ബിനോയ് കോടിയേരി മുംബൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: June 21, 2019 3:04 pm | Last updated: June 21, 2019 at 8:04 pm

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പിഡീപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മംബൈ പോലീസ് തിരയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുംബൈയിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.മുംബൈയിലെ ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അല്‍പസമയത്തിനകം കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. വിട്ടോബ മസൂര്‍ക്കര്‍ എന്ന അഭിഭാഷകനാണ് ബിനോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചു ്‌വെച്ച് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിനോയ് കോടതിയെ സമീപിച്ചിരിക്കുന്നത്.