കോപ്പയില്‍ അര്‍ജന്റീനക്ക് തോല്‍വിത്തുടക്കം; കൊളംബിയക്ക് 2 ഗോള്‍ ജയം

Posted on: June 16, 2019 5:10 am | Last updated: June 16, 2019 at 1:50 pm


ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്ക് തോല്‍വിത്തുടക്കം. ഗ്രൂപ്പ് ബി-യിലെ മത്സരത്തില്‍ കൊളംബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ തോല്‍വി.

കൊളംബിയക്ക് വേണ്ടി 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്. ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് മെസിയുടെ നായകത്വത്തില്‍ അര്‍ജന്റീന ടീം കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി.

തുടക്കം നന്നായിക്കളിച്ച അര്‍ജന്റീന ആദ്യമിനിറ്റുകളില്‍ ആരാധകരെ നിരുത്സാഹപ്പെടുത്തിയില്ല. ആറാം മിനുട്ടിലെ മുന്നേറ്റം അവര്‍ക്ക് ഗോളാക്കാനായില്ല. കൊളംബിയന്‍ ഗോളിയുടെ പ്രതിരോധത്തിനു മുന്നില്‍ നിരാശരാകേണ്ടി വന്നു. എന്നാല്‍ കൊളംബിയയും കളംപിടിച്ചതോടെ കളിയുടെ ഗതിമാറി. 14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയല്‍ പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നു. 15, 17 മിനുട്ടുകളില്‍ കൊളംബിയ അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് നടത്തിയ മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടില്ല. 29 ആം മിനിട്ടില്‍ അര്‍ജന്റീന മികച്ച അവസരം പാഴാക്കി. 39-ാം മിനിറ്റില്‍ അര്‍ജന്റീനക്കെതിരെ കൊളംബിയയുടെ ആദ്യഗോള്‍ ശ്രമവും വിഫലമായി.

രണ്ടാംപകുതിയില്‍ എയ്ഞ്ചല്‍ ഡി മരിയക്ക് പകരം റോഡ്രിഗോ ഡീ പോളിനെയാണ് അര്‍ജന്റീന ഇറക്കിയത്. 46-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് തൊട്ടുരുമ്മിപ്പോയെങ്കിലും ഗോള്‍ശ്രമം വിഫലമായി. 62-ാം മിനിറ്റില്‍ ലയണല്‍ മെസ്സി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി. രണ്ടാം പകുതിയില്‍ മെസിയും സംഘവും നടത്തിയ മുന്നേറ്റങ്ങള്‍ ഗോളാക്കാന്‍ കഴിഞ്ഞില്ല.65 ആം മിനുട്ടില്‍ ഓട്ടമെന്‍ഡിയുടെ ഹോഡര്‍ കൊളംബിയന്‍ ഗോളിയുടെ കൈകളില്‍ തട്ടി പുറത്തേക്ക്.

71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസാണ് കൊളംബിയക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്. ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് മാര്‍ട്ടിനസ് തൊടുത്ത ഷോട്ട് അര്‍ജന്റീനന്‍ പ്രതിരേധത്തെ കാഴ്ചക്കാരാക്കി വലയില്‍.

86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ട വകയായിരുന്നു അര്‍ജന്റീനക്കെതിരെ രണ്ടാം പ്രഹരം. ലെര്‍മയുടെ ക്രോസ് സപാട ക്രിത്യമായി വലയിലെത്തിച്ചു.