മൃതദേഹത്തില്‍ നിന്നും മാല മോഷണം: മെഡിക്കല്‍ കോളജ് ജീവനക്കാരി അറസ്റ്റില്‍

Posted on: June 21, 2019 6:05 pm | Last updated: June 21, 2019 at 8:05 pm

തിരുവനന്തപുരം: മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ പന്തളം സ്വദേശി ജയലക്ഷ്മിയാണ് അറസ്റ്റിലായത്.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഇന്നലെ ആശുപത്രിയില്‍കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശിനി രാധ ഇന്ന് മരണപ്പെട്ടിരുന്നു. ഇവരുടെ മാലയാണ് മോഷണം പോയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി എടുത്തപ്പോഴാണ് ഒന്നരപവന്റെ താലി മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് മാല കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. ഇതിന് മുമ്പ് മെഡിക്കല്‍ കോളജില്‍ നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളജ് വികസന സമിതി ആവശ്യപ്പെട്ടു.