വൈദ്യുതോത്പാദനം കുത്തനെ കുറഞ്ഞു

Posted on: June 18, 2019 8:37 am | Last updated: June 18, 2019 at 12:52 pm


പത്തനംതിട്ട: കാലവർഷം വൈകുന്നതിനെ തുടർന്ന് നീരൊഴുക്ക് നിലച്ചതോടെ സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതോത്പാദനവും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണവും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ കക്കിയിൽ നീരൊഴുക്ക് നിലച്ചു. മറ്റൊരു സംഭരണിയായ ആനത്തോട് ഡാമും ശബരിഗിരിയുടെ അനുബന്ധ പദ്ധതിയായ കക്കാടിന്റെ മൂഴിയാർ ഡാമും വറ്റിവരണ്ടു. ചെങ്കുളം, മൂഴിയാർ, അണയിറങ്കൽ സംഭരണികളും വറ്റി.

സംസ്ഥാനത്തെ സംഭരണികളിൽ സംഭരണ ശേഷിയുടെ 12 ശതമാനം ജലമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയിൽ 15 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമിൽ ഒമ്പത് ശതമാനം ജലവുമാണ് ഉള്ളത്. സംസ്ഥാനത്തെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയും ശബരിഗിരിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിലെ ഡാമുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 13 ശതമാനം ജലം മാത്രമാണ്. ഷോളയാറിൽ ഒമ്പത് ശതമാനവും ഇടമലയാറിൽ എട്ട് ശതമാനവും കുണ്ടലയിൽ 13 ശതമാനവും മാഡുപ്പെട്ടിയിൽ ഏഴ് ശതമാനവും ജലം അവശേഷിക്കുന്നുണ്ട്. കുറ്റാടിയിൽ 20 ശതമാനവും താര്യോട് ഏഴ് ശതമാനവും പൊൻമുടിയിൽ ഒമ്പത് ശതമാനവും നേര്യമംഗലത്ത് 44 ശതമാനവും പൊറിംഗൽ 28 ശതമാനവും ലോവർ പെരിയാറിൽ 50 ശതമാനവും വെള്ളം കരുതലുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,119.13 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് കുറവുള്ളത്. സംസ്ഥാനത്തെ നിലവിലെ ശരാശരി വൈദ്യുതോപഭോഗം 72.84 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഈ മാസം 16ന് ഇത് 68.68 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. ഇതിൽ 14.67 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകയും 54.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുകയുമാണ് ചെയ്തത്.

ഗ്രൂപ്പ് ഒന്നിൽപ്പെടുന്ന വൈദ്യുതി നിലയങ്ങളിൽ നിന്ന് 10.72 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് രണ്ടിൽ നിന്ന് 0.39 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് മുന്നിൽപ്പെടുന്ന അണക്കെട്ടുകളിലെ ജലം ഉപയോഗിച്ച് 2.19 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും സംസ്ഥാനത്ത് ഉത്പാദിപ്പിച്ചു. 4,140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലം സംഭരിക്കുന്നതിനാണ് സംസ്ഥാനത്തെ അണക്കെട്ടുകൾക്ക് കഴിയുക.

ജൂൺ ആദ്യമാണ് മൺസൂൺ കാറ്റിന്റെ ഫലമായി ഇടവപ്പാതി കേരളത്തിന്റെ തീരം തൊടുന്നത്. എന്നാൽ, പ്രതീക്ഷിച്ച മഴ ഇനിയും ലഭിച്ചില്ലെന്നുള്ളതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. ഇതിനോടൊപ്പം മഹാപ്രളയത്തെ തുടർന്ന് നടത്തിയ മുന്നൊരുക്കവും പ്രതീക്ഷിച്ച വടക്കുകിഴക്കൻ മൺസൂൺ മഴയിൽ കുറവ് വന്നതും സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നതിന് കാരണമായിട്ടുണ്ട്.