ആത്മവിലാപങ്ങളുടെ പുസ്തകം

കഥകളിലൂടെയും ഹൈക്കൂ കവിതകളിലൂടെയും സാഹിത്യലോകത്ത് അമൂല്യ സംഭാവനകൾ നൽകിയ കഥാകാരി ആദ്യമായാണ് തന്റെ വിഷാദാത്മക ബാലയൗവനങ്ങളെ തുറന്നു പറയുന്നത്. ആ തുറന്നുപറച്ചിൽ അഷിതയുടെ സാഹിത്യലോകത്തേക്ക് ഒരിക്കൽക്കൂടി പ്രയാണം നടത്താൻ സാധിച്ചു എന്നു വേണം പറയാൻ.
അതിഥി വായന: അത് ഞാനായിരുന്നു. അഷിത/ ശിഹാബുദ്ദീൻ പൊയ്തുംകടവ്
Posted on: June 17, 2019 6:28 pm | Last updated: June 17, 2019 at 6:28 pm
അത് ഞാനായിരുന്നു. അഷിത/ ശിഹാബുദ്ദീൻ പൊയ്തുംകടവ്

“അഷിത എന്ന മൂന്നക്ഷരത്തിൽ ജനിച്ച് ജീവിച്ച് മരിക്കാൻ നിയോഗിക്കപ്പെട്ട ഒരു ആത്മാവാണ് ഞാൻ. തിരിഞ്ഞു നോക്കുമ്പോൾ അമ്മയുടെ ചിറകിനടിയിൽ വളർന്നുവന്ന ഇക്കണ്ട കാലമത്രയും മഹാഭാഗ്യം എന്ന് പറയുന്നവരുണ്ട്. അവരോടെനിക്ക് പറയാനുള്ളത്, എന്റെ ജീവിതം, അമ്മയുടെ അംശത്തിൽ ഉണ്ടായ ഈ ജീവിതം, ദൈവ സ്പർശം ആണെന്നാണ്.’

ജന്മ വൈകല്യം പോലെ തന്നെ വന്നാശ്ലേഷിച്ച ദുരനുഭവങ്ങളെയും ദുരവസ്ഥയെയും മൗനമായി അതിജീവിക്കുകയും ജീവിതത്തിലെ കനൽ പഥങ്ങളെ കഥന ലോകത്തേക്കുള്ള രാജവീഥി ആക്കുകയും ചെയ്ത ഒരു മകളുടെ നിലപാടാണിത്. സർഗാത്മകതയുടെ ചൈതന്യവത്തായതും ധന്യവുമായ വഴികളിൽ പ്രതികൂലാസ്ഥയിൽ ഇടറിവീണവർക്കും തോൽവി സമ്മതിച്ച് പിൻവാങ്ങിയവർക്കുമുള്ള താക്കീതാണ് എഴുത്തുകാരി അഷിതയുടെ തുറന്നുപറച്ചിലുകളുള്ള “അത് ഞാനായിരുന്നു’ എന്ന പുസ്തകം. തനിക്കുചുറ്റും സുന്ദരവും സുരഭിലവുമായ ഒരു കുടുംബം അനവരതം വികസിക്കുമ്പോഴും അബലയും അനാഥയുമായി ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ രോദനം എന്തായിരിക്കും? നിഷ്‌ക്രിയ ജീവിത സ്വപ്‌നങ്ങളെ ഊർജവും പിൻബലവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട പിതാവ് തന്നെ സ്വന്തം മകളെ അവഗണിക്കുകയും വെറുപ്പിന്റെയും ദ്വേഷത്തിന്റെയും അനുഭവങ്ങൾ പകർന്നു കൊടുത്താലുമുള്ള പ്രത്യാഘാതം എത്രയായിരിക്കും?

ഇത്തരം അസാംഗത്യമെന്ന് തോന്നുന്ന ചോദ്യങ്ങൾക്ക് മുക്തകണ്ഠം മറുപടി പറയുന്നുണ്ട് അഷിത ഈ പുസ്തകത്തിലൂടെ. മുംബൈയിലെ അനിയന്ത്രിത വാഹനങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയാണ് അഷിത. മഗ്‌നീഷ്യം സൾഫേറ്റ്, മാരകമായ ഒരു സിന്തറ്റിക് പദാർഥം കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കുടിപ്പിക്കുകയും അതിസാരം ബാധിച്ച കഥാകാരിയോട് വയലിലേക്ക് ഇറങ്ങാൻ പറയുന്ന ക്രൂരനായ അച്ഛനും പുസ്തകത്തിലുണ്ട്. എന്തോ അനുപേക്ഷണീയമായ ഒന്നുപോലെ സർവപ്രഹരങ്ങളും പ്രഹസനങ്ങളും സഹിച്ച് സാഹിത്യ സപര്യയിൽ അഭയം കണ്ടെത്തുകയാണ് അവർ. ജീവിതത്തിലുടനീളം പാരതന്ത്ര്യത്തിന്റെ നൈരാശ്യവും വൈഷമ്യവും മോക്ഷം കിട്ടാത്ത ദുരാത്മാക്കളെ പോലെ വേട്ടയാടിക്കൊണ്ടിരുന്നു.

“ഒരു കീറ് ആകാശ’ത്തിനപ്പുറം അഷിതക്ക് മറ്റൊന്നും അനുഭവവേദ്യമായിരുന്നില്ല. എല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തിനിടയിൽ രണ്ട് തവണ ആത്മാഹൂതിക്ക് ശ്രമം നടത്തി. അനിവാര്യതയെന്നോണം മരണം കാത്തുനിന്ന അമ്മക്ക് മുന്നിൽ തോറ്റുപോയ സ്ത്രീയാണ് താനെന്ന് അഷിത വിലപിക്കുന്നു. ഇത്തരം ആത്മ വിലാപങ്ങൾ അഷിതയുടെ കഥകളിൽ (അപൂർണവിരാമങ്ങൾ, വിസ്മയ ചിഹ്നങ്ങൾ, ആത്മാവിന്റെ ഓരോരോ വ്യഥകൾ) ഉടനീളം കാണാം.

കഥകളിലൂടെയും ഹൈക്കൂ കവിതകളിലൂടെയും സാഹിത്യലോകത്ത് അമൂല്യ സംഭാവനകൾ നൽകിയ കഥാകാരി ആദ്യമായാണ് തന്റെ വിഷാദാത്മക ബാലയൗവനങ്ങളെ തുറന്നു പറയുന്നത്. ആ തുറന്നുപറച്ചിൽ അഷിതയുടെ സാഹിത്യലോകത്തേക്ക് ഒരിക്കൽക്കൂടി പ്രയാണം നടത്താൻ സാധിച്ചു എന്നു വേണം പറയാൻ. മുറിവേറ്റ് പിടഞ്ഞപ്പോഴും ഹാസ്യാത്മകമായി തന്റെ കഥകളെ വ്യതിചലിപ്പിക്കുവാൻ അവർക്കായിട്ടുണ്ട്. കഥയുടെ പശ്ചാത്തലങ്ങളിൽ നാലുകെട്ടിനുള്ളിൽ തളച്ചിടപ്പെട്ട ഒരു കുട്ടിയുടെ നിസ്സഹായതയും നൊമ്പരങ്ങളും സ്പഷ്ടമാണ്. ആ ഇരുട്ടുമുറിയിൽ നിന്ന് കാണുന്ന “ആകാശത്തിന്റെ വ്യാപ്തിയും നിരത്തിന്റെ ശബ്ദവും’ മാത്രമേ കഥകളിലും കാണാനാവൂ. എനിക്ക് മാധവിക്കുട്ടിയെ പോലെ എഴുതാൻ ആകുമായിരുന്നില്ല. പ്രണയവും വിരഹവും റൊമാന്റിക് തീമുകളും തികച്ചും അപരിചിതവും അസാങ്കൽപ്പികവുമായിരുന്നു. വസ്ത്ര വർണനകളും മോഡലുകളോടുള്ള അഭിനിവേശവും കാണാനാകില്ല. കാരണം ഞാൻ വളരെ കുറച്ചുമാത്രം ഉടുത്തൊരുങ്ങിയവളാണ്.

തന്റെ വിവാഹാനന്തരം യാദൃച്ഛികമായി കണ്ടുമുട്ടുന്ന സ്വാമി നിത്യചൈതന്യ യതിയുമായുള്ള കത്തിടപാടുകളും ആത്മീയ ബന്ധങ്ങളും തുറന്നുപറയുന്നുണ്ട്. സ്വാമിയുടെ പ്രചോദനാത്മക ശിക്ഷണങ്ങൾ തന്നെ തീവ്രമായി സ്വാധീനിച്ചെന്നും പല കഥകളുടെയും പിന്നിൽ സ്വാമിയുടെ നിഴൽ സ്പർശവും അനുഗ്രഹവുമുണ്ടെന്നും അവർ പറയുന്നു. ‘ഒരു സ്ത്രീയും പറയാത്തത്’ എന്ന കൃതിയിൽ അണഞ്ഞുപോകുന്ന തന്നിലെ സ്‌ത്രൈണ പ്രകാശങ്ങളെ കുറിച്ചുള്ള ആവലാതികളും അദൃശ്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. 13 mandrax ക്യാപ്‌സൂളുകൾ കഴിച്ച് മരണം കാത്തുകിടക്കുന്ന വ്രണിത ഹൃദയയായ അഷിത, വായനക്കാർക്ക് കാല്പനിക ലോകത്തിനുമപ്പുറത്തെ സംഭവമാണ്. ചിരിക്കുന്ന കഥ എഴുതിയപ്പോഴും ചിരിക്കാനറിയാത്തവളുടെ, ചിരിക്കാൻ മറന്നു പോയവരുടെ സംഘർഷ ഭൂമിയിലെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു സാധിച്ചത്.

മരണാനന്തരവും സർവസുഗന്ധിയായി അഷിതയുടെ കഥകൾ അനുവാചകരുടെ മനോരാജ്യങ്ങളിൽ വികസിക്കുകയാണ്. മർത്യന്റെ വിചിത്രങ്ങളായ മനോവ്യഥകൾക്കുള്ള ഒറ്റമൂലികൾ ആ അനശ്വര കഥകളിലുണ്ട്. “കല്ലുവെച്ച നുണകൾ’ നിരീക്ഷണസാധ്യമായ യാഥാർഥ്യങ്ങളെ മാത്രം ആശ്രയിച്ച് ജീവിച്ചുമരിച്ച ഒരു സ്ത്രീയുടെ കൗതുകങ്ങൾ ആണ്. അതിനിടെ അമിതമായ സങ്കല്പങ്ങൾ, ബിംബകല്പനകൾ, അയുക്തിക ആത്മീയ ഇതിവൃത്തങ്ങൾ തുടങ്ങിയവയൊന്നും കടന്നുവരുന്നില്ല. ലളിത കഥകൾ. പച്ചമനുഷ്യന്റെ താത്പര്യങ്ങളെയും സ്വച്ഛന്ദങ്ങളെയും വികാരങ്ങളെയും ഉദ്ദീപിപ്പിക്കുകയും ലാഘവത്തോടെ തന്നെ കൂട്ടിയിണക്കുകയും ചെയ്യുന്നു. എല്ലായിടത്തും മാനുഷിക നന്മയും നിസ്സഹായതയും നിശ്ശബ്ദമായ വിങ്ങലുകളും നിഷ്‌കളങ്ക നർമങ്ങളും കാണാം. അതേസമയം, നിർദയയോടും നിഷ്‌കരുണ മനോഭാവങ്ങളോടും നിർദാക്ഷിണ്യങ്ങളോടും സമരസപ്പെടാൻ പ്രിയ എഴുത്തുകാരി മറന്നില്ല. ഇത്തരം തീക്ഷ്ണാനുഭവങ്ങൾ ലോകത്തൊരിടത്തും ഉണ്ടാവരുതെന്നും തന്നെ പോലെ തീവ്രമായ ക്രൂരതകൾക്ക് ബലിയാകേണ്ടി വന്ന ഒരു പുത്രിയും എഴുത്തുകാരിയും ജനിക്കരുതെന്നും അവർ പറയുന്നുണ്ട്. നിരാകരിക്കപ്പെട്ട രചനകൾ മുറിവേൽപ്പിക്കുന്നത് അസംഭവ്യം അല്ലെങ്കിലും അത് “ചവറുകൾ’ ആയി കൊട്ടിയാടപ്പെടുമ്പോൾ ഉണ്ടാകുന്ന വെറുപ്പുണ്ട്. ഇനിയൊരിക്കലും എഴുത്തുകാരിയായി ജനിക്കെരുതെന്നുള്ള ഉള്ളുനിറഞ്ഞ പ്രാർഥന.

യതിയുമായി നിരന്തരം ആത്മീയ ബന്ധം പുലർത്തിയെങ്കിലും നാസ്തികയായി തന്നെ മരിക്കുകയാണ് എഴുത്തുകാരി. പൂജാമുറിയിലെ പ്രതിഷ്ഠകൾക്ക് മുന്നിൽ കണ്ണടച്ച് പ്രാർഥിക്കുന്ന മുത്തശ്ശിയെ കാണുമ്പോഴും ദൈവം ഒരു നിരർത്ഥക സംജ്ഞയായി, ഒരു പ്രതിഷ്ഠാപനം മാത്രമായി അഷിതയിൽ അവശേഷിച്ചു. വിഹ്വലതകൾ മാത്രം നിറഞ്ഞ ജീവിതത്തിൽ എന്തോ ദിവ്യമായ ഒന്നു അവശേഷിപ്പിച്ച് യതി ദിവംഗതനായി. നോവലുകളിൽ ആത്മീയ ഉള്ളടക്കങ്ങൾ സന്നിവേശിപ്പിച്ചത് സ്വാമിയുടെ ആ ചൈതന്യം ആയിരുന്നു. വഹ്നിയിൽ കത്തിയമരുന്ന മരക്കൊള്ളി പോലെ അത്യുഷ്ണ ഋതുക്കളിൽ കരിഞ്ഞുണങ്ങിയ സ്വപ്‌നമായിരുന്നു അഷിതക്ക് ഭിഷഗ്വരസേവനം. എങ്കിലും തന്റെ ചിറകുകളെ നിശീഥിനികളിൽ അടച്ചിട്ട് അസ്ഥിപഞ്ജരമാക്കിയ പ്രിയ പിതാവിനെയും അമ്മയെയും ബഹുമാനപുരസരം ആർദ്രാശ്രുക്കളോടെ നോക്കിക്കാണുന്നുണ്ട്. ഒരച്ഛനും അമ്മയും മുത്തശ്ശിയും ചെയ്യാൻ പാടില്ലാത്തതും അക്ഷന്തവ്യാപരാധവുമായിരുന്നു തന്റെ കൽപ്പിത വിധികളെന്നും അവർ ഖേദത്തോടെ സ്മരിക്കുന്നു.

മറ്റൊരിക്കൽ അതെല്ലാം വെറും അപസ്മൃതികൾ ആണെന്നും താൻ കൊള്ളരുതാത്തവളാണെന്നും സ്വയം പഴിച്ചു ആത്മ വിചാരണ ചെയ്‌തൊഴിഞ്ഞു അവർ. സഹന പാരമ്യതയെ പ്രതീകവത്കരിച്ച ആ കഥാകാരി തന്റെ നിയോഗത്തെ ഭംഗിയായി ചെയ്തു തീർത്ത് കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച അഷിതയുമായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നടത്തിയ അഭിമുഖം “അത് ഞാനായിരുന്നു’ എന്ന പേരിൽ പുസ്തകമാക്കിയപ്പോൾ, അവരുടെ മകൾ ഉമാ പ്രസീത, ഡോ. ശ്രീനാഥ്, ഷൗക്കത്ത്, ടി പാർവതി എന്നിവരുടെ കുറിപ്പുകളും നിരവധി ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. 150 പേജുകളുള്ള പുസ്തകത്തിന് 175 രൂപയാണ് വില.
.