അദിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കും

Posted on: June 18, 2019 3:10 pm | Last updated: June 18, 2019 at 6:33 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കും. രാഹുല്‍ ഗാന്ധിയുടെയും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുടെയും സാന്നിധ്യത്തില്‍ ഇന്ന് രാവിലെ നടന്ന പാര്‍ട്ടി നയതന്ത്ര സമിതി യോഗത്തിന്റെതാണ് തീരുമാനം. പശ്ചിമ ബംഗാളിലെ നബാഗ്രാമില്‍ നിന്നുള്ള എം പിയാണ് ചൗധരി.
സ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് ചൗധരിയുടെ പേര് നിര്‍ദേശിക്കപ്പെടുകയും യോഗം അംഗീകരിക്കുകയും ചെയ്തത്.

ചൗധരിയാണ് പാര്‍ട്ടിയെ ലോക്‌സഭയില്‍ നയിക്കുകയെന്ന് വ്യക്തമാക്കുന്ന കത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പ്രധാന സെലക്ഷന്‍ കമ്മിറ്റികളിലെല്ലാം പാര്‍ട്ടിയുടെ പ്രതിനിധി ചൗധരിയായിരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനമേറ്റെടുക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കുകയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടിയെ ലോക്‌സഭയില്‍ ആരു നയിക്കുമെന്ന കാര്യം ചര്‍ച്ചയായത്. അധ്യക്ഷന്‍ രാഹുല്‍ തന്നെ സഭയിലും പാര്‍ട്ടിയെ നയിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം. അധ്യക്ഷ പദവി ഒഴിയുന്ന കാര്യത്തില്‍ രാഹുല്‍ ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ആഴ്ചകളോളം പ്രതിസന്ധി നിലനിന്നു.

17ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം ചൊവ്വാഴ്ച ചേര്‍ന്നതോടെ ലോക്‌സഭാ നേതൃ സ്ഥാനത്തേക്ക് പാര്‍ട്ടി പുതിയൊരാളെ തേടുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മാവേലിക്കര എം പി. കൊടിക്കുന്നില്‍ സുരേഷ്, പാര്‍ട്ടി വക്താവ് മനീഷ് തിവാരി, തിരുവനന്തപുരം എം പി. ശശി തരൂര്‍ എന്നിവരെ പിന്തള്ളിയാണ് ചൗധരി തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചു തവണ ലോക്‌സഭാംഗമായതിന്റെ പരിചയസമ്പത്താണ് ചൗധരിയുടെ തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ്, ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന തന്റെ ആശയം ചര്‍ച്ച ചെയ്യുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ചും സമിതി യോഗം ചര്‍ച്ച ചെയ്തു. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തോടു കോണ്‍ഗ്രസ് നേരത്തെ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയെ എതിര്‍ക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.