പീഡനക്കേസ്: ബിനോയ് കോടിയേരി നാട്ടില്‍ നിന്ന് മുങ്ങിയതായി സൂചന

Posted on: June 20, 2019 11:14 am | Last updated: June 20, 2019 at 11:14 am

കണ്ണൂര്‍: വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി ബിനോയ് കോടിയേരി നാട്ടില്‍ നിന്ന് മുങ്ങിയതായി സൂചന. ബിനോയ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസുമായി മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് കോടിയേരിയിലെ വീട്ടിലെത്തിയെങ്കിലും ബിനോയ് വീട്ടിലുണ്ടായിരുന്നില്ല. ബിനോയിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്നും സൂചനയുണ്ട്.

ബുധനാഴ്ച എസ് പി ഓഫീസിലെത്തി ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനെ കണ്ട് സംസാരിച്ച ഓഷിവാര പോലീസുദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവെന്നും ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ ഓഷിവാര പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന കാലത്താണ് ബിനോയി യുവതിയെ പരിചയപ്പെട്ടത്. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. 2009ല്‍ താന്‍ ഗര്‍ഭിണിയാവുകയും തുടര്‍ന്ന് മുംബൈയിലേക്കു താമസം മാറുകയും ചെയ്തു. ഇതിനിടെ ബിനോയ് ഇടക്കിടെ ദുബൈയില്‍ നിന്നും മുംബൈയില്‍ വന്നു പോകാറുണ്ടായിരുന്നുവെന്നും മാസംതോറും പണമയച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസ്സിലാക്കിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. എന്നാല്‍, യുവതിയെ അറിയാമെന്നല്ലാതെ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നും പരാതിയെ നിയമപരമായി നേരിടുമെന്നുമാണ് ബിനോയ് പറഞ്ഞത്.