Connect with us

Editorial

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുമ്പോള്‍

Published

|

Last Updated

പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” അജന്‍ഡയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക് 40 പാര്‍ട്ടികളെ ക്ഷണിച്ചിരുന്നെങ്കിലും 21 കക്ഷികള്‍ മാത്രമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി എം കെ, സമാജ് വാദി പാര്‍ട്ടി, ബി എസ് പി തുടങ്ങിയ കക്ഷികള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഇടതു കക്ഷികള്‍ പങ്കെടുത്തെങ്കിലും ഒറ്റത്തവണ തിരഞ്ഞെടുപ്പ് എന്ന ആശയത്തോട് അവര്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യോഗം.

ബി ജെ പി പ്രകടന പത്രികയിലെ ആശയമാണ് “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”. പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ വല്ലാത്ത താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പദ്ധതി നടപ്പാക്കാന്‍ ബി ജെ പി ആലോചിച്ചിരുന്നതുമാണ്.

ഇതുസംബന്ധിച്ച് 2018 ആഗസ്റ്റ് 18ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയമകാര്യ കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നിച്ചു നടത്തണമെങ്കില്‍ കൂടുതല്‍ വോട്ടിംഗ് മെഷീനുകള്‍ വാങ്ങേണ്ടതുണ്ടെന്നും ഇതിന് 4,555 കോടി രൂപ അധിക ചെലവ് വരുമെന്നതിനാല്‍ ഇത്തവണ അത് സാധ്യമല്ലെന്ന മറുപടിയാണ് നിയമ കമ്മീഷന്‍ നല്‍കിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്തും ഈ ആശയത്തെ എതിര്‍ത്തു. അധികച്ചെലവിന് പുറമെ ഭരണഘടനാപരമായ തടസ്സങ്ങളും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമപരമായ നൂലാമാലകളും ഒ പി റാവത്ത് ചൂണ്ടിക്കാട്ടി. ഒരുമിച്ച് നടത്തണമെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് കാലാവധി അവസാനിക്കാത്ത നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. കാലാവധി അവസാനിച്ച നിയമസഭകളുടെത് തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊടുക്കുകയും ചെയ്യണം. ഇതിന് ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമാണ്.

തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുകയെന്നത് തന്റെയോ ബി ജെ പിയുടെയോ അജന്‍ഡയല്ല, രാജ്യത്തിന്റെ അജന്‍ഡയാണെന്ന് മോദി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ബി ജെ പിക്ക് പൂര്‍ണമായും ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ആധിപത്യം സ്ഥാപിക്കാനുള്ള കുറുക്കു വഴി എന്നതുള്‍പ്പെടെ ഇതിന്റെ പിന്നില്‍ ചില ഹിഡന്‍ അജന്‍ഡകളുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികള്‍ വിശ്വസിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ പ്രശ്‌നങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക പ്രശ്‌നങ്ങളുമാണ് പ്രചാരണ വേദികളില്‍ സാധാരണ ഉന്നയിക്കപ്പെടാറുള്ളത്. ഈ ഘട്ടത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുമ്പോള്‍ ദേശീയ ട്രെന്‍ഡ് തിരഞ്ഞെടുപ്പിന് കൈവരികയും ദേശീയ സാഹചര്യങ്ങള്‍ അനുകൂലമായവര്‍ക്ക് സംസ്ഥാനങ്ങളില്‍ കൂടി ആധിപത്യം നേടാനാകുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഇത് ബി ജെ പിക്കാണ് ഗുണം ചെയ്യുക. സംസ്ഥാന വിഷയങ്ങള്‍ എടുത്തിട്ട് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രാദേശിക കക്ഷികളെ ഇത് പ്രയാസത്തിലാക്കുകയും ചെയ്യും. ചെറിയ കക്ഷികളെ നശിപ്പിക്കാനാണ് ഇതിലൂടെ ബി ജെ പി ശ്രമിക്കുന്നതെന്നാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ പ്രതികരണം.

ജനാധിപത്യത്തിനു ക്ഷതമേല്‍പ്പിക്കുമെന്നതാണ് ഒന്നിച്ചു നടത്തുന്നതിന്റെ മറ്റൊരു വിപത്ത്. സര്‍ക്കാറുകള്‍ വഴിതെറ്റുമ്പോള്‍ അവരെ തിരുത്താന്‍ ജനങ്ങളുടെ കൈവശമുള്ള ഫലപ്രദമായ ആയുധമാണ് വോട്ട്. ഇടക്കിടെ വരുന്ന തിരഞ്ഞെടുപ്പിനെ ഭയന്നാണ് വാഗ്ദാനങ്ങള്‍ കുറേയെങ്കിലും നിറവേറ്റാനും ഭരണ രംഗത്ത് ഉത്തരവാദിത്തം നിര്‍വഹിക്കാനും സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും സന്നദ്ധമാകുന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും നിരക്കാത്ത പല അജന്‍ഡകളും ബി ജെ പി സര്‍ക്കാര്‍ ഇവിടെ നടപ്പാക്കാതിരിക്കുന്നതും ഇതുകൊണ്ടാണ്. എല്ലാ തിരഞ്ഞെടുപ്പുകളും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകുമ്പോള്‍, അത്രയും കാലം ജനങ്ങള്‍ ബാലറ്റ് പേപ്പറിലൂടെ പ്രതികരിക്കില്ലെന്ന ധൈര്യത്തില്‍, ജനകീയ പ്രതിഷേധവും ഭരണവിരുദ്ധ വികാരവും കണ്ടില്ലെന്നു നടിച്ച് ഭരണത്തിലിരിക്കുന്നവര്‍ തങ്ങളുടെ വര്‍ഗീയ, കുടില അജന്‍ഡകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കും. നോക്കിനില്‍ക്കാനല്ലാതെ ജനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അധികാര കേന്ദ്രീകരണത്തിനും ഏകകക്ഷി മേധാവിത്തത്തിനും അവസരമൊരുക്കുകയും ചെയ്യും. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ജനവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാറിനെതിരെ അവിശ്വാസം കൊണ്ടുവരാനും പുറത്താക്കാനും നിയമസഭക്കും പാര്‍ലിമെന്റിനും അവകാശമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ബദല്‍ സര്‍ക്കാറിന് സാധ്യതയില്ലെങ്കില്‍ ഇടക്കാല തിരഞ്ഞെടുപ്പാണ് വഴി. തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിലൊരിക്കലാക്കിയാല്‍ പിന്നെ ഭരണച്ചുമതല രാഷ്ട്രപതിയുടെയോ സംസ്ഥാന തലത്തില്‍ ഗവര്‍ണറുടെയോ കൈകളിലാണ് എത്തിച്ചേരുക. ഇത് കേന്ദ്ര ഭരണ കക്ഷിയുടെ പിന്‍വാതില്‍ ഭരണത്തിലാണ് എത്തിച്ചേരുക. സാമ്പത്തിക ലാഭം, മനുഷ്യ ശേഷിയിലെ ലാഭം തുടങ്ങി തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിന്റെ നേട്ടങ്ങള്‍ സര്‍ക്കാറിന് ഒട്ടേറെ നിരത്താനുണ്ടെങ്കിലും ഏറെ അപകടങ്ങള്‍ ഇതിനു പിന്നില്‍ പതിയിരിപ്പുണ്ട്.