എവിടെ പോരാട്ടം, മുന്‍ താരങ്ങള്‍ ചോദിക്കുന്നു

Posted on: June 18, 2019 8:28 am | Last updated: June 18, 2019 at 1:29 pm

ഒന്ന് പൊരുതാമായിരുന്നില്ലേ ! ഇന്ത്യയോട് ലോകകപ്പില്‍ 89 റണ്‍സിന് തോറ്റ പാക്കിസ്ഥാന്‍ ടീമിനോടാണ് ചോദ്യം. പാക്കിസ്ഥാന്റെ മുന്‍കാല സൂപ്പര്‍ താരങ്ങളാണ് പുതിയ തലമുറയുടെ പോരാട്ടവീര്യത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.

ലോകകപ്പില്‍ ഇതിന് മുമ്പ് ആറ് തവണ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരിക്കുന്നു. ഏഴാം തോല്‍വിയില്‍ സര്‍ഫറാസ് അഹമ്മദിന്റെ ടീം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയതേയില്ല.

ടീം സെലക്ഷന്‍ മുതല്‍ പാളിച്ച കാണാം എന്ന് മുന്‍ നായകന്‍ വസീം അക്രം. മികച്ച കളിക്കാരില്‍ പലരും പുറത്താണ്, വ്യക്തമായ ഗെയിം പ്ലാനോടെയാണ് പാക് ടീം ലോകകപ്പിന് എത്തിയതെന്ന് വിശ്വസിക്കുന്നില്ലെന്നും വസീം അക്രം കുറ്റപ്പെടുത്തി.
ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. എന്നാല്‍, പൊരുതാന്‍ പോലും നില്‍ക്കാതെ തോല്‍ക്കുന്ന രീതി ആശ്വാസകരമല്ല.

ടോസ് ലഭിച്ചിട്ടും സര്‍ഫറാസ് ഖാന്‍ ബൗളിംഗ് തിരഞ്ഞെടുത്തത് വിഡ്ഢിത്തമായി. ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടാന്‍ അവസരമൊരുക്കലായി ഇത് – മുന്‍ പാക് ടെസ്റ്റ് താരം ബാസിത് അലി പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിയാണ് മികച്ചു നിന്നത്. ടോസ് ലഭിച്ചാല്‍ ബൗളിംഗ് തിരഞ്ഞെടുക്കുമെന്ന് കോലി മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു. ആ കെണിയില്‍ സര്‍ഫറാസ് വീണു പോയി-ബാസിത് അലി പറഞ്ഞു.

മോശം പ്രകടനമാണെങ്കില്‍ കളിക്കാരുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് വേതനവും മാച്ച് ഫീയും വെട്ടിക്കുറക്കുന്ന രീതി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപ്പിലാക്കണമെന്ന ആവശ്യമാണ് മുന്‍ പാക് താരം സികന്ദര്‍ ബക്ത് ഉന്നയിച്ചത്.

ഇന്ത്യക്കെതിരെയുള്ള മത്സരം പാക്കിസ്ഥാന്‍ ടീമിന് അഭിമാനപ്പോരാട്ടമായിരുന്നു. ജയിക്കാന്‍ വേണ്ടതെല്ലാം കളിക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം. പക്ഷേ, നിലവിലെ ടീമിന്റെ ശരീരഭാഷ തന്നെ പോസിറ്റീവ് അല്ലായിരുന്നു- മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസുഫ് പറഞ്ഞു.

ടീമിനാവശ്യമില്ലാത്ത കളിക്കാരുണ്ടെങ്കില്‍ അവരെ എത്രയും വേഗം പുറത്താക്കുകയാണ് വേണ്ടത്.

ഇന്ത്യയെ നോക്കൂ. ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് കയറിയപ്പോള്‍ മറ്റ് ബൗളര്‍മാര്‍ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി- അബ്ദുല്‍ റസാഖ് ചൂണ്ടിക്കാട്ടി.