യു ഡി എഫിലെ യുവ നേതാക്കളോട് പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ് പി വി അന്‍വര്‍

Posted on: June 17, 2019 10:30 am | Last updated: June 17, 2019 at 12:24 pm

തിരുവനന്തപുരം: എക്‌സ് എം പി വിവാദം സമൂഹിക മാധ്യമങ്ങളില്‍ തുടരുന്നതിനിടെ യു ഡി എഫിലെ യുവ നേതാക്കളോട് പാലിരവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച് നിലമ്പൂരിലെ ഇടത് എം എല്‍ എ പി വി അന്‍വര്‍ രംഗത്ത്.
ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോര്‍ഡിനേക്കാള്‍ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേല്‍പ്പാലം. പൊതുജനങ്ങള്‍ക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്‌നത്തെ സംബന്ധിച്ച് വി ടി ബല്‍റാം ഷാഫി പറമ്പില്‍ പി കെ ഫിറോസ് എന്നിവര്‍ എന്തുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ചോദിവുമായാണ് അന്‍വര്‍ രംഗത്തെത്തിയത്.

വിഷയത്തിലെ അഴിമതിയെക്കുറിച്ച് പ്രതികരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വിലക്കുണ്ടോ? യെന്നുമുള്ള ചോദ്യങ്ങളാണ് അന്‍വര്‍ മുന്നോട്ടിട്ടിരിക്കുന്നത്. വിഷയത്തില്‍ മൂന്ന് പേരുടെയും അഭിപ്രായം അറിയാനാഗ്രഹമുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലുടെ ആവശ്യപ്പെടുന്നു.

അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ. വി ടി ബല്‍റാം എം എല്‍ എ
ശ്രീ. ഷാഫി പറമ്പില്‍ എം എല്‍ എ,
ശ്രീ. പി കെ ഫിറോസ്,

ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോര്‍ഡിനേക്കാള്‍ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേല്‍പ്പാലത്തെ സംബന്ധിച്ചുള്ളത്. പൊതുജനങ്ങള്‍ക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്‌നത്തെ സംബന്ധിച്ച് ഇന്ന് വരെ നിങ്ങള്‍ മൂന്ന് പേരും പ്രതികരിച്ച് കണ്ടിട്ടില്ല.സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാര്‍ എന്ന നിലയില്‍, പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകള്‍ അറിയാന്‍ ഞാന്‍ ഉള്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന ഈ നിര്‍മാണത്തിലെ അഴിമതിയെ കുറിച്ച് നിങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും പറയാനുള്ളതെന്താണ്? ഇന്ന് നിങ്ങള്‍ വലിയ ആഗോള വിഷയമാക്കി ഉയര്‍ത്തുന്ന ഒരു ബോര്‍ഡ് വിവാദം ഈ പാലാരിവട്ടം അഴിമതിയുടെ ഏഴയലത്ത് എത്തുന്നതാണോ? നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ജ്ജീവമാക്കാനല്ലേ ശ്രമം?
ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിനായി നിങ്ങള്‍ക്ക് വിലക്കുകള്‍ നിലവിലുണ്ടോ ?
മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിര്‍ത്തുന്നു.