സമാധിക്ക് അനുമതി വേണമെന്ന് സന്യാസിയുടെ കത്ത്; പറ്റില്ലെന്ന് ഭരണകൂടം

Posted on: June 15, 2019 12:41 pm | Last updated: June 15, 2019 at 11:40 pm

ഭോപ്പാല്‍: മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തൊറ്റത് താങ്ങാനാവത്ത ഒരു സന്യാസിയുണ്ട് മധ്യപ്രദേശില്‍. നിരഞ്ജാനിയ അഖാരയിലെ മുന്‍ മഹാമണ്ഡലേശ്വര്‍ ആയ സന്യാസി ഭൈരാഗ്യാനന്ദ് ഗിരി. താന്‍ പ്രചാരണത്തിന് നേരിട്ട് ഇറങ്ങിയിട്ടും ദിഗ് വിജയ് സിംഗ് തോറ്റതില്‍ മനംനൊന്ത ഗിരി സമാധിക്ക് അനുമതി തേടി ഭരണകൂടത്തിന് കത്തയച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യം തള്ളിയ അധികൃതര്‍ അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ പ്രേദശിക ഭരണകൂടങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ്.

ഭോപ്പാല്‍ ജില്ലാ മജിസ്ട്രേറ്റ് തരുണ്‍ ടിക്കോഡക്ക് അഭിഭാഷകന്‍ മുഖേനയാണ് സന്യാസി ഭൈരാഗ്യാനന്ദ് ഗിരി സ്വയം ജീവനൊടുക്കാന്‍ അപേക്ഷ നല്‍കിയത്. ജൂണ്‍ 16ന് 2.11ന് താന്‍ സമാധിയടയുമെന്ന് അപേക്ഷയില്‍ സന്യാസി പറയുന്നു. തനിക്ക് സമാധിയടയാന്‍ പറ്റിയ സ്ഥലവും ജില്ലാ ഭരണകൂടം കണ്ടെത്തിത്തരണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ ആവശ്യം തള്ളിയ മജിസ്‌ട്രേറ്റ് സംരക്ഷണം നല്‍കണമെന്ന് ഡി ഐ ജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ദിഗ്വിജയ് സിംഗിനായി പ്രചാരണത്തിന് ഇറങ്ങിയ അദ്ദേഹം തോല്‍വിയുണ്ടായാല്‍ ജീവനൊടുക്കുമെന്ന് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.