മോദിയുടെ ക്ഷണം സ്വീകരിച്ചു; ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കും

Posted on: June 13, 2019 9:26 pm | Last updated: June 14, 2019 at 12:05 am

ബിഷ്‌കെക്: ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് യീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള മോദിയുടെ ക്ഷണം ജിന്‍പിംഗ് സ്വീകരിച്ചു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ്വ മുഹമ്മദിന്റെ തലവന്‍ മസ്ഊദ് അസ്ഹറിനെ ഗോള ഭീകരനായി യു എന്‍ പ്രഖ്യാപിച്ച് ഒരു മാസത്തിനു ശേഷമാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. മസ്ഊദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളുടെ നിര്‍ദേശത്തെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ആദ്യം എതിര്‍ത്തിരുന്ന ചൈന പിന്നീട് നിലപാട് മാറ്റിയതോടെയാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്.

ഏറെ ഫലപ്രദമായ ചര്‍ച്ചയാണ് ചൈനീസ് പ്രസിഡന്റുമായി നടന്നതെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. ഉഭയകക്ഷി ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനും സാമ്പത്തിക-സംസ്‌കാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ ചര്‍ച്ചാ വിഷയമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മോദിയും ജിന്‍പിംഗും തമ്മില്‍ ചൈനയിലെ വുഹാനില്‍ ആദ്യ അനൗദ്യോഗിക കൂടിക്കാഴ്ച നടന്നത്.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നാണ് മോദി കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയത്. ഉച്ചകോടിക്കു ശേഷം കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ജിന്‍ബെകോവുമായും പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തും.