Connect with us

Ongoing News

"വീണുകിടക്കുന്നത് ഉമ്മാക്ക് സഹിക്കില്ല; പെട്ടെന്ന് എഴുന്നേറ്റത് അതുകൊണ്ടാണ്"

Published

|

Last Updated

പരുക്കേറ്റ് കിടക്കുന്ന ശാഹിദി 

ലണ്ടൻ: “ഞാൻ വീണുകിടക്കുന്നത് ഉമ്മാക്ക് സഹിക്കില്ല. കഴിഞ്ഞ വർഷം എന്റെ ഉപ്പ മരിച്ചതാണ്. ഇനിയും ഉമ്മായെ വേദനിപ്പിക്കാൻ വയ്യ. അതുകൊണ്ടാണ് വേദനയുണ്ടായിട്ടും ഞാൻ എഴുന്നേറ്റത്.” മാതാവിനെ ഇത്രമാത്രം സ്‌നേഹിക്കുന്ന മകൻ അഫ്ഗാനിസ്ഥാൻ താരം ഹശ്മത്തുല്ല ശാഹിദിയാണ്. ഇംഗ്ലണ്ടുമായുള്ള മത്സരത്തിനിടെ മിന്നൽ ബൗൺസർ ഹെൽമറ്റിൽ കൊണ്ട് നിലത്ത് വീണതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ശാഹിദിയുടെ ഈ ഹൃദ്യമായ മറുപടി.
മാർക് വുഡിന്റെ 141 കി മീ വേഗതയിലുള്ള ബൗൺസറായിരുന്നു അത്. ഹഷ്മത്തുല്ല നിലത്തുവീണതോടെ താരങ്ങളും ഒഫീഷ്യൽസും ഓടിയെത്തി. മത്സരം അൽപസമയത്തേക്ക് നിർത്തിവെച്ചു. വൈദ്യസംഘമെത്തി താരത്തെ പരിശോധിച്ചിരുന്നു. ഈ സമയം 54 പന്തിൽ 24 റൺസെടുത്ത് നിൽക്കെയായിരുന്നു താരം.

പന്ത് കൊണ്ട് “എന്റെ ഹെൽമെറ്റ് പൊട്ടിയിരുന്നു. ഗ്രൗണ്ടിലെത്തിയ ഡോക്ടർമാർ പറഞ്ഞത് കളി നിർത്താനാണ്. എന്നാൽ ടീമിന് എന്നെ ആവശ്യമുണ്ടെന്ന് അറിയാമായിരുന്നു. മാത്രമല്ല ഉമ്മ ടി വിയിൽ കളി കാണുന്നുണ്ടാകുമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് വേദന ഉണ്ടായിട്ടും വേഗത്തിൽ എഴുന്നേറ്റത്. അല്ലെങ്കിൽ ഉമ്മ പേടിക്കും.” ശാഹിദി പറഞ്ഞു. പരുക്കേറ്റിട്ടും ക്രീസിൽ തുടർന്ന താരം 100 പന്തിൽ 76 റൺസെടുത്താണ് പുറത്തായത്. ഈ 24കാരനായിരുന്നു അഫ്ഗാന്റെ ടോപ്പ് സ്‌കോററും.