Connect with us

National

നായിഡുവിന്റെ കാലുവാരി നാല്‌ ടി ഡി പി എം പിമാര്‍ ഒറ്റയടിക്ക് ബി ജെ പിയില്‍

Published

|

Last Updated

ഹൈദരാബാദ്: അധികാരത്തിന്റെ തണല്‍ തേടിയുള്ള നേതാക്കളുടെ കൂടുമാറ്റം രാജ്യത്ത് തുടരുന്നു. ഏറ്റവും ഒടുവിലായി ആന്ധ്രയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ മൂന്ന് രാജ്യസഭ എം പിമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ആകെയുള്ള ആറ് എം പിമാരില്‍ ഒരാള്‍കൂടി അടുത്ത ദിവസം ബി ജെ പിയിലെത്തുത്തും. ഇതോടെ ഇതോടെ കാലുമാറിയ എം പിമാരുടെ എണ്ണം നാലാകും.

ബി ജെ പിക്ക് എതിരെ ദേശീയ അടിസ്ഥാനത്തില്‍ ഐക്യം കെട്ടിപ്പടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ശ്രമിക്കുന്നതിനിടെയാണ് സ്വന്തം പാളയില്‍ നിന്ന് ഇത്തരം ഒരു തിരിച്ചടിയുണ്ടായത്.

എം പിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ് എന്നീ എം പിമാരാണ് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറിയത്. ജി മോഹന്‍ റാവു എന്ന എംപിയാണ് അടുത്ത ദിവസം ബി ജെ പിയില്‍ ചേരുക.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികളെ ഒരുമിക്കാന്‍ മുന്നില്‍ നിന്നത് ചന്ദ്രബാബു നായിഡുവായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട അദ്ദേഹം ഇപ്പോള്‍ വിദേശത്താണ്. അവധിക്കാലം ആഘോഷിക്കാന്‍ പോയതാണെന്നാണ് റിപ്പോര്‍ട്ട്. ഇ തക്കം നോക്കിയാണ് സ്വന്തം രാജ്യസഭ എം പിമാര്‍ അദ്ദേഹത്തെ കാലുവാരിയിരിക്കുന്നത്.

രാജ്യസഭയില്‍ നിലവില്‍ ഭൂരിപക്ഷമില്ലാത്ത ബി ജെ പിക്ക് സ്വന്തം കളത്തിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയെന്നത് നിര്‍ണായകമാണ്. മുത്തലാഖുള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകള്‍ പാര്‍ലിമെന്റില്‍ പാസാക്കാന്‍ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബി ജെ പിക്ക് ആവശ്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ബി ജെ പി കരുക്കള്‍ നീക്കുന്നത്. നാല് എം പിമാരും ബി ജെ പി അധ്യക്ഷന്‍ കൂടിയായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.