ഇതാണ് ജനഹിതമെങ്കില്‍ ആരെ പഴിക്കണം?

നോട്ടു നിരോധനം, ആള്‍ക്കൂട്ടക്കൊലകള്‍, വംശീയമായ ആക്രമണങ്ങള്‍, കര്‍ഷകന്റെയും കൂലിത്തൊഴിലാളിയുടെയും നട്ടെല്ലൊടിക്കുന്ന നടപടികള്‍, ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വില വര്‍ധനവ് തുടങ്ങി നൂറ് കൂട്ടം കാരണങ്ങള്‍ കൊണ്ട് ഈ തിരഞ്ഞെടുപ്പോടെ മോദി വാഴ്ചയുടെ അന്ത്യം കുറിക്കുമെന്ന് എല്ലാവരും കരുതി. പുതിയ ഇന്ത്യയിലേക്കുള്ള കാല്‍വെപ്പായിരിക്കും 2019 മെയ് 23ന്റെ പുലരി എന്ന അമിതമായ പ്രതീക്ഷക്കു മേലെയാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഒരു വെള്ളിടിയായി ഇന്ത്യന്‍ ജനാധിപത്യത്തിനു മേല്‍ വന്നു ഭവിച്ചത്. തീര്‍ച്ചയായും ഇത് പഠന വിധേയമാക്കേണ്ട ചരിത്രവിധി തന്നെയാണ്. സത്യത്തില്‍ ഇന്ത്യ പോലുള്ള രാജ്യത്ത് ജനങ്ങളുടെ നീറുന്ന ജീവല്‍ പ്രശ്‌നങ്ങളൊന്നുമല്ല തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമാകുക എന്ന സന്ദേശം ഈ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ജാതിയും മതവും വര്‍ണവെറിയും ആര്‍ക്കാകും കൂടുതല്‍ വൈകാരികമായി കത്തിച്ചു നിറുത്താന്‍ കഴിയുക എന്നതു തന്നെയാകും ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ജയത്തിന്റെ മാനദണ്ഡമാകുക. ഫാസിസത്തിനെതിരെ ഒറ്റക്കൊറ്റക്ക് ശബ്ദിക്കുകയും ഒരുമിക്കേണ്ട സമയം വരുമ്പോള്‍ പരസ്പരം പഴിചാരി നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്രത്തില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.
Posted on: June 17, 2019 11:03 am | Last updated: June 17, 2019 at 11:05 am

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട ഇടവേളകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരം കഴിഞ്ഞു. പ്രഖ്യാപനം മുതല്‍ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഫലപ്രഖ്യാപനം വരെയും ഇത്രമാത്രം ഊഹങ്ങള്‍ പ്രചരിപ്പിക്കാനും വോട്ടു ചെയ്തവരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്താനും ഇടയാക്കിയ ഒരു തിരഞ്ഞെടുപ്പും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാകില്ല. കാരണം ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ പ്രചരിപ്പിച്ച രീതിയിലാണ് കാര്യങ്ങള്‍ ഒത്തു വരുന്നതെങ്കില്‍ ഇപ്പോള്‍ നടന്നത് സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പും ആകാന്‍ സാധ്യതയുണ്ട്.

അത്രക്കും വലിയ മോദിപ്പേടിയുടെ ഭീകരാവരണവും അതുവഴി ഫാസിസത്തിന്റെ അരങ്ങുവാഴലും ഇന്ത്യന്‍ ജനാധിപത്യത്തിനു മേല്‍ വന്നു പതിച്ചേക്കാവുന്ന അശനിപാതവുമായിട്ടാണ് മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വിജയത്തെയും വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ എത്തുന്നതിനെയും ഇന്ത്യയിലെ എന്‍ ഡി എയില്‍ ഉള്‍പ്പെടാത്ത എല്ലാ മുന്നണികളും പാര്‍ട്ടികളും നോക്കിക്കണ്ടത്. അതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിലും ഒരു ഫാസിസ്റ്റ് വിരുദ്ധതയുടെ അനുകൂല തരംഗം ഇന്ത്യയില്‍ അലയടിക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലും പ്രതിപക്ഷങ്ങള്‍ വ്യത്യസ്ത തട്ടുകളില്‍ നിലയുറപ്പിച്ചു കൊണ്ടാണെങ്കിലും വിജയിക്കുകയും ചെയ്തിരുന്നു.

ഒരുവേള ചില വിദേശ, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ പോലും മോദിയുടെ അരങ്ങൊഴിയലും രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഒരു പുതിയ ഇന്ത്യന്‍ ഭരണകൂടത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നതിലും വ്യാപൃതരായിരുന്നു എന്നതാണ് സത്യം. അതിന് ഉപോല്‍ബലകമായി ഒരു വര്‍ഷംമുമ്പ് ഇന്ത്യന്‍ ഹൃദയ ഭൂമികളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങളിലെ വിജയത്തെ ഉയര്‍ത്തിക്കാണിക്കാനുമുണ്ടായിരുന്നു.

നോട്ടു നിരോധനം, ആള്‍ക്കൂട്ടക്കൊലകള്‍, വംശീയമായ ആക്രമണങ്ങള്‍, കര്‍ഷകന്റെയും കൂലിത്തൊഴിലാളിയുടെയും നട്ടെല്ലൊടിക്കുന്ന നടപടികള്‍, ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വില വര്‍ധനവ് തുടങ്ങി നൂറ് കൂട്ടം കാരണങ്ങള്‍ വേറെയും മോദി വാഴ്ചയുടെ അന്ത്യം കുറിക്കുമെന്നുതന്നെ കരുതി. പുതിയ ഇന്ത്യയിലേക്കുള്ള കാല്‍വെപ്പായിരിക്കും 2019 മെയ് 23ന്റെ പുലരി എന്ന അമിതമായ പ്രതീക്ഷക്കു മേലെയാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഒരു വെള്ളിടിയായി ഇന്ത്യന്‍ ജനാധിപത്യത്തിനു മേല്‍ വന്നു ഭവിച്ചത്.

തീര്‍ച്ചയായും ഇത് പഠന വിധേയമാക്കേണ്ട ചരിത്രവിധി തന്നെയാണ്. സത്യത്തില്‍ ഇന്ത്യ പോലുള്ള രാജ്യത്ത് ജനങ്ങളുടെ നീറുന്ന ജീവല്‍ പ്രശ്‌നങ്ങളൊന്നുമല്ല തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമാകുക എന്ന സന്ദേശം ഈ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ജാതിയും മതവും വര്‍ണവെറിയും ആര്‍ക്കാകും കൂടുതല്‍ വൈകാരികമായി കത്തിച്ചു നിറുത്താന്‍ കഴിയുക എന്നതു തന്നെയാകും ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ജയത്തിന്റെ മാനദണ്ഡമാകുക. സമര്‍ഥമായി വിളവിറക്കി അതിന്റെ ഫലമായ അധികാരം നൂറ് മേനിയോടെ കൊയ്‌തെടുക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയം ലൈവായി നിറുത്തുന്നതോളം വേറൊരു മാര്‍ഗവും ഇല്ലെന്ന തിരിച്ചറിവുള്ളവരാണ് മോദിയും ആര്‍ എസ് എസും അമിത് ഷായുമെല്ലാം. അതവര്‍ ഇന്ത്യന്‍ മീഡിയകളുടെയും വലിയൊരു വിഭാഗം കോര്‍പറേറ്റുകളുടെയും സഹായത്തോടെ വിജയിപ്പിച്ചു എന്നേയുള്ളൂ.

ഇത്തരം ഒരന്തരീക്ഷം ഒരുക്കാന്‍ വര്‍ഗീയ വികാരം ഇളക്കിവിടുന്നതിനോടൊപ്പം അതിന്റെ പരിണതി ഉറപ്പു വരുത്താന്‍ വോട്ടിംഗ് സമ്പ്രദായത്തില്‍ നടത്താന്‍ പറ്റുന്നിടത്തോളം കൃത്രിമം ഒപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിഞ്ഞു എന്നു തന്നെ വേണം വിലയിരുത്താന്‍. ഇതിനെ മുന്‍കൂട്ടി കണ്ടുകൊണ്ട് അതിനെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷങ്ങള്‍ സമ്പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു. ഇന്ത്യയെ ഹൈന്ദവവത്കരിക്കല്‍ ലക്ഷ്യമാക്കിയ ആര്‍ എസ് എസ്, സംഘ്പരിവാരങ്ങളുടെ പ്രഖ്യാപിത അജന്‍ഡക്കെതിരെയല്ല കോണ്‍ഗ്രസ് പോലും പട നയിച്ചതെന്നു കാണണം. അവര്‍ “കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രചാരണത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍ ഹിന്ദുത്വ തീവ്രതക്കെതിരെയുള്ള പോരാട്ടം നയിക്കുന്നതില്‍ തീരെ ശ്രദ്ധ പുലര്‍ത്തിയതുമില്ല. ഇതും മോദിയുടെയും അമിത് ഷായുടെയും വഴി എളുപ്പമാക്കുകയും ചെയ്തു. പ്രമുഖ കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ രാമചന്ദ്രഗുഹ അദ്ദേഹത്തിന്റെ കോളത്തില്‍ എഴുതി- “മോദി ഹൈന്ദവാഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കുമെന്നും കരുതിയാണ് പല വോട്ടര്‍മാരും ബി ജെ പിക്ക് വോട്ടു ചെയ്തത്.’

ഈ നിരീക്ഷണം തന്നെയാണ് ഉത്തരേന്ത്യയില്‍ മുഴുക്കെയും ചില ദക്ഷിണേന്ത്യന്‍ ഇടങ്ങളിലും സംഭവിച്ചത്. അതിന് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വ ചുവടുമാറ്റവും വലിയ പങ്കുവഹിച്ചു. ബി ജെ പിക്ക് രാഹുലിന്റെ മുസ്‌ലിം പ്രീണനം പ്രചാരണായുധമാക്കാന്‍ എളുപ്പമാകുകയും ചെയ്തു. ഇത്തരം വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ഏറ്റവും വലിയ ഒത്താശ ചെയ്ത ഒരു ഭരണഘടനാ സ്ഥാപനമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറുക കൂടി ചെയ്തപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുകയും ചെയ്തു.

കേരളത്തില്‍ പോലും ഈ മത ധ്രുവീകരണ പ്രക്രിയ കുറച്ചൊക്കെ മുന്നോട്ടുപോയി എന്നു വേണം കരുതാന്‍. പക്ഷേ, ശബരിമല വിഷയത്തില്‍ കേന്ദ്രീകരിച്ച ഹൈന്ദവ വികാരവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട മോദിപ്പേടിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സംരക്ഷകരാകുമെന്ന അമിത പ്രതീക്ഷയും കൂടിയായപ്പോള്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ ഇവിടുത്തെ യു ഡി എഫ് സംവിധാനത്തിന് കഴിഞ്ഞുവെന്ന് മാത്രം. അതോടൊപ്പം ബി ജെ പി വോട്ട് ശതമാനത്തില്‍ വന്‍ വര്‍ധനവുണ്ടാക്കിയതും മേല്‍ക്കാരണം കൊണ്ടു കൂടിയാണ്.

ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് ഇ വി എം ക്രമക്കേടുകളും. വോട്ടിംഗ് മെഷീനിലെ കൃത്രിമത്വത്തില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ക്ക് ബലപ്പെട്ട സംശയമുണ്ടെങ്കില്‍ അതിനോട് അവര്‍ പ്രകടിപ്പിക്കുന്ന തണുത്ത പ്രതികരണം കുറ്റകരമായി കരുതണം. ചുരുങ്ങിയ പക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നെങ്കിലും വിട്ടു നിന്ന് പ്രതിഷേധം ലോകത്തിനു മുമ്പില്‍ വെളിവാക്കേണ്ടിയിരുന്നു. അതുമുണ്ടായില്ല. അതോടെ ഇ വി എം ക്രമക്കേട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോലും പറ്റാത്ത ബാലിശമായ ആരോപണം മാത്രമായി ചുരുങ്ങുകയും ചെയ്തു.

ഇനി തോല്‍വിയെക്കുറിച്ചുള്ള പഠനവും തിരുത്തുമായി കാലം കഴിക്കുകയും ബലാല്‍സംഘം ചെയ്യപ്പെട്ടു കിടക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ജഡാവസ്ഥയില്‍ നെടുവീര്‍പ്പിട്ട് നില്‍ക്കുകയും ചെയ്യുക എന്നത് മാത്രമേ ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തിനാകൂ. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആദ്യകാല നിലപാടുകളിലേക്ക് തിരിച്ചുപോയി ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഭരണകൂട തിന്‍മകളെ ചെറുക്കുക എന്ന നയത്തിലേക്ക് ഇടതുപക്ഷമെങ്കിലും നടന്നെത്തേണ്ടതുണ്ട് എന്ന സന്ദേശം കൂടി നല്‍കുന്നുണ്ട് പുതിയ ഇന്ത്യ.

ഫാസിസത്തിനെതിരെ ഒറ്റക്കൊറ്റക്ക് ശബ്ദിക്കുകയും ഒരുമിക്കേണ്ട സമയം വരുമ്പോള്‍ പരസ്പരം പഴിചാരി നിസംഗത പുലര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്രത്തില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഹിറ്റ്‌ലറുടെ മൂന്നാം ജര്‍മന്‍ സാമ്രാജ്യം 12 വര്‍ഷവും നാല് മാസവും എട്ട് ദിവസവുമാണ് നിലനിന്നത്. വിയന്നയിലെ തെരുവിലൂടെ കീറക്കുപ്പായമിട്ട് ചിത്രകാരനാകാന്‍ മോഹിച്ച് നടന്നിരുന്ന അഡോള്‍ഫ് എന്ന പയ്യനാണ് പില്‍ക്കാലത്ത് ലോക ചരിത്രത്തിലെ ശക്തനായ ഏകാധിപതിയും ഫാസിസ്റ്റുമായി വളര്‍ന്ന ഹിറ്റ്‌ലറായി മാറിയത്. ഗുജറാത്തിലെ തെരുവില്‍ ചായവിറ്റു നടന്ന കഥ ഇടക്കിടെ മോദിയില്‍ നിന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളില്‍ നിന്നും പുറത്തുവരുന്നുവെങ്കില്‍ അതും ഒരു സൂചനയായിത്തന്നെ കാണണം.

മോദിയും ഷായും ആര്‍ എസ് എസും ആഗ്രഹിച്ചിടത്തേക്ക് അവര്‍ എത്തുന്നുവെങ്കില്‍ അതിന്റെ പേരില്‍ അവരില്‍ ഒരു കുറ്റവും കണ്ടെത്തേണ്ടതില്ല. അവര്‍ കണ്ടെത്തിയ മാര്‍ഗത്തെയും ലക്ഷ്യത്തെയും കണ്ടറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയാത്ത ജനതയും പ്രതിപക്ഷ പാര്‍ട്ടികളും തന്നെയാണ് ഈ ഇന്ത്യനവസ്ഥക്ക് വളമേകിയത് എന്നു മാത്രമേ കരുതാനാകൂ. ഇനി ജയിച്ചവരുടെ ഭരണവും തോറ്റവരുടെ തിരുത്തും പരിശോധനയും പ്രതിരോധവും ഏതു രീതിയില്‍ എന്ന് അനുഭവിച്ചറിയല്‍ മാത്രമേ ജനത്തിനു മുമ്പില്‍ അവശേഷിക്കുന്നുള്ളൂ.