Kerala
ശ്രദ്ധക്ഷണിക്കലില്‍ നിന്ന് പിന്‍മാറിയത് എന്തിനെന്ന് ലീഗ് വ്യക്തമാക്കണം: കാരാട്ട് റസാഖ്

മലപ്പുറം: ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ മുസ്ലിംലീഗ് പിന്‍മാറിയത് ഭയത്താലാണെന്ന് ഇടത് എം എല്‍ എ കാരാട്ട് റസാഖ്. ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയ ലീഗ് എന്തിന് പിന്തിരിഞ്ഞെന്നും റസാഖ് ചോദിച്ചു. ഇത്തരം ഒരു ആവശ്യം മുന്നോട്ടുവന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നടപ്പാക്കുമെന്ന് ലീഗ് ഭയപ്പെടുന്നുണ്ടെന്നും റസാഖ് പറഞ്ഞു.
ലീഗ് എം എല്‍ കെ എന്‍ എ ഖാദറാണ് മലപ്പുറം ജില്ലാ വിഭജനവുായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഖാദറിനെ പിന്തിരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് എതിര്‍ത്തേക്കാമെന്ന ഭയത്താല്‍ വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്ത ശേഷം നിയമസഭയില്‍ ഉന്നയിച്ചാല്‍ മതിയെന്ന് നേതൃത്വം ഖാദറിനെ അറിയിക്കുകയായിരുന്നു.
മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെടുന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ഇന്ന് നിയമ സഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ കെ എന്‍ എ ഖാദറിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്പ് വരെ മലപ്പുറം ജില്ലാ വിഭജനത്തെ ശക്തമായി പിന്തുണച്ച മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാട് മാറ്റിയത്തിന്റെ കാരണം വ്യക്തമല്ല.