Connect with us

Editorial

വേണം എയിംസും ആയുര്‍വേദ കേന്ദ്രവും

Published

|

Last Updated

തികച്ചും ന്യായവും സംസ്ഥാനം അര്‍ഹിക്കുന്നതുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനു മുമ്പില്‍ ഉന്നയിച്ച രണ്ടാവശ്യങ്ങള്‍; ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും (എയിംസ്) അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവും.

വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസ്. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ് കേരളം ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. കേന്ദ്രം അത് അംഗീകരിക്കുകയും ചെയ്തു. എങ്കിലും യു പി എ ഭരണത്തില്‍ നടപ്പായില്ല. കഴിഞ്ഞ മോദി സര്‍ക്കാറിന്റെ കാലത്ത് കേരളം ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ സ്ഥലം കണ്ടെത്താന്‍ നിര്‍ദേശിച്ചു. 200 ഏക്കര്‍ സ്ഥലമെങ്കിലും വേണം എയിംസിന്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും പല തവണ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നീതി ആയോഗ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഊന്നിപ്പറയുകയും കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയതായി അറിയിക്കുകയും ചെയ്തിരുന്നു. നിപ്പാ വൈറസ് ബാധ അടക്കം മാരക രോഗങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് എയിംസ് അനുവദിക്കേണ്ടതിന്റെ അനിവാര്യത സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനെ ബോധ്യപ്പെടുത്തുകയും ചെയ്തു. എങ്കിലും അനുകൂലമായ സമീപനം ഇതുവരെ കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടില്ല.

ലോകോത്തര നിലവാരമുള്ള ചികിത്സാ കേന്ദ്രവുമാണ് എയിംസ്. 1956ല്‍ ന്യൂഡല്‍ഹിയിലാണ് രാജ്യത്ത് ആദ്യമായി ഇത് സ്ഥാപിച്ചത്. തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും എയിംസ് തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിക്കുകയും 2012ല്‍ യു പി എ ഭരണത്തില്‍ ഭോപ്പാല്‍ (മധ്യപ്രദേശ്), ഭുവനേശ്വര്‍ (ഒഡീഷ), ജോധ്പൂര്‍ (രാജസ്ഥാന്‍), പാട്‌ന (ബീഹാര്‍), റായ്പൂര്‍ (ഛത്തീസ്ഗഢ്), ഋഷികേശ് (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ മോദി സര്‍ക്കാര്‍ കാലത്ത് 2014-15 വര്‍ഷത്തെ ബജറ്റില്‍ മംഗലഗിരി (ആന്ധ്രപ്രദേശ്), കല്യാണി (ബംഗാള്‍), നാഗ്പൂര്‍ (മഹാരാഷ്ട്ര) എന്നിവിടങ്ങളില്‍ എയിംസുകള്‍ക്ക് ഭരണാനുമതി നല്‍കി. 2015-16 ബജറ്റില്‍ ഭട്ടിണ്ഡ (പഞ്ചാബ്), ജമ്മുകശ്മീര്‍, മധുര (തമിഴ്‌നാട്), സഹര്‍ഷ (ബീഹാര്‍), ബിലാസ്പൂര്‍ (ഹിമാചല്‍ പ്രദേശ്), ദിസ്പൂര്‍ (അസാം) എന്നിവിടങ്ങളില്‍ എയിംസ് പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴൊെക്കയും കേരളം എന്തുകൊണ്ടോ തഴയപ്പെടുകയായിരുന്നു. അതതു സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തെ അവസ്ഥ പരിഗണിച്ചാണ് എയിംസ് അനുവദിക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം മികച്ച അവസ്ഥയിലായതിനാല്‍ എയിംസ് ക്യാമ്പസ് ലഭിക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് നീതി ആയോഗ് യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതാണ്.

രാജ്യത്ത് ആയുര്‍വേദ ചികിത്സയുടെ മുഖ്യ കേന്ദ്രമാണിന്ന് കേരളം. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഈ ചികിത്സാ രീതിയുടെ വളര്‍ച്ചക്കും പരിപോഷണത്തിനും കേരളം വഹിച്ച പങ്ക് വലുതാണ്. പ്രതിവര്‍ഷം വിദേശികളും സ്വദേശികളുമായി നിരവധി പേര്‍ ആയുര്‍വേദ കേന്ദ്രങ്ങള്‍ അന്വേഷിച്ച് കേരളത്തിലെത്തുന്നുണ്ട്. ചികിത്സാ ചെലവുകള്‍ കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ചികിത്സക്കെത്തുന്നവരില്‍ ഗണ്യഭാഗവും കേരളത്തെയാണ് ലക്ഷ്യം വെക്കുന്നത്.

താരതമ്യേന സുഖകരമായ കാലാവസ്ഥ, വര്‍ഷത്തില്‍ രണ്ട് തവണ മഴലഭ്യത, നിര്‍ലോഭമായി ലഭിക്കുന്ന ഏതാണ്ട് 900ല്‍ പരം വിവിധ ഔഷധ സസ്യസമ്പത്ത് എന്നിവയെല്ലാം സംസ്ഥാനത്ത് ആയുര്‍വേദത്തിന്റെ വളര്‍ച്ചക്ക് സഹായകമാണ്. റോബോട്ടിക് സര്‍ജറി, ഹൈ എന്‍ഡ് റേഡിയേഷന്‍ ചികിത്സ തുടങ്ങി ആയുര്‍വേദ മെഡിക്കല്‍ സാങ്കേതിക വിദ്യയില്‍ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള ആശുപത്രികളുണ്ട് സംസ്ഥാനത്ത്. ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മികച്ച വിനോദ സഞ്ചാര പാക്കേജുകളും നടപ്പാക്കി വരുന്നുണ്ട്. രാജ്യത്തിന്റെ മെഡിക്കല്‍ ടൂറിസം വരുമാനത്തില്‍ നിര്‍ണായക സ്ഥാനവും കേരളത്തിനാണ്.

ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാ രീതികള്‍ ലോകത്തിന് പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനുമായി ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആയുഷ് കോണ്‍ക്ലേവിന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രധാനമന്ത്രി 2015ല്‍ പുറത്തിറക്കിയ മെഡിക്കല്‍ ടൂറിസം പോര്‍ട്ടലില്‍ കേരളത്തിലെ ഒട്ടേറെ ആശുപത്രികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഈ മുന്നേറ്റം കണ്ടറിഞ്ഞ് ടൂറിസ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ചെക്ക് റിപ്പബ്ലിക് തുടങ്ങിയ വിദേശ രാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നു കൊണ്ടിരിക്കയാണ്. ചെക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക, ചെക്ക് പാര്‍ലിമെന്റിന്റെ ഹെല്‍ത്ത് കെയര്‍ കമ്മിറ്റി ചെയര്‍മാന്‍ റോസ്റ്റിസ്ലാവ്, പാര്‍ലിമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ റദേക് വൊന്‍ഡ്രാസെക് എന്നിവരുള്‍പ്പെട്ട സംഘം 2017 ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ലബോറട്ടറി സൗകര്യത്തോടു കൂടിയ സമഗ്രമായ ഗവേഷണ പഠനത്തിന് സഹായകമായ ഒരു അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി കേരളം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ ഈ രണ്ട് ആവശ്യങ്ങളോടും കേന്ദ്രത്തിന്റെ അനുഭാവപൂര്‍വമായ സമീപനം ഉണ്ടാകേണ്ടതുണ്ട്.