Connect with us

National

ബംഗാള്‍ സമരത്തിന് ഐക്യദാര്‍ഢ്യം; ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി

Published

|

Last Updated

കൊല്‍ക്കത്ത: സംരക്ഷണം ആവശ്യപ്പെട്ട കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി. 250ല്‍ അധികം ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തക്കു പുറമെ, ബര്‍ദ്വന്‍, ഡാര്‍ജിലിംഗ്, നോര്‍ത്ത് 24 പര്‍ഗാന ജില്ലകള്‍ എന്നിവിടങ്ങളിലെ വകുപ്പു മേധാവികള്‍ ഉള്‍പ്പടെയാണ് രാജി നല്‍കിയത്.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ജൂണ്‍ 17ന് ഡോക്ടര്‍മാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) നേരത്തെ അറിയിച്ചിരുന്നു.
കൊല്‍ക്കത്തയിലെ എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചതിനു പിന്നാലെയാണ് സുരക്ഷ ആവശ്യപ്പെട്ട്
ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്.

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്നും സുരക്ഷ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും ഐ എം എ വ്യക്തമാക്കി. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് സംസ്ഥാന വ്യാപക സമരം നടത്തി. എയിംസ്, സഫ്ദര്‍ജംഗ് ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തിലാണ്. മഹാരാഷ്ട്രയിലെ 4500 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത് നിര്‍ത്തിവച്ചതായും ഹൈദരാബാദിലും ഡോക്ടര്‍മാരും സമരത്തിലാണെന്നും ഐ എം എ അറിയിച്ചു.

കൊല്‍ക്കത്തയിലെ എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചിരുന്നു. പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു.

സമരത്തിലുള്ള ഡോക്ടര്‍മാര്‍ നാലു മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു. ഇതാണ് രാജ്യത്തെ ഡോക്ടര്‍മാരെ കൂടുതലായി പ്രകോപിപ്പിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest