നാട്ടിന്‍പുറം ബേക്കറികളാല്‍ സുലഭം

Posted on: June 15, 2019 10:41 am | Last updated: June 15, 2019 at 10:41 am

പച്ചക്കറി. പണ്ടേ കേള്‍ക്കുന്നതാണ്. ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. തെക്ക് നിന്ന് വന്ന ടീച്ചറാണ്. ചേമ്പും ചേനയും മരച്ചീനിയും മാത്രം കണ്ടു പരിചയിച്ച ഞങ്ങള്‍ക്ക് പച്ചക്കറി പുതുമയായിരുന്നു. വെണ്ട, വഴുതിന, തക്കാളി… തിന്നണം മക്കളേ…ഇതൊക്കെ നാട്ടിന്‍പുറത്ത് വന്നത് പിന്നെയും കുറെ കഴിഞ്ഞാണ്.

പിന്നീട് സര്‍ക്കാറും പച്ചക്കറിക്കായി നാട്ടിലിറങ്ങി. വിത്തും വളവും നല്‍കി. ജൈവ വളമായിരുന്നു. നാടിനും നാട്ടാര്‍ക്കും ഗുണം. വീടിനും തോടിനും സുഖം. പക്ഷേ, ലാഭം കുറവ്. അപ്പോള്‍ രാസവളം വന്നു. കീടനാശിനി വന്നു. നാട്ടുകാര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. വിളവെടുപ്പ് ഉത്സവം തുടങ്ങി. എന്തായിരുന്നു സന്തോഷം. രോഗവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടു.

രണ്ടാമത്തെ കറി. ഇലക്കറി. നന്നായി കഴിക്കണം. വിറ്റാമിന്‍ ഉള്ളതാണ്. മുരിങ്ങ, ചീര, ചേമ്പിന്‍തണ്ട്… ആരോഗ്യ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയുള്ള ബോധവത്കരണം. നാട്ടുകാര്‍ വീട്ടുവളപ്പില്‍ ഇലക്കറികള്‍ നട്ടു. നന്നായി വളര്‍ന്നു. പിന്നീട് ഇലകളില്‍ വിഷമായി.
കറി വേപ്പിലയുടെ കാര്യം അറിയാമല്ലോ. ഇവനാണ് മൂന്നാമത്തെ കറി. ഇലക്കു പിമ്പന്‍ കറിക്ക് മുമ്പന്‍ എന്നാണല്ലോ. കറികളില്‍ ഈ കറി മുന്നേറി. ഇപ്പോള്‍ കറിവേപ്പില എന്നു കേള്‍ക്കുമ്പോള്‍ രണ്ടാമതൊന്നാലോചിച്ചേ വാങ്ങൂ. വെറുതെ വിഷം വാങ്ങി തിന്നിട്ടെന്താ?
രണ്ട് ബേക്കറി തുറക്കുമ്പോള്‍ ഒരു മെഡിക്കല്‍ ഷാപ്പ് കൂടി തുറക്കുമെന്നാണ് പുതുമക്കാര്‍ പറയുന്നത്. രണ്ട് വാങ്ങിയാല്‍ ഒന്ന് ഫ്രീ എന്നതു പോലെയുള്ള ഓഫറൊന്നുമല്ല. പണ്ട് നഗരങ്ങളിലായിരുന്നു ഈ കറി വാണിരുന്നത്. ഇപ്പോള്‍ നാട്ടിന്‍പുറം ബേക്കറികളാല്‍ സുലഭം. എല്ലാം മൈദ മയം. പോസ്റ്ററൊട്ടിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന സാധനം. നല്ല പശ. ഈ മൈദയാണ് നല്ല കളറില്‍ കുട്ടപ്പനായി ബേക്കറിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. വട്ടത്തിലും ചതുരത്തിലും ത്രികോണത്തിലും കാണും ആള്‍ക്കാരെ വട്ടം കറക്കാന്‍. നല്ല മണം. രുചിയോ കേമം. നാട്ടുകാര്‍ ബേക്കറിയില്‍…
ഇപ്പോള്‍ ഇത്തരം കറികളെ കുറിച്ച് കേള്‍ക്കുമ്പോള്‍ വറിയാണ്. വല്ലാത്ത ആശങ്ക.

കഴിഞ്ഞയാഴ്ച കറിയാച്ചന്റെ വീട്ടിലായിരുന്നു. കുടുംബ സംഗമമാണ്. എല്ലാ കറികളും ഉണ്ടായിരുന്നു. പച്ചക്കറി, ഇലക്കറി, ബേക്കറി, കറിവേപ്പിലയും…
ഭക്ഷണം കഴിച്ച് ഏമ്പക്കം വിടുമ്പോള്‍ കറിയാച്ചന്റെ ചേച്ചി പറഞ്ഞു. മുട്ടു വേദനയാണ്. എല്ലാ മരുന്നുകളും ഉപയോഗിച്ചു നോക്കി. കുറവൊന്നുമില്ല.
ഞാനാണെങ്കില്‍ ബ്ലോക്കിന്റെ പിടിയിലാണ്. ഓപറേഷന്‍ വേണമെന്നാ പറയുന്നത്. മക്കളടുത്തില്ലെങ്കിലും ഇപ്പോള്‍ മരുന്നുകളാണ് കൂട്ടുകാരന്‍.
മകന്റെ കുട്ടിയാണ്. കണ്ണിന് കാഴ്ചക്കുറവ്. കഴിഞ്ഞ മാസം മധുരയില്‍ പോയിരുന്നു. അടുത്ത മാസവും പോകണം.
നടു വേദന കലശലാണ്. കുഴമ്പും കഷായവുമാണ് ഇപ്പോഴത്തെ ചികിത്സ. മരുന്ന് നിര്‍ത്തിയാല്‍ വേദന വീണ്ടും വരും.

കുറച്ച് നടക്കുമ്പോള്‍ കിതപ്പ് വരും. പിന്നെ അവിടെയിരിക്കണം.
മറ്റു വിശേഷങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും രോഗങ്ങള്‍ മാത്രം.
കുടുംബക്കാര്‍ ഒരുമിച്ചു നില്‍ക്കണമെന്നും പരസ്പരം സഹായിക്കണമെന്നും തീരുമാനിച്ചിരുന്നു. ചെറിയ തോതില്‍ കുടുംബ ബിസിനസ് തുടങ്ങാനും ആലോചനയുണ്ടായി.
ഇറങ്ങുമ്പോള്‍ കറിയാച്ചന്‍ പറഞ്ഞു: റബ്ബറിന്റെയും തേങ്ങയുടെയും ബിസിനസ്സൊന്നും തുടങ്ങിയിട്ട് വലിയ കാര്യമില്ല. എനിക്ക് തോന്നുന്നത് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയാലോ എന്നാണ്. രോഗികള്‍ക്ക് ഒരു കുറവുമില്ല. നമ്മുടെ കുടുംബത്തിലും രോഗികള്‍ കൂടുകയല്ലേ…
പിന്നാലെ വന്നു, കറിയാച്ചന്റെ അറക്കുന്ന ചിരി!

നാണു ആയഞ്ചേരി