മസ്തിഷ്‌ക ജ്വരം ബാധിച്ച് നിരവധി കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു;പ്രതിരോധമാര്‍ഗത്തിനായി ചേര്‍ന്ന യോഗത്തില്‍ ക്രിക്കറ്റ് സ്‌കോര്‍ തിരക്കി ആരോഗ്യ മന്ത്രി

Posted on: June 17, 2019 8:44 pm | Last updated: June 18, 2019 at 10:58 am


ന്യൂഡല്‍ഹി: മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രിക്കറ്റ് സ്‌കോര്‍ തിരക്കിയ ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ വിവാദത്തില്‍. യോഗത്തിനിടെ മന്ത്രി ക്രിക്കറ്റ് സ്‌കോര്‍ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് മംഗള്‍ പാണ്ഡെയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ നൂറിലധികം കുട്ടികളാണ് ബിഹാറില്‍ മരിച്ചത്. രോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധനും അശ്വിനി കുമാര്‍ ചൗബെയും പങ്കെടുത്തിരുന്നു. ഞായറാഴ്ച നടന്ന ഇന്ത്യപാക്കിസ്ഥാന്‍ മത്സരത്തില്‍ ‘എത്ര വിക്കറ്റുകള്‍ വീണു’ എന്ന് മന്ത്രി ചോദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. കൂടെയുള്ള ഒരാള്‍ ‘നാല് വിക്കറ്റുകള്‍’ എന്ന് മന്ത്രിക്ക് മറുപടിയും നല്‍കുന്നുണ്ട്.ആരോഗ്യ മന്ത്രിയുടെ അനവസരത്തിലുള്ള ചോദ്യം വലിയ വിമര്‍ശത്തിനാണ് വഴി വെച്ചത്.