Connect with us

Articles

വഴിപിഴക്കുന്ന പുരോഗമന ശാഠ്യങ്ങള്‍

Published

|

Last Updated

ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ഭരണകൂടം അധികാരത്തിലിരിക്കെ തന്നെ കേരളത്തില്‍ ഇടതുപക്ഷത്തിന് ദയനീയ പരാജയം സംഭവിച്ചിരിക്കുന്നു. തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന സി പി എം സംസ്ഥാന സമിതി പരാജയ കാരണങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവെക്കുകയും ചെയ്തിട്ടുണ്ട്.

മോദി വീണ്ടും അധികാരത്തിലെത്തുന്നതിനെ തടയാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ എം പിമാര്‍ ഉണ്ടാകുക മാത്രമേ പരിഹാരമുള്ളൂ എന്ന യു ഡി എഫ് പ്രചാരണത്തില്‍ ജനങ്ങള്‍ വീണു പോയെന്നാണ് സി പി എം പറഞ്ഞു വെക്കുന്ന കാരണങ്ങളില്‍ ഒന്ന്. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ശരിയായി മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാനും നിലപാടുകള്‍ സമര്‍ഥിക്കാനും പാര്‍ട്ടിക്ക് കൃത്യമായി കഴിഞ്ഞില്ലെന്ന യാഥാര്‍ഥ്യം ഇവിടെയുണ്ട്. അതേസമയം, ജനങ്ങളുടെ മനോനിലയെ കുറ്റപ്പെടുത്തും വിധത്തിലുള്ള ചില വിശകലനങ്ങളും പുറത്ത് വന്നിരിക്കുന്നു. ബി ജെ പിക്ക് വോട്ട് ചെയ്യാത്ത മലയാളികളുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ ബി ജെ പിയുടെ വി മുരളീധരന്റെ നിലപാടിനോട് ചേര്‍ത്ത് വെക്കാവുന്നത് തന്നെയാണ് ഈ വിലയിരുത്തലുമെന്ന് അനുമാനിക്കാം.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലപ്പുറമായുള്ള ചില അമിതാവേശം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നത് വസ്തുതയാണ്. നവോത്ഥാന സമിതി രൂപവത്കരിച്ചും വനിതാ മതില്‍ കെട്ടിയും സ്ത്രീ സമത്വത്തിന്റെ ആവശ്യകതയുയര്‍ത്തിയ സര്‍ക്കാര്‍, ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലും അതേ നിലപാട് തന്നെ സ്വീകരിച്ചു.

ഇപ്പോള്‍ വിശ്വാസികളോടുള്ള സമീപന കാര്യത്തില്‍ സി പി എം പുനരാലോചനക്ക് തയ്യാറാകുകയാണ്. കേരളം പോലുള്ള, വിവിധ മതവിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന നാടുകളില്‍ മതത്തെയും വിശ്വാസികളെയും പടിക്ക് പുറത്ത് നിറുത്തി അധികാരം പിടിക്കാന്‍ സാധിക്കില്ലെന്നതാണ് സത്യം. ഓരോ നയസമീപനങ്ങള്‍ സ്വീകരിക്കുമ്പോഴും എല്ലാ പാര്‍ട്ടികളും ഇക്കാര്യം ആലോചിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിശ്വാസികളോട് വിശാല മനസ്‌കത കാണിച്ചാല്‍ എക്കാലത്തും പിടിച്ചുനില്‍ക്കാന്‍ സാധിക്കണമെന്നില്ല.

ഇടതു പുരോഗമന ആശയങ്ങള്‍ മതവിശ്വാസികളുടെ മേല്‍ കൂടി ചാര്‍ത്തി നല്‍കണമെന്ന ശാഠ്യം ഉപേക്ഷിക്കാതെ ഈ പ്രതിസന്ധിയില്‍ നിന്ന് തലയൂരാന്‍ സി പി എമ്മിനാകില്ല. പുരോഗനം, നവോത്ഥാനം തുടങ്ങിയ ഭംഗിവാക്കുകള്‍ ഉപയോഗിക്കാം. പക്ഷേ, മതനിയമങ്ങളെയും കാഴ്ചപ്പാടുകളെയും തിരുത്താന്‍ മുതിര്‍ന്നാല്‍ വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്. കമ്മ്യൂണിസത്തിന് പുറത്തുള്ളവരുടെ ന്യായങ്ങള്‍ക്കനുസരിച്ച് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനാശയമായ വൈരുധ്യാത്മക ഭൗതികവാദത്തില്‍ മാറ്റം വരുത്താനോ മാര്‍ക്‌സിയന്‍ സാമ്പത്തിക വീക്ഷണത്തെ തള്ളിപ്പറയാനോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെന്ന പ്രമാണത്തെ തിരുത്താനോ ഇടതുപക്ഷ പ്രവര്‍ത്തകരിലെത്ര പേര്‍ തയ്യാറാകുമെന്ന കാര്യം മാത്രം ചിന്തിച്ചാല്‍ വിശ്വാസികളുടെ വികാരം മനസ്സിലാക്കാനാകും.

പുരോഗമന നാട്യങ്ങളുടെ പേരില്‍ മതനവീകരണ വാദികളായ ഈര്‍ക്കിള്‍ കൂട്ടങ്ങളെ തലോടുന്ന ഇടതുപക്ഷ നിലപാടിന് വിശ്വാസികളില്‍ ഭൂരിപക്ഷത്തിനെയും അകറ്റാനേ കഴിയുകയുള്ളൂവെന്ന തിരിച്ചറിവും പ്രധാനമാണ്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം സ്ത്രീയുടെ പള്ളിപ്രവേശനം കൂടി സാധ്യമാക്കണമെന്ന സഖാക്കളുടെ ആവേശാഹ്വാനങ്ങള്‍ പാരമ്പര്യ വിശ്വാസികളായ മുസ്‌ലിം ഭൂരിപക്ഷത്തെ വേദനിപ്പിച്ചുവെന്നതില്‍ സംശയമില്ല.

നവോത്ഥാന സമിതിയിലെ മുസ്‌ലിം പ്രതിനിധികള്‍ ആരൊക്കെയായിരുന്നു? ഇവരില്‍ ഏത് സംഘടനകളുടെയൊക്കെ വോട്ട് സ്വന്തം ചിഹ്നത്തില്‍ വീണു? ഇക്കാര്യത്തിലൊക്കെ ഗൗരവതരമായ ആലോചനക്ക് പാര്‍ലിമെന്ററി സ്വപ്‌നങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ ഇടതുപക്ഷം തയ്യാറാകേണ്ടതുണ്ട്. ഇവര്‍ക്കൊക്കെ പൊതുവായുള്ള ഈര്‍ക്കിള്‍ ഭാവം മാറ്റിവെച്ചാല്‍ തന്നെ ആലോചിക്കേണ്ട വിഷയങ്ങള്‍ വേറെയുമുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുള്ള ജമാഅത്തെ ഇസ്‌ലാമിയായിരുന്നു നവോത്ഥാന വട്ടമേശയിലെ ഒരു കൂട്ടര്‍ (ആര്‍ എസ് എസിന്റെ ഇസ്‌ലാമിക മുഖമാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന വെളിപാടുകള്‍ ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ടെന്നത് മറ്റൊരു കാര്യം). കാലങ്ങളായി മുസ്‌ലിം ലീഗിനും യു ഡി എഫിനും വോട്ട് പതിച്ചു നല്‍കുന്ന സലഫീ സംഘടനകളായിരുന്നു മറ്റൊരു വിഭാഗം. ചുരുക്കത്തില്‍ ഇക്കൂട്ടരെ കൊണ്ട് ഒരു വോട്ട് പോലും ഇടതുപക്ഷത്തിന് കൂടുതലായി ലഭിച്ചില്ലെന്ന് മാത്രമല്ല, കിട്ടുന്ന വോട്ടില്‍ അത് വിള്ളലുണ്ടാക്കുകയും ചെയ്തു. മുസ്‌ലിം ലീഗിലെ സലഫി അപ്രമാദിത്വത്തിലും സുന്നിവിരുദ്ധ നിലപാടിലും അസംതൃപ്തിയുള്ള ഒരു വിഭാഗമാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം വോട്ടുകള്‍ ഇടതുപക്ഷത്തിന് നല്‍കുന്നത്. ഈ സത്യത്തെ അവഗണിക്കും വിധത്തിലുള്ള നവോത്ഥാന നീക്കങ്ങള്‍ അത്യന്തം പ്രകോപനപരം തന്നെയായിരുന്നു.

സലഫിസം പ്രതിക്കൂട്ടിലാക്കപ്പെടുന്ന ഐ എസ് – ആട് മേയ്ക്കല്‍ കാലത്തും അവരുടെ നവോത്ഥാനത്തെ പുണരാനുള്ള ഇടതുപക്ഷ നീക്കം പരിഹാസ്യവും മുസ്‌ലിം പാരമ്പര്യത്തെ അവഹേളിക്കുന്നതുമാണ്. പാരമ്പര്യ മുസ്‌ലിംകളെ അപരിഷ്‌കൃതരും അവിശ്വാസികളുമായി ഗണിക്കുന്ന സലഫീ നേതൃത്വത്തെ പുകഴ്ത്തുന്ന പ്രവണത നിലപാടിന്റെ പേരിലാണെങ്കിലും സമുദായത്തോടുള്ള ജൈവിക ബന്ധത്തിന്റെ അഭാവം കൊണ്ടാണെങ്കിലും പൊറുക്കാവുന്ന ഒന്നല്ല.
ഇടതു ലിബറല്‍ മതേതരവാദത്തിന്റെ പേരില്‍ എസ് എഫ് ഐയും ഡി വൈ എഫ് ഐയും മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ വിശ്വാസികള്‍ക്ക് വലിയ മനോവേദന സൃഷ്ടിക്കുന്ന രൂപത്തിലേക്ക് പലപ്പോഴും മാറിയിട്ടുണ്ട്. തട്ടമിട്ട് പെണ്‍ സഖാക്കള്‍ നടത്തിയ ഫ്‌ളാഷ്‌മോബുകള്‍ അത്രമേല്‍ പ്രകോപനപരമായിരുന്നു. “മത വര്‍ഗീയവാദികളുടെ ഫത്‌വകളെ വെല്ലുവിളിച്ച് കൊണ്ട് എസ് എഫ് ഐ ഫ്‌ളാഷ് മോബ്” എന്ന തലക്കെട്ട് തന്നെ അത് പറഞ്ഞുതരും. ആരോ ചെയ്ത അബദ്ധ ഇടപെടലുകള്‍ക്ക് ഒരു സമുദായത്തെ മൊത്തം അപഹസിക്കുകയായിരുന്നു ഇതിലൂടെ.

വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലിബറല്‍ വാദങ്ങളുടെയും മറപിടിച്ച് മിശ്രവിവാഹക്കാര്യത്തില്‍ ഡി വൈ എഫ് ഐക്കാര്‍ കാണിക്കുന്ന അമിതാവേശത്തിലും വിശ്വാസ വിരുദ്ധതയുണ്ട്. “മതേതര” കല്യാണങ്ങള്‍ പലതും നടക്കുന്നത് പൂജ നടത്തിയും ക്ഷേത്രത്തില്‍ പോയി താലി കെട്ടിയുമൊക്കെയാണെന്നതും ശ്രദ്ധേയമാണ്. മിശ്രവിവാഹത്തിന്റെ അംബാസഡര്‍മാര്‍ ഹാദിയാ കാലത്ത് കൈക്കൊണ്ട അതിക്രൂര മൗനവും മതേതര കേരളം മറന്നിട്ടുണ്ടാകില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പഴുതില്‍ വിശ്വാസികള്‍ പലപ്പോഴും വേട്ടയാടപ്പെട്ടു. മുസ്‌ലിംകളെ പ്രാകൃതരാക്കി അവതരിപ്പിക്കുന്നതും ഇസ്‌ലാമിലൊരിടത്തുമില്ലാത്ത മുസ്‌ലിം സ്ത്രീയുടെ വാങ്ക് വിളിയെ പ്രശ്‌നവത്കരിക്കുന്നതുമായ “കിതാബ്” നാടകത്തിന് പിന്നിലെ ഇടതുപക്ഷ കരങ്ങളെക്കുറിച്ചറിയാത്തവരില്ല. ആ നാടകത്തെ വീണ്ടും വീണ്ടും അവതരിപ്പിക്കാനും അവര്‍ ശ്രമങ്ങള്‍ തുടര്‍ന്നു. കഠാരയേന്തിയ സഖാവിനെ ചിത്രീകരിക്കുന്നതിനെതിരില്‍ വാദിക്കുന്നവര്‍ കത്തിയേന്തിയ മൊല്ലാക്കയെ അവതരിപ്പിക്കാന്‍ വ്യഗ്രതപ്പെട്ടുവെന്ന വൈരുധ്യാത്മക ആവിഷ്‌കാരവാദവും ഇവിടെയുണ്ട്. ശബരിമല മുതല്‍ നിഖാബ് വരെയുള്ള വിഷയങ്ങളില്‍ ഇടതുപക്ഷം കാഴ്ചവെച്ച പ്രകടനങ്ങള്‍ വിശ്വാസികളെ കൂടുതല്‍ മുറിപ്പെടുത്തുന്നതായിരുന്നു. മതവിരുദ്ധ ട്രോളുകളാല്‍ സമ്പന്നമാണ് പലപ്പോഴും ഇവരുടെ ഫേസ്ബുക്ക് വാളുകള്‍. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് ഇവരില്‍ വലിയൊരു വിഭാഗവുമെന്നത് കൊണ്ട് സ്വന്തം ദേശങ്ങളിലെ വിശ്വാസികളെ അകറ്റാന്‍ ഇവര്‍ തന്നെ ധാരാളമാകും.

ഇസ്‌ലാമിക വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുമുണ്ട് ഇടതുപക്ഷ ചേരിയില്‍. ഇതിന്റെ പ്രത്യാഘാതമേല്‍ക്കുന്നത് പാര്‍ട്ടിക്ക് തന്നെയായിരിക്കുമെന്ന ബോധ്യം ഇനിയെങ്കിലുമുണ്ടാകണം. രാജ്യത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിച്ച് വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

aliakbarkoorad333@gmail.com

Latest