Connect with us

Sports

ഫിഞ്ചിന് സെഞ്ചുറി, സ്റ്റാര്‍ക്കിന് നാല് വിക്കറ്റ്; ആസ്‌ത്രേലിയക്ക് നാലാം ജയം

Published

|

Last Updated

സഹതാരങ്ങളോടൊത്ത് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആസ്‌ത്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്‌

ഓവലില്‍: ശ്രീലങ്കയെ 87 റണ്‍സിന് തോല്‍പിച്ച് ലോകകപ്പില്‍ നാലാം വിജയവുമായി ആസ്‌ത്രേലിയ. ആസ്‌ത്രേലിയ മുന്നോട്ടുവെച്ച 335 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിനു മുന്നില്‍ 45.5 ഓവറില്‍ 247 റണ്‍സെടുത്ത് ലങ്കന്‍ ടീം മുട്ടുമടക്കുകയായിരുന്നു. 153 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫ്രിഞ്ചാണ് കളിയിലെ കേമന്‍. സ്റ്റാര്‍ക്ക് നാലു വിക്കറ്റും നേടി.

ടോസ് നേടിയ ശ്രീലങ്ക ആസ്‌ത്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. കരുതലോടെ കളി തുടങ്ങിയ ആസ്‌ത്രേലിയക്ക് 80 റണ്‍സെടുക്കുമ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഡേവിഡ് വാര്‍ണര്‍ 48 പന്തില്‍ 26 റണ്‍സെടുത്തു. പിന്നീടെത്തിയ ഉസ്മാന്‍ ഖ്വാജക്ക് 20 പന്ത് നേരിട്ട് 10 റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു. പിന്നീട് നായകന്‍ ഫ്രിഞ്ചും സ്റ്റീവ് സ്മിത്തും നടത്തിയ മുന്നേറ്റം മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സ്‌കോര്‍ 200 ല്‍ എത്തിച്ചു. 132 പന്തില്‍ 153 റണ്‍സെടുത്ത് ആരോണ്‍ ഫിഞ്ച് മടങ്ങുമ്പോള്‍ സ്‌കോര്‍ 3 വിക്കറ്റിന് 273. 5 സിക്‌സറുകളും 15 ഫോറും അടങ്ങുന്ന ഫിഞ്ചിന്റെ കുതിപ്പിന് ഇസ്‌റു ഉദാനയാണ് പൂട്ടിട്ടത്. സ്‌കോര്‍ 278 ല് എത്തിയപ്പോള്‍ 59 പന്തില്‍ 73 റണ്‍സെടുത്ത് ലസിത് മലിംഗയുടെ പന്തില്‍ സ്റ്റീവ് സ്മിത്തും പുറത്തായി.

പിന്നീടെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലിന് മാത്രമാണ് രണ്ടക്കം നേടാനായത്.ഷോണ്‍ മാര്‍ഷിനെ സിരിവര്‍ദ്ദനയുടെ കൈകളിലെത്തിച്ച് പുറത്താക്കിയ ഇസിരു ഉദാന അലക്‌സ് കാരെയെയും കമ്മിന്‍സിനെയും റണ്‍ ഔട്ടാക്കുകയും ചെയ്ത് വാലറ്റത്തെ പിടിച്ചു കെട്ടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് നായകന്‍ ദിമുത് കരുണരത്‌നയും കുസാല്‍ പെരേരയും മികച്ച തുടക്കമാണ് നല്‍കിയത്. 108 പന്തില്‍ 97 റണ്‍സെടുത്ത് കരുണ രത്‌നയും 36 പന്തില്‍ 52 റണ്‍സെടുത്ത് പെരേരയും അര്‍ദ്ധ സെഞ്ചുറികള്‍ നേടി. 115 റണ്‍സിനാണ് ലങ്കയുടെ ആദ്യ വിക്കറ്റ് വീണതെങ്കിലും പിന്നീടെത്തിയവരില്‍ 8 പേര്‍ക്കും 20 റണ്‍സ് പോലും എടുക്കാനായില്ല. കുസാല്‍ മെന്‍ഡിസ് 37 പന്തില്‍ 30 റണ്‍സെടുത്തു. പത്തോവറില്‍ 55 റണ്‍സ് വഴങ്ങി 4വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ലങ്കന്‍ ബാറ്റിംഗിന്റെ മുനയൊടിച്ചത്.

Latest