Connect with us

Eranakulam

ഭീകരാക്രമണ പദ്ധതി: ഐ എസ് സംഘത്തിനെതിരെ കേസ്

Published

|

Last Updated

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ആറംഗ ഐ എസ് ഘടകത്തിനെതിരെ എൻ ഐ എ കേസ്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്‌റാൻ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടെന്നാണ് എൻ ഐ എ കണ്ടെത്തൽ. എൻ ഐ എ കോടതിയിൽ നേരത്തെ ഫയൽ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ ഏഴ് കേന്ദ്രങ്ങളിൽ എൻ ഐ എ ഇന്നലെ പരിശോധന നടത്തി. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമുള്ള എൻ ഐ എ ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.

കേസിൽ കോയമ്പത്തൂരിൽ നിന്നുള്ള മുഹമ്മദ് അസറുദ്ദീൻ, പോതന്നൂർ നഞ്ചുണ്ടാപുരം സ്വദേശി ടി അസറുദ്ദീൻ, സൗത്ത് ഉക്കാടം അൽ അമീൻ കോളനി സ്വദേശി ശേഖ് ഹിദായത്തുല്ല, കണിയാമുത്തൂർ സ്വദേശി എം അബൂബക്കർ, കരിമ്പുകടൈ ആസാദ് നഗർ സദ്ദാം ഹുസൈൻ, മനിയത്തോട്ടം ഇബ്രാഹിം ഷാഹിൻ എന്നിവരെയാണ് പ്രതി ചേർത്ത് ചോദ്യം ചെയ്തത്. സംശയമുള്ള ഏതാനും ആളുകളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു.

ഇവരിൽ പ്രധാനിയും ഇസിൽ ഘടകം രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഹമ്മദ് അസറുദീൻ, സഹ്‌റാൻ ഹാഷിമിന്റെ ഫേസ്ബുക് സുഹൃത്താണ്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

ശ്രീലങ്കയിൽ കൃസ്ത്യൻ പള്ളിയിൽ നടന്ന സ്‌ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട ഐ എസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻ ഐ എക്ക് വിവരം ലഭിച്ചത്. ഭീകാരാക്രമണത്തിന് ഈ സംഘം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം കിട്ടിയിരുന്നു.

ഈ ഗ്രൂപ്പ് അംഗങ്ങളുടെ സാമൂഹിക മാധ്യമ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് സഹ്‌റാൻ ഹാഷിമിന്റെ ഫേസ്ബുക്ക് സുഹൃത്താണ് മുഹമ്മദ് അസറുദ്ദീനെന്ന് കണ്ടെത്തിയത്. ശ്രീലങ്കൻ സ്‌ഫോടനവുമായിബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് കോയമ്പത്തൂരിൽ എൻ ഐ എ റെയ്ഡ് നടത്തുന്നത്. ഐ എസിന്റെ കോയമ്പത്തൂർ, കേരള മൊഡ്യൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ ഐ എ ശ്രീലങ്കൻ ഏജൻസികൾക്ക് കൈമാറും. ഈസ്റ്റർ ദിനത്തിൽ ഒരു സ്ത്രീ അടക്കം ഒമ്പത് ചാവേറുകളാണ് ശ്രീലങ്കയിലെ കൊളംബോ, ബാട്ടിക്കലോവ അടക്കമുള്ള പ്രദേശങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമായി സ്‌ഫോടന പരമ്പര നടത്തിയത്. 250ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

Latest