കള്ളനോട്ടുമായി തൃശൂരില്‍ സഹോദരങ്ങള്‍ പിടിയില്‍; സംസ്ഥാനത്ത് വ്യാപകമായി ഇവര്‍ കള്ളനോട്ട് വിതരണം ചെയ്തു

Posted on: June 20, 2019 10:23 pm | Last updated: June 21, 2019 at 12:57 pm

തൃശൂര്‍: രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളുമായി തൃശൂരില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ആലപ്പുഴ വടുതല പള്ളിപ്പറമ്പില്‍ ബെന്നി ബെര്‍ണാഡ് (39), സോഹദരന്‍ ജോണ്‍സണ്‍ ബെര്‍ണാഡ് (31) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതില്‍ ബെന്നി ഒരു കൊലപാതക കേസിലെ പ്രതിയുമാണ്.

രണ്ടായിരത്തിന്റെ ഒമ്പത് കള്ളനോട്ടുമായി തൃശൂര്‍ ശക്തന്‍ ബസ്റ്റാന്റില്‍വെച്ചാണ് ബെന്നിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനും ഓട്ടോ ഡ്രൈവറുമായ ജോണ്‍സനെ പിടികൂടിയത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രതികള്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ ഇതിനകം വിതരണം ചെയ്തതായി പോലീസ് പറഞ്ഞു.
1.21 ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് അച്ചടിക്കാന്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മിത മഷിയും പോലീസ് കണ്ടെടുത്തു. തൃശൂരിലെ ചില കടകളില്‍ ഇവര്‍ കള്ളനോട്ടുകള്‍ നല്‍കിയ നേരത്തെ സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇത്തരത്തില്‍ പല കടകളിലും കള്ളനോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടായിരത്തിന്റെ 45 നോട്ടുകളും അഞ്ചൂറിന്റെ 26 നോട്ടുകളും 50 രൂപയുടെ ഒരു കള്ളനോട്ടും കണ്ടെടുത്തു.
2005ല്‍ പാലക്കാട് തിലകന്‍ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കൊന്ന കേസിലാണ് ബെന്നിക്ക് മേല്‍ കൊലക്കുറ്റമുള്ളത്.

ഒരു ലക്ഷം രൂപയുടെ നല്ലനോട്ട് നല്‍കിയാണ് രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് നല്‍കലായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രതികള്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.