വിശാലമായ പുൽ മൈതാനത്തേക്കാണ്. ചുറ്റും ഇടതൂർന്ന വനവും. വനത്തിന്റെ ഭീകരത പക്ഷികളുടെ കളകളാരവത്തിൽ അലിഞ്ഞില്ലാതാകുന്നു. വനത്തിനകത്ത് ഏതോ ഒരു സായിപ്പിന്റെ സ്ഥലവും ഏറുമാടത്തിന്റെ ഭാഗങ്ങളും ഇപ്പോഴുമുണ്ട്.

ഇവിടെ നിന്ന് ഒരു കിലോമിറ്റർ മാത്രം ദൂരത്താണ് കേരളത്തിലെ ഏറ്റവും നീളംകൂടിയ ഇഞ്ചത്തൊട്ടി തൂക്കുപാലം. പെരിയാറിന്റെ ദൃശ്യവിസ്മയവും തട്ടേക്കാട് പക്ഷിസങ്കേതവും ഇഞ്ചതൊട്ടി തൂക്കുപാലവും ചേലമലയും ബ്രിട്ടീഷ് നിർമിതികളും കാണുന്നതിനായി സ്വദേശികളും വിദേശികളുമടങ്ങിയ നിരവധി സഞ്ചാരികളാണ് ഈ മേഖലയിൽ എത്തുന്നത്.

ലത്വീഫ് കുഞ്ചാട്ട് • latheefkunjattu2009@gmail.com

Latest