Connect with us

Kerala

കേരളം നേരിടാനിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രതിസന്ധി

Published

|

Last Updated

കോഴിക്കോട്: ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് കനത്ത തിരിച്ചടിയാകുന്നു. ആന്റിബയോട്ടിക്കുകളുടെ ക്രമമല്ലാത്ത ഉപയോഗം മൂലം അടുത്ത 10വർഷത്തിനുള്ളിൽ മരുന്നുകളോട് പ്രതികരിക്കാത്ത ഒരു ആരോഗ്യാവസ്ഥ കേരളത്തിൽ സംജാതമാകുമെന്നാണ് സംസ്ഥാന ഫാർമസി കൗൺസിലിന്റെ കണ്ടെത്തൽ. ചെറിയ മരുന്നുകൾ കൊണ്ട് മാത്രം സുഖപ്പെടുന്ന നിസാര അസുഖങ്ങൾക്ക് ആന്റിബയോട്ടിക് മരുന്നുകളെഴുതി നൽകുന്ന ഡോക്ടർമാർ തന്നെയാണ് ഈയൊരു പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദികളെന്നാണ് ഫാർമസി രംഗത്തെ ഉന്നതർ വെളിപ്പെടുത്തുന്നത്.

നിർദേശിക്കപ്പെടുന്ന മരുന്നുകൾ കോഴ്‌സ് മുഴുവനാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്നതാണ് ഈ രംഗത്തെ മറ്റൊരു പ്രതിസന്ധിക്ക് നിദാനം. ആരോഗ്യ രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന 90 തരം ആന്റിബയോട്ടിക്കുകളിൽ 14 എണ്ണം അതീവ സുരക്ഷയോടെ മാത്രം കൈകാര്യം ചെയ്യേണ്ടവയാണ്. ഇവ മെഡിക്കൽ ഷോപ്പുകളിൽ പോലും വിൽപ്പന നടത്താതെ ആശുപത്രി ഐ സി യുകളിലും മറ്റും ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. എന്നാൽ, ഇത്തരം മരുന്നുകളാണ് പലപ്പോഴും ചെറിയ അസുഖങ്ങൾക്ക് പോലും കേരളത്തിൽ ഉപയോഗിക്കുന്നത്.

ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഉയർന്ന ഡോസിലുള്ള ആന്റിബയോട്ടിക്കുകൾ നൽകിയാൽ രോഗം പെട്ടെന്ന് ഭേദമാകുകയും രോഗികളിൽ നിന്ന് നല്ല പ്രതികരണം ലഭ്യമാകുകയും ചെയ്യുന്നുവെന്നതിനാൽ അത്തരം ആന്റിബയോട്ടിക്കുകൾ നൽകാൻ അവർ താത്പര്യം പ്രകടിപ്പിക്കുന്നു. നിർദേശിക്കപ്പെടുന്ന മരുന്നുകൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ രോഗം ചെറിയ രീതിയിൽ ഭേദമാകുന്നതോടെ രോഗികൾ ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് പൂർണമാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. ഇത് കാരണം വമ്പിച്ച പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. കോഴ്‌സ് പൂർണമാകാത്തതുകൊണ്ട് ശരീരത്തിലെ വൈറസ് ഇരട്ടി പ്രഹരശക്തിയോടെ വളരുകയും പിന്നീട് നിലവിൽ സേവിച്ച മരുന്നിന്റെ ഇരട്ടി ശേഷിയുളള മരുന്ന് കഴിക്കേണ്ടി വരികയും ചെയ്യുന്നു.

നിസാര മരുന്നുകൾക്ക് പകരം ഉയർന്ന പ്രഹര ശേഷിയുള്ള ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് മൂലം രോഗിയുടെ ശാരീരികാവസ്ഥ പിന്നീടൊരിക്കലും നിസാര മരുന്നുകൾക്ക് കീഴ്‌പ്പെടാത്ത സാഹചര്യവും സൃഷ്ടിക്കപ്പെടുന്നുണ്ട്.
ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന കേരളം രാജ്യത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന മരുന്നുകളിൽ 20 ശതമാനവും അകത്താക്കുന്നുവെന്നതുകൊണ്ട് തന്നെ ആന്റിബയോട്ടിക് മരുന്നുകൾ ഉണ്ടാക്കാനിരിക്കുന്ന വലിയ വിപത്ത് വരാനിരിക്കുന്നതും കേരളത്തിലായിരിക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.

സ്വയം ചികിത്സയാണ് ആന്റിബയോട്ടിക് ദുരുപയോഗം സംബന്ധിച്ച മറ്റൊരു പ്രധാന ഭീഷണി. ഡോക്ടർ ഒരിക്കൽ കുറിച്ചുകൊടുക്കുന്ന മരുന്ന് രോഗി മറ്റൊരവസരത്തിലും വാങ്ങി ഉപയോഗിക്കുന്നുവെന്നതാണിത്. വളർത്തുമൃഗങ്ങളുടേയും പക്ഷികളുടേയും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ആന്റിബയോട്ടിക്കുകൾ പൊടിച്ചുനൽകുന്നതും കേരളത്തിൽ പതിവായിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പക്ഷികളുടെ മാംസത്തിലൂടേയും മറ്റും മനുഷ്യശരീരത്തിലേക്ക് ആന്റിബയോട്ടിക്കുകളുടെ അംശം കയറിപ്പറ്റുകയും അസംഖ്യം രോഗാണുക്കളുടെ വ്യാപനത്തിന് കാരണമാകുകയും ചെയ്യുന്നു.

മുറിവുണങ്ങാത്ത അവസ്ഥയും മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത സാഹചര്യവും വന്നുപെടാവുന്ന ഈയൊരവസ്ഥ മുന്നിൽകണ്ട് സംസ്ഥാന ഫാർമസി കൗൺസിൽ സംസ്ഥാനത്തുടനീളം കാമ്പയിൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ആന്റിബയോട്ടിക് മരുന്നുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മനുഷ്യശരീരത്തിൽ എത്രയോ ഇരട്ടി ശക്തിയിൽ രൂപപ്പെടുന്ന സൂപ്പർബഗ് എന്ന ആന്റിബയോട്ടിക് റസിസ്റ്റൻസ് ബാക്ടീരിയയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുകയാണ് ലക്ഷ്യം. കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, ക്ലബ്ബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഫാർമസി കൗൺസിൽ ഇത്തരത്തിലൊരു ബോധവത്കരണ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

1928ൽ അലക്‌സാണ്ടർ ഫ്‌ളെമിംഗ് എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയ പെൻസിലിൻ എന്ന ആന്റിബയോട്ടിക്കാണ് ചരിത്രത്തിൽ ഈ ഗണത്തിലുള്ള ആദ്യത്തെ മരുന്ന്. പെൻസിലിന്റെ കണ്ടുപിടിത്തം രണ്ടാം ലോക മഹായുദ്ധത്തിൽ പരുക്കേറ്റവരുടെ മരണനിരക്ക് കുറക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ, പെൻസിലിന്റേയും മറ്റും അശാസ്ത്രീയമായ ഉപയോഗം കാരണം ആധുനിക ലോകത്ത് ഈ മരുന്നിന്റെ പ്രസക്തി നശിപ്പിക്കപ്പെടുന്ന സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.