‘ശുദ്ധ’ വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നത് 80 ശതമാനം പാം ഓയില്‍

Posted on: June 21, 2019 12:46 pm | Last updated: June 21, 2019 at 12:46 pm
മലപ്പുറം കോട്ടപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറിലേക്ക് ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വാറങ്കോട്ടിലെ വൃത്തിഹീനമായ അടുക്കള

മലപ്പുറം: ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും കൂള്‍ബാറിന്റെ പാചക പുരയിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കോട്ടപ്പടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷ്യ എണ്ണകള്‍ പിടികൂടി.

വെളിച്ചെണ്ണയെന്ന വ്യാജേന കുറഞ്ഞ വിലക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പാം ഓയിലും വെളിച്ചെണ്ണയും ശുദ്ധമായ വെളിച്ചെണ്ണ എന്ന തരത്തില്‍ വില്‍പ്പന നടത്തിയിരുന്ന ഭക്ഷ്യ എണ്ണയാണ് പിടികൂടിയവയില്‍ ഏറെയും. 80 ശതമാനം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയുമാണ് ഇത്തരം വെളിച്ചെണ്ണകളില്‍ ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വിപണിയില്‍ 40 രൂപയില്‍ താഴെ വരുന്ന ഇത്തരം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയും കലര്‍ത്തി 140 രൂപ വരെയാണ് ശുദ്ധമായ വെളിച്ചെണ്ണയെന്ന പേരില്‍ ഹോള്‍സെയില്‍, റീട്ടെയില്‍ വിപണിയില്‍ വിൽക്കുന്നത്. ഉപഭോക്താക്കളെ വഞ്ചിച്ച് എണ്ണ വില്‍പ്പന നടത്തിയ വ്യാപാരികള്‍ക്ക് പരിശോധനയില്‍ പിഴ ചുമത്തി. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മലപ്പുറത്തെ സ്വകാര്യ കൂള്‍ബാറിന്റെ വാറങ്കോട് പ്രവര്‍ത്തിക്കുന്ന പാചക പുര ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടി സീല്‍ ചെയ്തു.

ഇതിന്റെ അടുക്കളയിലും ഭക്ഷണം പാകം ചെയ്യുന്ന അടുപ്പിന് സമീപം മലിന ജലം കെട്ടി നില്‍കുന്ന സാഹചര്യമാണ്. കൂടാതെ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന കിണറും മലിനമായി കിടക്കുകയായിരുന്നെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ അറിയിച്ചു.

കോട്ടപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലേക്ക് ഇവിടെ നിന്നാണ് ഭക്ഷണം പാകം ചെയ്തു കൊണ്ടുവരുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടത്തിലാണ് ഭക്ഷണനിര്‍മാണ ശാല പ്രവര്‍ത്തിക്കുന്നത്. എലിയും പാറ്റയും ഉൾപ്പെടെയുള്ള ജന്തുക്കളും ഇവിടെയുണ്ട്. പരിശോധന നടത്തിയതിനെ തുടര്‍ന്ന് അടുക്കള ഇവിടെ നിന്നും മാറ്റാമെന്ന് ഉടമസ്ഥന്‍ അറിയിച്ചിട്ടുണ്ട്. പരിശോധനക്ക് അസി. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പി കെ ജനാര്‍ഥനന്‍, റമിത നേതൃത്വം നല്‍കി.