Kerala
മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണം; ജി പി എസ് ഘടിപ്പിക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉറപ്പ് നല്‍കി. വാഹന ഉടമകള്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഗതാഗതമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാവകാശം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി വാഹന ഉടമകളോട് ആവശ്യപ്പെട്ടു.
ജി പി എസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുന്നത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ജി പി എസ് വാങ്ങുന്നതിനുള്ള സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജി പി എസ് മെഷീന്‍ ഗഡുക്കളായി പണമടച്ച് കൊല്ലം യുനെറ്റഡ് ഇലക്ട്രിക്കല്‍സില്‍ നിന്ന് വാങ്ങാന്‍ അവസരം ഒരുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
വാഹന ഉടമകളുടെ ആവശ്യങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് ജി പി എസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം വന്നതിന് ശേഷം ഒരു വര്‍ഷത്തോളം സമയം അനുവദിച്ചിരുന്നു.

